ഹൈദരാബാദ്: ആരോഗ്യ ഇൻഷുറൻസ് പോളിസി അനാവശ്യമായ ഒന്നായി കാണുന്നരാണ് ഏറെയും. എന്നാൽ ഒരു തവണ അസുഖം വന്ന് ചികിത്സ തേടുമ്പോൾ ആശുപത്രി ബില്ല് കണ്ട് ബോധംകെടുമ്പോൾ ആരോഗ്യ ഇൻഷുറൻസിന്‍റെ പ്രാധാന്യം മനസിലാക്കുന്നവരുമുണ്ട്. വർധിച്ചു വരുന്ന ചികിത്സ ചിലവുകൾ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ ആവശ്യകത വർധിപ്പിച്ചിരിക്കുകയാണ്.
അതുകൊണ്ടു തന്നെ വ്യക്തിപരമായോ കുടുംബത്തിനായോ ഇൻഷുറൻസ് പോളിസികൾ എടുത്തിരിക്കണം. അല്ലെങ്കിൽ സാമ്പത്തിക തകർച്ചയായിരിക്കും ഫലം. ജീവിതകാലം മുഴുവൻ അധ്വാനിച്ച് വിവിധ ആവശ്യങ്ങൾക്കായി കൂട്ടിവെയക്കുന്ന തുക ഒരു അസുഖം വരുന്നതോടെ കാലിയാകുന്നത് സാമ്പത്തിക തകർച്ചക്കൊപ്പം വലിയ മാനസിക സംഘർഷത്തിലേക്കാണ് എത്തിക്കുക.
മാറുന്ന ചികിത്സ രീതി അനുസരിച്ച് വ്യത്യസ്ഥ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്. നിങ്ങൾ ഒരു തവണ ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷയില്ലാതെ വീണ്ടും ചികിത്സ തേടേണ്ടി വന്നാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പോളിസി റീഫിൽ ചെയ്യുന്നതാണ് നല്ലത്.
ഈ സൗകര്യത്തെ റീസ്റ്റൊറേഷൻ അല്ലെങ്കിൽ റീഫിൽ ആനുകൂല്യം എന്നാണ് പറയുന്നത്. ഇൻഷുറൻസ് ചെയ്‌ത പരിധി തീർന്നെങ്കിലും പോളിസി സാധാരണ നിലയിലാകുമെന്നതാണ് ഈ സൗകര്യത്തിന്‍റെ പ്രധാന നേട്ടം. എത്ര തവണ റീഫിൽ ചെയ്യാമെന്നത് നിങ്ങൾ തെരഞ്ഞെടുക്കുന്ന പോളിസി അനുസരിച്ച് വ്യത്യസ്ഥമായിരിക്കും.
ഇൻഷ്വർ ചെയ്‌ത പരിധി തീർന്നതിനു ശേഷം മാത്രമായിരിക്കും റീഫിൽ ചെയ്യാൻ സാധിക്കുക. വ്യക്തിഗത പോളിസി ഉടമകൾക്ക് പുറമേ കുടുംബ ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കുന്നവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. കുടുംബത്തിലെ ഒരു അംഗത്തിനു വേണ്ടി മാത്രം പോളിസി തുക പൂർണമായി ക്ലെയിം ചെയ്യേണ്ടി വന്നാൽ റീഫിൽ ചെയ്യുന്നതിലൂടെ മറ്റുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്താവുന്നതാണ്.