കേരളം

kerala

12.5 അടി, ഉയരം പരിക്കുകളേല്‍പ്പിച്ച രംഗനാഥന്‍, 105 വര്‍ഷം മുന്‍പ് തൃശൂരില്‍ ചെരിഞ്ഞ ഏഷ്യയിലെ വലിപ്പമേറിയ ആന, അസ്ഥികള്‍ ഇന്നും ഭദ്രം

By

Published : Aug 18, 2022, 12:12 PM IST

Updated : Aug 18, 2022, 2:57 PM IST

11.4 അടി ഉയരമുണ്ടായിരുന്നു രംഗനാഥന്‍റെ തലപ്പൊക്കം കൂടി കൂട്ടുമ്പോൾ 12.5അടിയോളം ആകും ഉയരം. തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശ്രീരംഗം ക്ഷേത്രത്തിലെ ദൈനംദിന ചടങ്ങുകൾക്ക് ഉപയോഗിച്ചിരുന്ന രംഗനാഥനെ ഉയരം കൂടിയതോടെ വില്‍ക്കുകയായിരുന്നു. 1905ലാണ് തൃശ്ശൂര്‍ അന്തിക്കാട് ചെങ്ങല്ലൂര്‍ മനയ്ക്കലെ പരമേശ്വരന്‍ നമ്പൂതിരി രംഗനാഥനെ വാങ്ങിയത്

Chengallur Ranganadhan elephant story  Chengallur Ranganadhan tallest elephant skeleton in museum  tallest elephant  tallest elephant thrissur  Chengallur Ranganadhan  elephant story  ചെങ്ങല്ലൂര്‍ രംഗനാഥന്‍റെ അസ്ഥികൂടം സംരക്ഷിച്ച് തൃശ്ശൂരിലെ മ്യൂസിയം  തൃശ്ശൂരിലെ മ്യൂസിയം  രംഗനാഥന്‍റെ തലപ്പൊക്കം  തൃശ്ശൂര്‍ അന്തിക്കാട് ചെങ്ങല്ലൂര്‍ മനയ്ക്കലെ പരമേശ്വരന്‍ നമ്പൂതിരി  ചെങ്ങല്ലൂര്‍ രംഗനാഥന്‍
ഉയരം 12.5 അടി, ചരിഞ്ഞിട്ട് 100 വര്‍ഷം, ചെങ്ങല്ലൂര്‍ രംഗനാഥന്‍റെ അസ്ഥികൂടം സംരക്ഷിച്ച് തൃശ്ശൂരിലെ മ്യൂസിയം

തൃശ്ശൂര്‍ :ചെങ്ങല്ലൂര്‍ രംഗനാഥന്‍ എന്നുപറഞ്ഞാല്‍ പഴയ തലമുറയിലെ ആനപ്രേമികളില്‍ ചിലരെങ്കിലും കേട്ടുകാണും. എന്നാല്‍ പുതിയ തലമുറയ്‌ക്ക് രംഗനാഥന്‍ തീര്‍ത്തും അപരിചിതനാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആനയായിരുന്നു ചെങ്ങല്ലൂര്‍ രംഗനാഥന്‍.

മഹാകവി വള്ളത്തോളിന്‍റെ കവിതയ്ക്ക് പോലും രംഗനാഥന്‍ വിഷയമായി. വള്ളത്തോളിന്‍റെ ചെങ്ങല്ലൂരാന എന്ന കവിത സമാഹാരം രംഗനാഥനെ അതിമനോഹരമായി വര്‍ണിച്ചിട്ടുണ്ട്. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനെങ്കിലും രംഗനാഥന്‍റെ പേരും പെരുമയും വേരൂന്നിയത് ഇങ്ങ് മലയാളക്കരയിലാണ്. അതുകൊണ്ടുതന്നെ 105 വര്‍ഷം മുന്‍പ് ചെരിഞ്ഞ ചെങ്ങല്ലൂര്‍ രംഗനാഥന്‍റെ അസ്ഥികൂടം കേടുപാടൊന്നും കൂടാതെ സംരക്ഷിച്ച് പോരുകയാണ് തൃശ്ശൂരിലെ മ്യൂസിയത്തില്‍.

