കേരളം

kerala

കേരളത്തിന്‍റെ സമര യൗവനത്തിന് ഒരു നൂറ്റാണ്ട്.. ആ പേര് തന്നെ എല്ലാം, കണ്ണേ കരളേ വിഎസ്സേ...

By

Published : Oct 19, 2022, 10:59 PM IST

ആ വാക്കുകൾ ക്ഷമയോടെ കാത്തിരുന്ന പുരുഷാരം, സമൂഹത്തിലും സ്വന്തം പ്രസ്ഥാനത്തിലും സന്ധിയില്ലാത്ത സമരപോരാട്ടങ്ങൾ, നിലപാടുകൾ... ഓർമകളില്‍ അലയടിക്കുന്നത് പോലും ആ സമര യൗവനം.. 99 വയസ് പൂർത്തിയായ വിഎസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ ജീവിതം... VS Achuthanandan birth centenary

വിഎസ് അച്യുതാനന്ദന്‍റെ രാഷ്ട്രീയ ജീവിതം
VS Achuthanandan

" 1923 ഒക്‌ടോബർ 20-നാണ്‌ ഞാൻ ജനിച്ചത്‌. ഇന്നത്തെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വില്ലേജിൽ വരുന്ന വേലിയ്‌ക്കകത്ത്‌ വീട്ടിൽ. അച്‌ഛൻ ശങ്കരൻ. അമ്മ അക്കമ്മ. ഇവരുടെ രണ്ടാമത്തെ മകൻ. എനിക്ക്‌ നാലുവയസ്സുളളപ്പോൾ അമ്മ മരിച്ചു. അച്‌ഛൻ മരിച്ചതോടെ ഏഴാംക്ലാസിൽ പഠനം നിലച്ചു. എസ്‌.എസ്‌.എൽ.സിയെങ്കിലും നേടണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തിരുവിതാംകൂറിൽ അന്ന്‌ രാഷ്‌ട്രീയം കലങ്ങിമറിയുകയായിരുന്നു". 'സമരം തന്നെ ജീവിതമെന്ന' ആത്മകഥയില്‍ വിഎസ് സ്വയം വിശേഷിപ്പിച്ച് തുടങ്ങുന്നത് ഇങ്ങനെയാണ്.... VS Achuthanandan birth centenary

ഇന്ന് (ഒക്‌ടോബർ 20ന്) 99 വയസ് പിന്നിടുകയാണ് കേരളത്തിന്‍റെ രാഷ്ട്രീയ യൗവനത്തിന്...

ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തുന്നല്‍പണിക്കാരനായും കയർ തൊഴിലാളിയായും ജീവിതം തുടങ്ങിയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്‍ എന്ന പേരിനും ആ പ്രായത്തിനുമൊപ്പം, കേരള രാഷ്ട്രീയം കണ്ടും കേട്ടുമറിഞ്ഞ് ആവേശത്തോടെ നടക്കാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട്. ആ വാക്കുകൾ ക്ഷമയോടെ കാത്തിരുന്ന പുരുഷാരം, സമൂഹത്തിലും സ്വന്തം പ്രസ്ഥാനത്തിലും സന്ധിയില്ലാത്ത സമരപോരാട്ടങ്ങൾ, നിലപാടുകൾ... ഓർമകളില്‍ അലയടിക്കുന്നത് പോലും ആ സമര യൗവനം..

വിഎസ്

2011ലെ കേരള നിയമസഭ തെരഞ്ഞെടുപ്പ്... അധികാരത്തുടർച്ച ലക്ഷ്യമിട്ട് വിഎസ് മത്സരിക്കാനൊരുങ്ങുന്നു. എന്നാല്‍ സ്വന്തം പാർട്ടി അതിന് എതിരായിരുന്നു. പക്ഷേ ആ സമര പോരാട്ടങ്ങളുടെ വീര്യത്തിനൊപ്പം ജനം അണിനിരന്നപ്പോൾ പാർട്ടി വഴങ്ങി. വിഎസ് വീണ്ടും മത്സര രംഗത്ത്. എഐസിസി പ്രസിഡന്‍റ് സോണിയ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും കേരളത്തില്‍ പ്രചരണത്തിനെത്തിയ സമയം. കോഴിക്കോട്ടെ റാലിയില്‍ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ പ്രായത്തെ പരിഹസിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പ്രസംഗം. " ഇവിടെ മുഖ്യമന്ത്രിയാകാൻ വീണ്ടും മത്സരിക്കുന്നയാൾക്ക് അപ്പോഴേക്കും 95 വയസാകുമെന്നായിരുന്നു രാഹുലിന്‍റെ വാക്കുകൾ".

