തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് (Vizhinjam International Seaport) എത്തിയ കപ്പലില്‍ നിന്നും ക്രെയിനുകള്‍ ഇറക്കി തുടങ്ങി (Vizhinjam Port Cranes). 30 മീറ്റര്‍ ഉയരമുള്ള ഷോര്‍ ക്രെയിനുകളില്‍ ഒരെണ്ണം ഇന്നലെ തുറമുഖത്ത് ഇറക്കി. 100 മീറ്റര്‍ ഉയരത്തിലുള്ള വലിയ ക്രെയിനും മറ്റൊരു ഷോര്‍ ക്രെയിനും ഇന്ന് ഇറക്കാനാണ് സാധ്യത.
കരാര്‍ പ്രകാരം കപ്പല്‍ ഇന്ന് മടങ്ങേണ്ടതായിരുന്നു എന്നാല്‍ ബാക്കി ക്രെയിനുകള്‍ കൂടി ഇറക്കിയ ശേഷം ചൊവാഴ്‌ചയോടെ കപ്പലിന് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പൗരന്മാരായ കപ്പലിന്‍റെ ക്യാപ്റ്റനും സാങ്കേതിക വിദഗ്‌ധനും കരയിലിറങ്ങാന്‍ അനുമതി ലഭിച്ചതോടെയാണ് ക്രെയിനുകള്‍ ഇറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഇവര്‍ കരയിലിറങ്ങിയത്.
ചൈനീസ് പൗരന്മാരായ 30 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. ക്രെയിനുകളുടെ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസിന്‍റെ സാങ്കേതിക വിദഗ്‌ധരും അദാനി ഗ്രൂപ്പ് ജീവനക്കാരും ചേര്‍ന്നായിരുന്നു ക്രെയിനുകള്‍ തുറമുഖത്തേക്ക് ഇറക്കിയത്. സാങ്കേതികമായ അനുമതികള്‍ വൈകിയതും പ്രതികൂലമായ കാലാവസ്ഥ സാഹചര്യങ്ങളുമാണ് കപ്പലില്‍ നിന്നും ബര്‍ത്തിലേക്ക് ക്രെയിന്‍ ഇറക്കാന്‍ വൈകിയത്.
ഇന്ന് 100 മീറ്റര്‍ ഉയരത്തിലുള്ള ക്രെയിന്‍ ഇറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കൂടുതല്‍ സുരക്ഷ സന്നാഹങ്ങളോടെയാകും വലിയ ക്രെയിന്‍ ബര്‍ത്തിലേക്കിറക്കുക. കാലാവസ്ഥ അനുലൂലമായാല്‍ മാത്രമേ വലിയ ക്രെയിനുകള്‍ ഇറക്കാനുളള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു. അഞ്ച് മണിക്കൂറെടുത്തായിരുന്നു 30 മീറ്റര്‍ ഉയരമുള്ള ഷോര്‍ ക്രെയിന്‍ ഇന്നലെ ബര്‍ത്തിലേക്കിറക്കിയത്.
ഈ മാസം 12 നായിരുന്നു ഷെന്‍ഹുവ കപ്പല്‍ തീരത്ത് എത്തിയത്. തുടര്‍ന്ന് 15 നായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക സ്വീകരണം. തുടര്‍ന്ന് കാലാവസ്ഥ മുന്നറിയിപ്പുകളും തിരയടിയും ക്രെയിന്‍ ബര്‍ത്തിലേക്ക് ഇറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചു. സാങ്കേതിക തടസങ്ങള്‍ നീങ്ങി കപ്പലിലെ ചൈനീസ് ജീവനക്കാര്‍ കൂടി കരയില്‍ ഇറങ്ങിയതോടെ തുറമുഖത്ത് സുരക്ഷയും നിരീക്ഷണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഷാങ്ഹായ് തുറമുഖത്ത് നിന്നു പുറപ്പെട്ട കപ്പല്‍ ഒക്ടോബര്‍ 4ന് വിഴിഞ്ഞത്ത് എത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും മോശമായ കാലാവസ്ഥ കാരണം എത്തിച്ചേരുന്നത് വൈകുകയായിരുന്നു. ചൈനയിലെ ഷാങ്ഹായിയിലെ ഷെന്‍ഹുവാ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍. കപ്പലിന് 233.6 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയുമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്ക് ക്രെയിനുകള്‍ വഹിച്ചു കൊണ്ടുള്ള ചരക്കു കപ്പലുകളുടെ പ്രവാഹം തന്നെയാണ് തുടര്‍ന്നുണ്ടാകാന്‍ പോകുന്നതെന്ന സൂചനകളാണ് വഴിഞ്ഞം തുറമുഖ നിര്‍മാതാക്കളായ അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് നല്‍കുന്നത്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ ചരക്കു കപ്പല്‍ ഒക്ടോബര്‍ 28ന് എത്തിച്ചേരും. നവംബര്‍ 11നും 14നും മറ്റ് രണ്ട് ചരക്ക് കപ്പലുകള്‍ കൂടി വിഴിഞ്ഞത്തേക്ക് എത്തിച്ചേരും. നിര്‍മാണ സമയക്രമം പുനഃക്രമീകരിച്ചത് പ്രകാരം 2024 ഡിസംബറില്‍ ഒന്നാം ഘട്ടത്തിന്‍റെ പണി പൂര്‍ത്തിയാക്കിയാല്‍ മതിയെങ്കിലും 2024 മാര്‍ച്ചില്‍ നിര്‍മാണത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കാനാണ് തുറമുഖ നിര്‍മാതാക്കളുടെ നീക്കം.