കേരളം

kerala

പുതുജന്മം, കയ്യടിക്കാം... എറണാകുളം ഗവ. മെഡിക്കൽ കോളജിലെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിന്

By ETV Bharat Kerala Team

Published : Jan 18, 2024, 1:13 PM IST

Newborn babies come back to thier life: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ അഞ്ചുമാസത്തോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നവജാത ശിശുക്കൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി.

നവജാത ശിശുക്കൾ  Newborn babies survived the disease  ernakulam medical college hospital  സുഖം പ്രാപിച്ച് നവജാത ശിശുക്കൾ
Ernakulam Medical College

എറണാകുളം: 2023 ആഗസ്റ്റ് 17ന് ലക്ഷദ്വീപ് കവരത്തി ഇന്ദിരഗാന്ധി ഹോസ്‌പിറ്റലിൽ നിന്ന് ആറരമാസം ഗർഭാവസ്ഥയിലുള്ള ഇരട്ട കുഞ്ഞുങ്ങളുള്ള അമ്മയെയും കുടുംബത്തെയും അടിയന്തര ചികിത്സയ്ക്കായി എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. കവരത്തിയില്‍ നിന്ന് ഇവാക്കുവേഷൻ വഴിയാണ് എറണാകുളത്ത് എത്തിച്ചത്. മെഡിക്കൽ കോളജില്‍ എത്തിച്ച അമ്മയെയും കുഞ്ഞിനേയും ജീവനോടെ വേർതിരിച്ചെടുക്കാനുള്ള പരിശ്രമം വിജയിച്ചു.

685ഗ്രാമും 800 ഗ്രാമും മാത്രം തൂക്കം ഉണ്ടായിരുന്ന രണ്ട് ആൺ കുഞ്ഞുങ്ങളെയും വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച്ചക്കാലം ഇതേ അവസ്ഥ തുടരുകയും ശേഷം ഒന്നര മാസക്കാലം ഓക്‌സിജൻ സഹായത്തോടെ തീവ്ര പരിചരണത്തിൽ തുടരുകയും ചെയ്‌തു. എന്നാൽ ഈ കാലയളവിൽ കുഞ്ഞുങ്ങളിൽ തലച്ചോറിൽ രക്തസ്രാവവും, ശ്വാസ തടസവും മൂലം കുഞ്ഞുങ്ങളുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്‌തിരുന്നു.

എന്നാൽ നവജാത ശിശു പരിപാലന ഐ.സി.യു ഇൻചാർജ് ഡോ. സിന്ധു തോമസ് സ്റ്റീഫന്‍റെ നേതൃത്വത്തിലുള്ള ഡോക്‌ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘം രാപകലില്ലാതെ കുഞ്ഞുങ്ങൾക്ക് പരിചരണവും ശുശ്രുഷയും നൽകി. പതിയെ കുഞ്ഞുങ്ങളിൽ വളർച്ചയും തൂക്കത്തിൽ വർധനവും ഉണ്ടായി. വീണ്ടും കുഞ്ഞുങ്ങളിൽ ശ്വാസകോശ അണുബാധ ഉണ്ടാകുകയും ഓക്‌സിജൻ പുനരാരംഭിക്കുകയും ചെയ്‌തു.

തുടർച്ചയായുണ്ടായ എല്ലാ ആരോഗ്യ പ്രശ്‌നങ്ങളെയും മറികടന്ന ഈ ഇരട്ട കുഞ്ഞുങ്ങളെ അഞ്ചു മാസക്കാലം കൊണ്ട് മെഡിക്കൽ കോളജ് നവജാതശിശു തീവ്ര പരിചരണ വിഭാഗം പ്രതീക്ഷയുടെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുകയായിരുന്നു. മൂന്നു കിലോഗ്രാം തൂക്കവും രണ്ടു കിലോഗ്രാം തൂക്കവുമായി കുഞ്ഞുങ്ങളെ ഡിസ്‌ചാർജ് ചെയ്‌തു.

ലക്ഷങ്ങൾ ചെലവേറിയതും, പ്രതിസന്ധികൾ നിറഞ്ഞതുമായ അഞ്ചുമാസക്കാല ചികിത്സ മെഡിക്കൽ കോളജിൽ സൗജന്യമായി നൽകി. എറണാകുളം മെഡിക്കൽ കോളജിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ വിഭാഗമാണ് സ്ത്രീ രോഗ വിഭാഗവും ശിശു രോഗ വിഭാഗവും. മികച്ച ഡോക്‌ടർമാരുടെയും സാങ്കേതിക വിദ്യകളുടെയും സൗകര്യങ്ങൾ ഈ വിഭാഗത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Also Read: അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി നഴ്‌സ്‌ ; ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

ABOUT THE AUTHOR

...view details