അടുത്ത ദിവസം ചാനലുകൾക്ക് മുന്നിലെത്തിയ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിഎസ് അച്യുതാനന്ദൻ ഒരു പേപ്പർ കഷണം കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ രാഹുലിന്‍റെ പരിഹാസത്തെ കുറിച്ച് ചോദിച്ചപ്പോൾ ആ പേപ്പർ കഷണം ഉയർത്തിപ്പിടിച്ചുകൊണ്ട് ചൊല്ലിയത് ഒരു കവിതയാണ്...

" തല നരക്കുവതല്ലെന്റെ വൃദ്ധത്വം

തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും

പിറവി തൊട്ടുനാളെത്രയെന്നെണ്ണുമ-

പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനം

കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പില്‍

തലകുനിക്കാത്ത ശീലമെൻ യൗവനം.

ധനികധിക്കൃതിതൻ കണ്ണുരുട്ടലില്‍

പനി പിടിക്കാത്ത ശീലമെൻ യൗവനം"

'പാടുന്ന പടവാളെന്ന്'സാക്ഷാല്‍ ഇഎംഎസ് വിശേഷിപ്പിച്ച ടി സുബ്രഹ്മണ്യ തിരുമുമ്പ് എന്ന കവി വർഷങ്ങൾക്ക് മുൻപ് എഴുതിയ " എന്‍റെ യുവത്വം " എന്ന കവിതയിലെ വരികളായിരുന്നു അത്. രാഹുലിനെ അമുല്‍ ബേബി എന്നുകൂടി വിളിച്ചാണ് വിഎസ് മാധ്യമപ്രവർത്തരുടെ ചോദ്യത്തിനുള്ള ഉത്തരം അവസാനിപ്പിച്ചത്. ആ കവിത തന്നെ രാഹുല്‍ ഗാന്ധിക്ക് ധാരാളമായിരുന്നു. മറ്റുള്ളതെല്ലാം അപ്പൊഴേക്കും രാഷ്ട്രീയ കേരളം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

സമരം തന്നെ ജീവിതമെന്ന ആത്മകഥ പോലെ വിഎസിന്‍റെ പോരാട്ട ജീവിതത്തിന് മുന്നില്‍ ആക്ഷേപ വാക്കുകളുമായി എത്തിയ 'ഒരു' രാഹുല്‍ ഗാന്ധി മാത്രമല്ല, പ്രായം പോലും പരാജയപ്പെട്ടതിന് കാലവും ചരിത്രവും സാക്ഷിയാണ്.

വിഎസ് അച്യുതാനന്ദൻ പൊതുവേദിയില്‍

വിഎസ് എങ്ങനെ വിഎസ്സായി: 1940ല്‍ തന്‍റെ 17-ാം വയസില്‍ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം.. കർഷകത്തൊഴിലാളി പ്രസ്ഥാനം, പുന്നപ്രവയലാർ സമരം, ഉത്തരവാദപ്രക്ഷോഭം, സിപിയുടെ അമേരിക്കൻ മോഡലിന് എതിരായ പ്രക്ഷോഭം, പാല പൊലീസ്‌ സ്‌റ്റേഷനിൽ അനുഭവിച്ച കഷ്‌ടപ്പാടുകൾ ഇതൊന്നും വെറും ഓർമകളല്ല. വിഎസ് എന്ന പോരാളിയെ രൂപപ്പെടുത്തിയ ചരിത്രമാണ്.

ദാരിദ്ര്യം മാത്രമുള്ള ബാല്യം, സമരവും പോരാട്ടവും ഇഴചേർന്ന യുവത്വം, യാതനാപൂർണമായ അനുഭവങ്ങളും ആദർശവും ആശയവും ഒരു കമ്മ്യൂണിസ്റ്റുകാരനെ രൂപപ്പെടുത്തിയപ്പോൾ വിഎസ് അച്യുതാനന്ദൻ പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനും സ്വാർഥ താല്‍പര്യക്കാരനുമെന്ന് മാധ്യമങ്ങൾ വിധിയെഴുതിയ ഒരു കാലമുണ്ടായിരുന്നു.

പാർട്ടിയിലെ എതിരാളികളെ വെട്ടിനിരത്തിയും നിലം നികത്തല്‍ സമരത്തിന്‍റെ ഭാഗമായി കൃഷിഭൂമിയിലെ വെട്ടിനിരത്തലും മുതലാളിത്ത വ്യവസ്ഥയോടുള്ള സന്ധിയില്ലായ്‌മയും അഴിമതിക്കാരോട് നിയമത്തിന്‍റെ ഏതറ്റം വരെ പോയി കേസ് നടത്തിയും ശിക്ഷ വാങ്ങി നല്‍കാനുള്ള ആർജവവും മേല്‍പറഞ്ഞ ആരോപണങ്ങളെ ശരിവെച്ചു.