ദുരിത ജീവിതം : തമിഴ്‌നാട്ടിലെ പ്രശസ്‌തമായ ശ്രീരംഗനാഥന്‍ ക്ഷേത്രത്തിലെ ദൈനംദിന ചടങ്ങുകൾക്ക് രംഗനാഥനെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഉയരം കൂടിയതോടെ രംഗനാഥന് ക്ഷേത്ര കവാടം കടക്കാന്‍ ബുദ്ധിമുട്ടുണ്ടായി.

തനിക്ക് കടന്നുപോകാന്‍ കഴിയാത്ത കവാടങ്ങളിലൂടെ ബലം പ്രയോഗിച്ച് കടക്കേണ്ടി വന്നതിനാല്‍ അവന്‍റെ ശരീരത്തില്‍ മുറിവുക‍ള്‍ ഉണ്ടായി. പരിക്കുകള്‍ ദിനം പ്രതി അവന്‍റെ ആരോഗ്യത്തെ ബാധിക്കാനും തുടങ്ങി. തമിഴ്‌നാട്ടില്‍ ഉത്സവങ്ങളില്‍ ആന എഴുന്നള്ളത്ത് പതിവില്ലാത്തതിനാല്‍ രംഗനാഥന്‍ വഴിയുള്ള വരുമാനം വളരെ കുറവായിരുന്നു.

ചെങ്ങല്ലൂര്‍ രംഗനാഥന്‍റെ അസ്ഥികൂടം മ്യൂസിയത്തില്‍

അതുകൊണ്ട് തന്നെ ക്ഷേത്രത്തിന് രംഗനാഥന്‍ ഒരു ബാധ്യത ആയി. സ്ഥിതി വഷളായതോടെ ക്ഷേത്ര കമ്മിറ്റി രംഗനാഥനെ വില്‍ക്കാനുള്ള തീരുമാനത്തിലെത്തി. ആനയെ വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഹിന്ദു പത്രത്തില്‍ വന്ന പരസ്യം ശ്രദ്ധയില്‍ പെട്ട ചെങ്ങല്ലൂർ മനയ്‌ക്കല്‍ പരമേശ്വരൻ നമ്പൂതിരി രംഗനാഥനെ വാങ്ങാന്‍ തീരുമാനിച്ചു. നമ്പൂതിരി ക്ഷേത്രം ഭാരവാഹികളെ സമീപിച്ച് 15,00 രൂപക്ക് രംഗനാഥനെ സ്വന്തമാക്കി.

രംഗനാഥനില്‍ നിന്ന് ചെങ്ങല്ലൂർ രംഗനാഥനിലേക്ക് : 1905ല്‍ രംഗനാഥന്‍ തൃശ്ശൂര്‍ അന്തിക്കാടുള്ള ചെങ്ങല്ലൂർ മനയിലെത്തി. ഇവിടെ സുഖ ചികിത്സയും പോഷകാഹാരവും ലഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ അവന്‍ ആരോഗ്യം വീണ്ടെടുത്തു. പിന്നീടങ്ങോട്ട് ചെങ്ങല്ലൂര്‍ രംഗനാഥന്‍റെ കാലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്ക കാലത്ത് തൃശ്ശൂർ പൂരമടക്കമുള്ള മിക്ക ഉത്സവങ്ങളുടെയും മുന്‍ നിരയില്‍ തന്നെ തലയെടുപ്പോടെ അവന്‍ നിന്നു. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടിയുടെ സ്ഥിരം തിടമ്പേറ്റുകാരനായി രംഗനാഥന്‍ മാറി.

