തിരുവനന്തപുരം :എറണാകുളം ജനറല്‍ ആശുപത്രിയില്‍ സീനിയർ ഡോക്‌ടര്‍ക്കെതിരെ വനിത ഡോക്‌ടര്‍ ലൈംഗികാതിക്രമ പരാതി (Sexual Assault Complaint against Senior Doctor) ഉന്നയിച്ചതില്‍ അന്വേഷണം നടത്താന്‍ നിർദേശം നൽകി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് (Veena George On Sexual Assault Complaint). സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ക്കാണ് (Director of Health Department) മന്ത്രി നിര്‍ദേശം നല്‍കിയത്. സമൂഹമാധ്യമത്തില്‍ വനിത ഡോക്‌ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുര്‍ന്നാണ് മന്ത്രിയുടെ ഇടപെടൽ.
പരാതി മറച്ചുവച്ചോയെന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം സംഭവത്തിൽ അന്വേഷണം നടത്തും. 2019ല്‍ നടന്ന സംഭവത്തില്‍ ഇപ്പോഴാണ് വനിത ഡോക്‌ടർ പരാതി നൽകിയത്.
ആശുപത്രിക്കുള്ളിൽ വച്ച് കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്‌തു എന്നാണ് പരാതി.സമൂഹമാധ്യമങ്ങളിലൂടെ കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ ആശുപത്രി സൂപ്രണ്ടിനും ആരോഗ്യവകുപ്പ് ഡയറക്‌ടർക്കും വനിത ഡോക്‌ടർ പരാതി നൽകിയിട്ടുണ്ട്.
പരാതിക്കാസ്‌പദമായ സംഭവം :2019 ഫെബ്രുവരി മാസത്തിൽ സീനിയർ കൺസൾട്ടന്‍റിനെതിരെ പരാതി പറയാൻ, സീനിയർ ഡോക്‌ടറുടെ, ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ കൺസൾട്ടേഷൻ മുറിയിൽ വൈകുന്നേരം ഏഴ് മണിയോടെ ചെന്ന സമയത്താണ് തനിക്ക് ദുരനുഭവമുണ്ടായതെന്നാണ് വനിത ഡോക്‌ടർ പരാതിയില്‍ പറയുന്നത്. സംഭവം നടന്നതിന്‍റെ പിറ്റേദിവസം തന്നെ ആശുപത്രി അധികാരികളോട് വാക്കാൽ പരാതി പറഞ്ഞിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.