പക്ഷേ 2001ല്‍ പ്രതിപക്ഷ നേതാവായെത്തിയ വിഎസിന്‍റെ നിലപാടുകൾ കേരള രാഷ്ട്രീയത്തിന്‍റെ മാത്രമല്ല അദ്ദേഹത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടും മാറ്റിയെഴുതി. പരിസ്ഥിതി, സ്ത്രീ സംരക്ഷണം എന്നി വിഷയങ്ങളില്‍ വിഎസ് വിപ്ലവമായി. സ്വന്തം പാർട്ടിയിലെ എതിർപ്പിനെ പോലും വിഎസ് മറികടക്കുമ്പോൾ കേരളത്തിന്‍റെ ജനനായകനായി അദ്ദേഹം പതിയെ മാറുകയായിരുന്നു. ഒപ്പം മാധ്യമങ്ങൾക്കും വേണ്ടപ്പെട്ടവനായി.

പൊതുയോഗങ്ങളിലും പാർട്ടി വേദികളിലും ആ വാക്കുകൾക്കായി കേരളം കാതോർത്തു. ചെറു കവിതകൾ, ഉപമകൾ, പഴമൊഴികൾ, തോൾ ചെരിച്ചൊരു ചിരിയും കേൾവിക്കാർക്കാരോടൊരു ചോദ്യവും, പറഞ്ഞത് ഒരിക്കല്‍ കൂടി ആവർത്തിക്കുമ്പോൾ വാർത്ത ലേഖകർക്കറിയാം അതായിരിക്കണം നാളത്തെ തലക്കെട്ട്. മതികെട്ടാനും മുല്ലപ്പെരിയാറും പൂയംകുട്ടിയും എൻഡോസൾഫാനും മറയൂരും പ്ലാച്ചിമടയും മൂന്നാർ കയ്യേറ്റവും.. ഗ്രാഫൈറ്റ് കേസും ഇടമലയാറും ഐസ്‌ക്രീം പാർലറും കിളിരൂരും.. വിഎസ് എന്ന രണ്ടക്ഷരത്തില്‍ കത്തിജ്വലിച്ചതാണ് ഇപ്പറഞ്ഞതെല്ലാം...

വിഎസ് ദേശാഭിമാനി വായനയില്‍

വിജയനോ വിഎസ്സോ: 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വി വിഎസിനെ മാറ്റിയെടുത്തത് മറ്റൊരു തലത്തിലേക്കാണ്. 1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനം വിഎസ് അതിന് ഉപയോഗപ്പെടുത്തി. തന്‍റെ തോല്‍വിക്ക് കാരണക്കാരായവരെയെല്ലാം കണ്ടെത്തി അവർക്ക് പുറത്തേക്കോ സന്യാസത്തിലേക്കോ വഴി തുറന്ന്, പാർട്ടിയില്‍ സ്വന്തം സ്ഥാനം ആവർത്തിച്ചുറപ്പിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിലേക്ക് കണ്ണൂരിലെ കരുത്തരായ പിണറായിയേയും ഇപി ജയരാജനേയും കോടിയേരിയേയും കൊണ്ടുവന്നു.

അപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ അതേ വർഷം മരിക്കുന്നതോടെ പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയുമായി. പക്ഷേ അവിടെയും അവസാനിച്ചില്ല കാര്യങ്ങൾ. പിണറായി പാർട്ടി സംസ്ഥാന സെക്രട്ടറി ആയതോടെ വിഎസിന് മറ്റൊരു ചേരിയിലേക്ക് മാറേണ്ടി വന്നു എന്നത് യാഥാർഥ്യം.

2002-ൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പിണറായി വിജയനും വി.എസും ആശയപരമായി ഇരു ചേരികളിലായി വിഘടിച്ച് മാറിയിരുന്നു. പിന്നീട് 2005-ൽ നടന്ന മലപ്പുറം സമ്മേളനത്തിൽ പിണറായി വിജയൻ പാർട്ടിയില്‍ ആധിപത്യം ഉറപ്പിച്ചു. 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സമ്മേളനങ്ങളിലും അതാവർത്തിച്ചു. 2015-ൽ ആലപ്പുഴയിൽ സംസ്ഥാന സമ്മേളനത്തോടെ പാർട്ടി എന്നത് പിണറായി മാത്രമായി.