ഉയരം കൂടിയതിനാൽ തിടമ്പ് ഏറ്റുമ്പോള്‍ മറ്റ് ആനകള്‍ക്കിടയില്‍ രംഗനാഥന്‍റെ സാന്നിധ്യം വേറിട്ടുതന്നെ നിന്നിരുന്നു. വളരെ സൗമ്യനായിരുന്നു രംഗനാഥന്‍. ആരെയും വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാത്ത പ്രകൃതം. ഉയരക്കൂടുതലിനൊപ്പം അവന്‍റെ സൗമ്യ സ്വഭാവവും ആനപ്രേമികള്‍ക്കിടയില്‍ പ്രശസ്‌തി വര്‍ധിപ്പിച്ചു. പഴയ തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്തെ നിരവധി ചരിത്ര സംഭവങ്ങളില്‍ രംഗനാഥനെയും അടയാളപ്പെടുത്തുന്നുണ്ട്.

വേദനയുടെ അവസാന നാളുകള്‍ : 1914ലെ ആറാട്ടുപുഴ പൂരത്തിൽ ശാസ്‌താവിന്‍റെ തിടമ്പുമായി തലയുയർത്തി നില്‍ക്കുമ്പോഴാണ് രംഗനാഥനെ കൂട്ടാനയായ അകവൂർ ഗോവിന്ദൻ കുത്തി വീഴ്‌ത്തിയത്. ഏകദേശം മൂന്നുവര്‍ഷം നീണ്ട ചികിത്സയ്ക്ക് ശേഷം 1917ല്‍ രംഗനാഥന്‍ മരണത്തിന് കീഴടങ്ങി.

അസ്ഥി ഏറ്റെടുക്കാന്‍ ലണ്ടൻ മ്യൂസിയം : രംഗനാഥനെക്കുറിച്ച് അറിഞ്ഞ മദ്രാസ് മ്യൂസിയത്തിലെ ബ്രിട്ടീഷ് ക്യൂറേറ്റർമാർ അവന്‍റെ അസ്ഥികൂടം ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിക്കാൻ ആഗ്രഹിച്ചു. അതിനായി അവര്‍ മനയിലെത്തി നമ്പൂതിരിയെ കണ്ടു. തന്‍റെ പ്രിയപ്പെട്ട ആനയുടെ അസ്ഥികൂടം ലണ്ടനിലെ മ്യൂസിയത്തിന് നല്‍കാന്‍ നമ്പൂതിരിയും തയ്യാറായിരുന്നു. അസ്ഥികള്‍ കേടുകൂടാതെ ലഭിക്കാന്‍ ആവശ്യമായ മരുന്നുകള്‍ പുരട്ടിയാണ് രംഗനാഥനെ അടക്കം ചെയ്‌തത്.

എന്നാല്‍ പിന്നീട് മ്യൂസിയം അധികൃതര്‍ അസ്ഥി എടുക്കാനായി എത്തിയപ്പോള്‍ ചില അസ്ഥികള്‍ ദ്രവിച്ചതായി കണ്ടെത്തി. അതേസമയം രംഗനാഥന്‍റെ അസ്ഥി ആവശ്യപ്പെട്ട് തൃശ്ശൂര്‍ മ്യൂസിയം അധികൃതരും നമ്പൂതിരിയെ സമീപിച്ചു. സാങ്കേതികമായ ചില കാരണങ്ങളാല്‍ അസ്ഥികൂടം തൃശ്ശൂര്‍ മ്യൂസിയത്തിന് നല്‍കി.

1938 ൽ രംഗനാഥന്‍റെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന തൃശ്ശൂർ മ്യൂസിയം പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തതോടെ ആനപ്രേമികള്‍ക്ക് രംഗനാഥന്‍ വീണ്ടും ഒരു വിസ്‌മയമായി മാറി. ചെരിഞ്ഞ് 105 വര്‍ഷം പിന്നിട്ടിട്ടും രംഗനാഥന്‍റെ അസ്ഥികള്‍ കേടുപാടൊന്നും കൂടാതെയാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

Last Updated : Aug 18, 2022, 2:57 PM IST

ABOUT THE AUTHOR

...view details