മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) പരിഹാസവും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan Against CM Pinarayi Vijayan). അഞ്ചാം വയസില്‍ നടന്നുപോയപ്പോള്‍ കളിത്തോക്ക് ചൂണ്ടിയ സംഭവമായിരിക്കാം മുഖ്യമന്ത്രി പറഞ്ഞതെന്ന് വി ഡി സതീശന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ട് നവകേരള സദസില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ കുറിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
മുന്‍പ് പല ഘട്ടങ്ങളിലും ഒറ്റയ്‌ക്ക് സഞ്ചരിക്കുമ്പോള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പോലും പൊലീസ് സംരക്ഷണമില്ലാതെ താന്‍ നടന്നിട്ടുണ്ടെന്ന കാര്യം പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിലായിരുന്നു ഇന്ന് വിഡി സതീശന്‍റെ പ്രതികരണം.
മുഖ്യമന്ത്രി വീരവാദം മുഴക്കുകയാണ്. തോക്ക് ചൂണ്ടിയ സംഭവമുണ്ടായത് മുഖ്യമന്ത്രിക്ക് അഞ്ച് വയസ് ഉള്ളപ്പോഴായിരിക്കാം. അന്ന് കളിത്തോക്ക് ചൂണ്ടിയ കാര്യമായിരിക്കാം മുഖ്യമന്ത്രി പറഞ്ഞതെന്നും വിഡി സതീശന്‍ പരിഹസിച്ചു.
കേരളത്തില്‍ വ്യാപകമായി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണ്. പൊലീസ് സ്റ്റേഷനില്‍ കയറി വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നു. ഇക്കാര്യത്തിലൊന്നും മുഖ്യമന്ത്രി ഒരു അക്ഷരവും മിണ്ടുന്നില്ല. പൊലീസിനെ പോലും അദ്ദേഹത്തിന് ഇപ്പോള്‍ വിശ്വാസമില്ല.
കേരളത്തിലെ മന്ത്രിമാര്‍ നാളെ കരുതൽ തടങ്കലിൽ നിന്ന് മോചിതരാകും. ഇത്ര നാളും കൂട്ടിലിട്ട തത്തകളെ പോലെ ആയിരുന്നു അവര്‍. മന്ത്രിമാരെ കൊണ്ട് പോലും തന്നെ ചീത്തവിളിപ്പിക്കുകയാണ് ഉണ്ടായതെന്നും വിഡി സതീശന്‍ ആരോപിച്ചു. നവകേരള സദസ് തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും ജനങ്ങള്‍ക്ക് ആ പരിപാടിയോട് അലര്‍ജിയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു (VD Satheesan on Navakerala Sadas).
Also Read :'താങ്കളിലെ രക്തദാഹിയെ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്' ; പിണറായിക്ക് മറുപടി 23നെന്ന് കെ സുധാകരന്‍
മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും വിഡി സതീശന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു (VD Satheesan Against PA Mohammed Riyas). മാസപ്പടി വിവാദം വന്നപ്പോൾ റിയാസിന്‍റെ നാവ് ഉപ്പിലിട്ട് വെച്ചിരിക്കുകയായിരുന്നു. തന്‍റെ പാർട്ടിയിലെ സ്വാധീനം നോക്കുന്ന സമയത്ത് കേടായിക്കിടക്കുന്ന റോഡിലെ കുഴികള്‍ പൊതുമരാമത്ത് മന്ത്രി എണ്ണിയാൽ മതി. മൂക്കാതെ പഴുത്തതിന്‍റെ പ്രശ്‌നമാണത്. തന്‍റെ പാർട്ടിയിലെ സ്വാധീനം അളക്കാൻ റിയാസ് വരേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.