വയനാട്: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്‍റെ 300ഓളം പന്നികളെ തിങ്കളാഴ്‌ച വൈകിട്ടുവരെ ദയാവധത്തിന് വിധേയമാക്കി. 360 പന്നികളാണ് ഈ ഫാമിലുണ്ടായിരുന്നത്. ഇന്ന് (ജൂലൈ 25) രാത്രിയോടെ ഈ ഫാമിലെ ദയാവധ നടപടികള്‍ പൂര്‍ത്തിയാകുമെന്ന് ദൗത്യസംഘം അറിയിച്ചു.
ഇതിനുശേഷം ഫാമും പരിസരവും പൂര്‍ണമായി അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന് സബ് കലക്‌ടര്‍ ആര്‍. ശ്രീലക്ഷ്‌മി നിര്‍ദേശം നല്‍കി. ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ 24 മണിക്കൂര്‍ ക്വാറന്‍റൈനില്‍ പ്രവേശിക്കും.
ഞായറാഴ്‌ച ഉച്ചയോടു കൂടിയാണ് ദൗത്യസംഘം രോഗം ബാധിച്ച ഫാമിലെത്തിയത്. പ്രതികൂല കാലാവസ്ഥ കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും രാത്രി 10നാണ് ദയാവധ പ്രവര്‍ത്തനങ്ങള്‍ ആരംഭിത്. തിങ്കളാഴ്‌ച പുലര്‍ച്ചെ അഞ്ചിന് അവസാനിച്ച ആദ്യഘട്ടത്തില്‍ 190 പന്നികളെ ദയാവധത്തിന് വിധേയമാക്കി.
തുടര്‍ന്ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. മാനന്തവാടി ഗ്രാമപഞ്ചായത്തിലെ രോഗബാധ സ്ഥിരീകരിച്ച കണിയാരത്തെ ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലെ മൂന്ന് പന്നി ഫാമുകളിലെ ദയാവധ നടപടികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തുടങ്ങും. അവസാനഘട്ട ജിയോ മാപ്പിങില്‍ ഈ പരിധിയിലെ ഏകദേശം 80 പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ. ജയരാജ് അറിയിച്ചു.
കാട്ടിക്കുളം വെറ്ററിനറി സര്‍ജന്‍ ഡോ. വി. ജയേഷിന്‍റെയും മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക് സര്‍ജന്‍ ഡോ. കെ. ജവഹറിന്‍റെയും നേതൃത്വത്തില്‍ തന്നെയായിരിക്കും മാനന്തവാടി നഗരസഭയിലെയും ആര്‍.ആര്‍.ടി പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ 8 അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ആര്‍.ആര്‍.ടി വിപുലീകരിച്ചുകൊണ്ട് ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഉത്തരവിറക്കി.
നിരീക്ഷണ പ്രദേശങ്ങളിലുള്ള പന്നി ഫാമുകള്‍ അണുവിമുക്തമാക്കാനുള്ള ആന്‍റി സെപ്റ്റിക് ലായനികള്‍ മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക്കില്‍ എത്തിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട കര്‍ഷകര്‍ കൈപ്പറ്റണമെന്നും സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എസ്. ദയാല്‍ അറിയിച്ചു.
Also Read വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പടരില്ലെന്ന് അധികൃതർ