കേരളം

kerala

ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ തമ്മില്‍ വാക്കേറ്റം; ഒടുവില്‍ കത്തിക്കുത്ത്, പരിക്ക്

By

Published : Jun 22, 2023, 4:13 PM IST

ഇടുക്കിയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ തമ്മില്‍ വാക്കേറ്റം; കലാശിച്ചത് കത്തിക്കുത്തില്‍

ഇടുക്കി:മുരിക്കാശ്ശേരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ ഉണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ അവസാനിച്ചു. ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മാംസ വിൽപന നടത്തുന്ന അഷറഫാണ് മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയെ കുത്തി പരിക്കേൽപിച്ചത്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇടുക്കി മുരിക്കാശ്ശേരി ബസ് സ്‌റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനായി സമീപത്ത് മാംസ കച്ചവടം നടത്തുന്ന അഷറഫ് എത്തിയിരുന്നു. ഫാമിലി റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാർഥിനികൾ ഉച്ചത്തിൽ സംസാരിച്ചു എന്ന കാരണത്താൽ അഷറഫ് വിദ്യാർഥിനികളോട് ദേഷ്യപ്പെട്ടിരുന്നു. 

അതിനിടെ ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലമുരളിയും സുഹൃത്തുക്കളും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇതേ തുടർന്ന് അഷറഫും ബാലമുരളിയും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. പിന്നീട് ഹോട്ടൽ ഉടമ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. 

എന്നാല്‍ ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയിൽ പോയി കത്തി എടുത്തു കൊണ്ട് വരികയും ബാലമുരളിയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ ബാലമുരളി രക്ഷപെടുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപെട്ടു.  

ബാലമുരളിയെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് മുരിക്കാശ്ശേരി പൊലീസ് തുടര്‍ നടപടികൾ സ്വകരിച്ചു വരികയാണ്. പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്. 

ABOUT THE AUTHOR

...view details