ഡിസംബര്‍ 12നാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനം ലോകത്ത് ആചരിച്ച് വരുന്നത്. യാതൊരുവിധ വിവേചനവും കൂടാതെ ലോകത്തിലെ എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആരോഗ്യ ചികിത്സ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ദശലക്ഷകണക്കിനാളുകള്‍ ഇപ്പോഴും ലോകത്ത് ഉണ്ട്.
ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും സാമ്പത്തികവും സാമൂഹികവുമായതടക്കമുള്ള കാരണങ്ങളാലാണ് ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഒരു പാട് ആളുകള്‍ക്ക് ലഭ്യമാകാത്ത സാഹചര്യം ഉള്ളത്. ഒരേനിലവാരമുള്ള ചികിത്സ സൗകര്യങ്ങള്‍ സമ്പത്തിന്റേയോ ജാതിയുടേയോ, സാമൂഹികപദവിയുടേയോ, ലിംഗത്തിന്റേയോ ഒന്നും വേര്‍തിരിവ് കൂടാതെ എല്ലാ പൗരന്മാര്ക്കും ലഭിക്കുന്ന സാഹചര്യത്തെയാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ആരോഗ്യ ചികിത്സ സംവിധാനങ്ങള്‍, പരിചരണം, ആരോഗ്യം പൂര്‍വ ദശയില്‍ കൊണ്ട് വരുന്നതിനുള്ള തെറാപ്പികള്‍, രോഗപ്രതിരോധം എന്നിവയെല്ലാം ആരോഗ്യ പരിരക്ഷ എന്ന വിവക്ഷയില്‍ ഉള്‍പ്പെടുന്നു.
സാര്‍വത്രിക പരിരക്ഷ സമൂഹ്യ അഭിവൃദ്ധിക്ക് ആവശ്യം:ഒരു രാജ്യത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷയുണ്ടാകുമ്പോള് വ്യക്തികള്‍ക്ക് മാത്രമല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നത് സാമൂഹികമായ നേട്ടങ്ങളും ഉണ്ടാകുന്നു. ജനസമൂഹത്തിന്റെ ആരോഗ്യം മെച്ചപ്പെടല്‍, ദാരിദ്ര്യം കുറയുന്നു, തൊഴില്‍ വര്‍ധനവ്, സാമ്പത്തിക സുരക്ഷ എന്നിവ സാമൂഹിക നേട്ടങ്ങളുടെ ഗണത്തില്‍പ്പെടുന്നു. "നമ്മള് ആഗ്രഹിക്കുന്ന ലോകം പടുത്തുയര്‍ത്തു: എല്ലാവര്ക്കും ആരോഗ്യമുള്ള ഭാവി" എന്നതാണ് ഈ വര്‍ഷത്തെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനാചരണത്തിന്റെ തീം.
ഇങ്ങനെയൊരു പ്രമേയം ഈ വര്‍ഷം തെരഞ്ഞെടുക്കാന്‍ കാരണം ജനങ്ങളെയും സംഘടനകളെയും ആരോഗ്യ സംവിധാനങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കാനും, സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി പരിശ്രമിക്കാനും, കൊറോണ വൈറസ് സൃഷ്ടിച്ച മഹാമാരി പ്രതിസന്ധി പരിഹരിക്കാനുമുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതിന് വേണ്ടിയും പ്രേരിപ്പിക്കാനായിട്ടാണ്.
ആഗോള പുരോഗതിക്കായി സാര്‍വത്രിക ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഗതിവേഗം നല്കാന് ലോകരാജ്യങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം 2012 ഡിസംബര്‍ 12ന് ഐക്യ രാഷ്ട്ര സഭ ഏകകണ്ഠമായി പാസാക്കി. അതിനു ശേഷം 2014മുതലാണ് യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് അലയന്‍സ് ഡിസംബര്‍ 12 സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിവസമായി ആചരിക്കാന്‍ തുടങ്ങിയത്.
സാര്‍വത്രിക ആരോഗ്യ പരിരക്ഷ എന്നത് യുഎന്നിന്റെ 2030 അജണ്ടയുടെ പ്രധാനഭാഗമായ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്നാണ്. 2017ല്‍ യുഎന്‍ ഔദ്യോഗികമായി ഡിസംബര്‍ 12 സാര്‍വത്രിക ആരോഗ്യ പരിരക്ഷ ദിനമായി അംഗീകരിച്ചു.