കേരളം

kerala

VD Satheesan On UDF's Second Secretariat Blockade : വിഴിഞ്ഞത്ത് എത്തിയത് കപ്പലല്ല ക്രെയിൻ, ഗതികേട് കൊണ്ടാണ് ഉദ്‌ഘാടനത്തിന് പോയത് : വി.ഡി സതീശൻ

By ETV Bharat Kerala Team

Published : Oct 18, 2023, 1:35 PM IST

Updated : Oct 18, 2023, 2:05 PM IST

VD Satheesan's Accusations Against Government : സംസ്ഥാന സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് വി ഡി സതീശൻ

vd satheesan  UDF Second Secretariat Blockade  VD Satheesan On UDF Second Secretariat Blockade  VD Satheesan Accusations Against Government  vd satheesan On vizhinjam port inauguration
VD Satheesan On UDF Second Secretariat Blockade

വി ഡി സതീശൻ ഉദ്‌ഘാടന വേളയിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് എത്തിയത് കപ്പലല്ല ക്രെയിനാണെന്നും ഗതികേട് കൊണ്ടാണ് ഉദ്‌ഘാടനത്തിന് പോയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). ചടങ്ങിന് കപ്പലിനടുത്ത് ഞാനും ഒപ്പം നിന്നു. ഉമ്മൻ‌ചാണ്ടിയാണ് തുറമുഖം യഥാർഥ്യമാക്കിയതെന്ന് ജനങ്ങളോട് പറയാനാണ് അവിടെ പോയത്. യു ഡി എഫിന്‍റെ രണ്ടാം സെക്രട്ടേറിയറ്റ് വളയൽ സമരം (UDF Second Secretariat Blockade) ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലക്ഷങ്ങൾ ചിലവാക്കി വലിയ ഷെഡെല്ലാം കെട്ടിയാണ് ഉദ്‌ഘാടനം നടത്തിയത്. ഒരു നാണവുമില്ലാതെയാണ് മുഖ്യമന്ത്രി കൊടി വീശാൻ വിഴിഞ്ഞത്ത് എത്തിയത്. സമര പരമ്പരകളുടെ ഭാഗമാണ് സെക്രട്ടേറിയറ്റ് വളയൽ. അഴിമതിയുടെ ചെളിക്കുണ്ടിലാണ് മുഖ്യമന്ത്രി. തെളിവുകൾ സഹിതം ഗുരുതരമായ ആരോപണങ്ങൾ ഒരു സർക്കാരിനെതിരെ വരുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്.

പ്രതിരോധിച്ച് ഒരു വാചകം പറയാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിഞ്ഞിട്ടില്ല. വീണ്ടും അഴിമതികൾ ആവർത്തിക്കപ്പെടുന്നു. 2041 വരെ ഒരു യൂണിറ്റ് വൈദ്യുതിക്ക് 4.27 രൂപയ്ക്ക്‌ 10 വർഷത്തേക്ക് കരാർ ഉണ്ടായിരുന്നു. പവർ പർച്ചേഴ്‌സ് റദ്ദാക്കിയതിലൂടെ ആയിരം കോടി രൂപയാണ് വൈദ്യുതി ബോർഡിന് നഷ്‌ടം. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സർക്കാരിന്‍റെ മുഖമുദ്ര. അഞ്ച് ലക്ഷത്തിന് മുകളിലും താഴെയും ചെക്ക് കൈമാറില്ല.

ഓട പണിയാൻ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ കാശില്ല. 500 രൂപ സ്വർണത്തിന് ഉണ്ടായിരുന്ന നികുതി തന്നെയാണ് ഇപ്പോഴും. ബാറുകളുടെ എണ്ണം വർധിച്ചിട്ടും നികുതി വരവില്ല. സ്വർണ കള്ളക്കടത്തുകാരുമായും ബാർ ഉടമകളുമായും സന്ധിയിലാണ് സർക്കാർ. സിവിൽ സപ്ലൈസ് കോർപറേഷൻ തകർന്ന് തരിപ്പണമായി. ഉമ്മൻ‌ചാണ്ടി സർക്കാരിന്‍റെ കാലത്ത് ലാഭത്തിലായിരുന്ന വൈദ്യുതി ബോർഡും തകർന്നു.

2013 മുതൽ 40,000 കോടി രൂപയാണ് വൈദ്യുതി വകുപ്പിന്‍റെ കടം. ഒൻപത് സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ല. 66 സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാര്‍ ഇല്ല. പൊതുമാർക്കറ്റിൽ ബിരുദം ലഭിക്കുന്ന അവസ്ഥയാണ്. കോപ്പിയടിച്ച് ഡോക്‌ടറേറ്റ് നേടിയവൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരിക്കുന്നു. എല്ലായിടത്തും പിൻവാതിൽ നിയമനം. പി എസ് സി ലിസ്റ്റിൽ വന്നവര്‍ അലഞ്ഞുനടക്കുന്നു.

250 രൂപ റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കും എന്ന് പറഞ്ഞുപറ്റിച്ചു. 500 പേരാണ് ഹെഡ്‌മാസ്റ്ററോ ഹെഡ്‌മിസ്‌ട്രസോ ആക്കരുതെന്ന് എഴുതി കൊടുത്തത്. വീട് പണയപ്പെടുത്തിയാണ് ഉച്ചഭക്ഷണം കൊടുക്കുന്നത്. ഉച്ചഭക്ഷണം ഉണ്ടാക്കുന്നവർക്ക് പണം കൊടുത്തിട്ട് ആറ് മാസമായി. ഖജനാവിൽ പട്ടി പെറ്റ് കിടന്നാലും ധൂർത്തിന് കുറവില്ല. മണ്ഡല പര്യടനത്തിന് കെ എസ് ആർ ടി സി ബസ് പ്രഖ്യാപിച്ചത് മാറ്റി. കെ എസ് ആർ ടി സിയിൽ പോയാൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ വഴിയിൽ ഇറക്കി വിടും.

പെൻഷൻ പരിഷ്‌കരണ കുടിശ്ശിക നൽകുന്നില്ല. കട്ട് മുടിക്കുകയാണ്. കമിഴ്‌ന്നുവീണാൽ കാലിൽ പണവുമായി എണീക്കുന്ന സർക്കാർ. വയനാടിനുള്ള 5000 കോടിയുടെ പാക്കേജിൽ ഒരു രൂപ മുടക്കിയിട്ടില്ല. 140 വിചാരണ സദസുകളാണ് യു ഡി എഫ് നടത്തുന്നത്. 31,000 വോട്ടിന് ചാണ്ടി ഉമ്മൻ ജയിച്ചിട്ടും എ കെ ജി സെന്‍ററിൽ കണക്ക് കൂട്ടൽ കഴിഞ്ഞിട്ടില്ല.

വരുന്ന തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനെ എ കെ ജി സെന്‍ററിലിരുത്തും. കണ്ടലയിൽ തട്ടിപ്പ് നടത്തിയവനെ മിൽമയിൽ കൊണ്ട് പോയിരുത്തി. അവിടെയും അയാൾ അതേ പണി ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥലമായി സഹകരണ ബാങ്കുകളെ സിപിഎം മാറ്റിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

Last Updated :Oct 18, 2023, 2:05 PM IST

ABOUT THE AUTHOR

...view details