ആവേശമായിരുന്നു കേരളത്തിന്

പിന്നീട് ഒരിക്കല്‍ കൂടി വിഎസ് ഇറങ്ങിപ്പോന്നു: വർഷം 1964.. സിപിഐ പിളർന്ന് സിപിഎം രൂപീകൃതമാകുന്നു. സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് 32 നേതാക്കൾ ഇറങ്ങിവന്നാണ് സിപിഎം എന്ന പാർട്ടിയുണ്ടാക്കുന്നത്. അതിലൊരാൾ വിഎസ് അച്യുതാനന്ദനായിരുന്നു. അന്ന് ഇറങ്ങിപ്പോന്നവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു നേതാവും സാക്ഷാല്‍ വിഎസ് തന്നെയാണ്. പിന്നീട് ഒരിക്കല്‍ കൂടി വിഎസ് പാർട്ടി സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോരുന്നതിനും രാഷ്ട്രീയ കേരളം സാക്ഷിയായി. അത് താൻ കൂടി രൂപം നല്‍കിയ സിപിഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ നിന്നായിരുന്നു ആ ഇറങ്ങിപ്പോക്ക്.

വിഎസിന് ' പാർട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന് ' സ്വന്തം പാർട്ടിയുടെ സംസ്ഥാന നേതൃത്വം പറഞ്ഞപ്പോഴും അച്ചടക്ക നടപടികളുടെ എണ്ണം വർധിച്ചപ്പോഴും വിഎസ് മൗനം സ്വീകരിച്ചു. പക്ഷേ പാർട്ടി സമ്മേളനം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തെ ആർക്കും തടയാനായില്ല. സ്വന്തം നാടായ ആലപ്പുഴയില്‍ 2015ല്‍ നടന്ന സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ച് വിഎസ് ഇറങ്ങിപ്പോരുമ്പോൾ പലരും ആഗ്രഹിച്ചപോലെ പാർട്ടിക്ക് പുറത്തേക്കല്ല അദ്ദേഹം പോയത്. 1964ല്‍ സ്വന്തം പാർട്ടിയില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം എന്ന പാർട്ടിയുണ്ടായപ്പോൾ അതിനൊപ്പം നിന്ന വിഎസ് സിപിഎമ്മായി എന്നും പാർട്ടിക്കൊപ്പമാണ്...

പരാജയങ്ങളെ വിജയവഴിയാക്കി:1980 മുതല്‍ 1991 വരെ മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1986 മുതല്‍ 2009 വരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം. ഏഴ് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എയായി. 2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയാകുന്നത് വരെ പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വിഎസ് തോല്‍ക്കുകയോ വിഎസ് ജയിക്കുമ്പോൾ പാർട്ടിക്കും മുന്നണിക്കും ഭൂരിപക്ഷം നഷ്‌ടമാകുകയോ ചെയ്യുകയും ചെയ്യുകയായിരുന്നു പതിവ്.

1992-1996, 2001-2006, 2011-2016 എന്നീ നിയമസഭകളിൽ കേരളത്തിന്‍റെ പ്രതിപക്ഷ നേതാവായിരുന്നു വിഎസ്. 1965ലാണ് വിഎസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്പലപ്പുഴയില്‍ തോല്‍വിയായിരുന്നു ഫലം. അതേ അമ്പലപ്പുഴയില്‍ നിന്ന് 1967ല്‍ ആദ്യമായി നിയമസഭയിലെത്തി. 1970ലും അമ്പലപ്പുഴ വിഎസിനെ നിയമസഭയിലെത്തിച്ചു. എന്നാല്‍ 1977 ല്‍ അമ്പലപ്പുഴയില്‍ തോറ്റു. പിന്നീട് 1991ല്‍ മാരാരിക്കുളത്ത് നിന്ന് ജയിച്ചെങ്കിലും 1996ല്‍ കേരള നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ അട്ടിമറിയില്‍ മാരാരിക്കുളത്ത് വിഎസ് തോറ്റു.

അതിനു ശേഷം 2001, 2006, 2011, 2016 നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിഎസ് പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയും മുഖ്യമന്ത്രിയുമായി. ഇതിനിടെ ഒരിക്കല്‍ പോലും സംസ്ഥാന മന്ത്രിയാകാനുള്ള അവസരമുണ്ടായതുമില്ല.

തളരില്ല വിപ്ലവ വീര്യം: പക്ഷാഘാതവും കൊവിഡും പ്രായത്തെ തളർത്തുമ്പോഴും മകൻ വി.എ.അരുൺകുമാറിന്റെ തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ വീട്ടിൽ പുന്നപ്രയുടെ സമരനായകൻ ഓർക്കുകയും മനസില്‍ ആവർത്തിക്കുകയും ചെയ്യുന്നത് ഈ നാട് ഏറ്റുവിളിച്ച ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം തന്നെയാകും. ആ പേര് തന്നെ എല്ലാം, കണ്ണേ കരളേ വിഎസ്സേ....

ABOUT THE AUTHOR

...view details