സർക്കാരിനെ വെല്ലുവിളിച്ച് വി ഡി സതീശന്‍ തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ സന്തതസഹചാരിയായിരുന്ന ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് അന്വേഷിക്കാന്‍ തയാറാകുമോയെന്ന് സര്‍ക്കാറിനെ വെല്ലുവിളിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.
സുധാകരനെ ഇക്കാര്യം അറിയിച്ചത് കൊണ്ടാണ് രക്ഷപെട്ടതെന്നാണ് പറഞ്ഞിരിക്കുന്നത്. സുധാകരനെ വഴി തെറ്റിച്ച് കൊലയാളികളുടെ മുന്നിലെത്തിക്കാന്‍ ശ്രമിച്ചതിനാണ് മുന്‍ ഡ്രൈവറെ പുറത്താക്കിയത്. ഈ ഡ്രൈവറുടെ പരാതിയിലാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
സുധാകരനെ പോലെയുള്ള കോണ്‍ഗ്രസ് നേതാവിനെ കൊല ചെയ്യാനാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സംഘം സുധാകരനെ ഇല്ലായ്‌മ ചെയ്യാന്‍ ഗൂഢാലോചന നടത്തുകയാണ്. ഇത് കോണ്‍ഗ്രസ് അനുവദിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നെഞ്ചിലേറ്റിയ നേതാവിനെയാണ് കൊല്ലാൻ ഗൂഢാലോചന നടത്തിയത്.
കൊല്ലാന്‍ പലവഴി നോക്കിയതാണ്. എന്നാല്‍ പറ്റാഞ്ഞതു കൊണ്ടാണ് നടക്കാത്തത്. സിപിഎമ്മിന്‍റെ തനി നിറമാണ് പുറത്തു വരുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുധാകരനെ ചേര്‍ത്ത് പിടിച്ച് ചങ്ക് കൊടുത്തും സംരക്ഷണം നല്‍കും. ഒരു സംശയവും അക്കാര്യത്തില്‍ ആര്‍ക്കും വേണ്ടെന്നും സതീശന്‍ പറഞ്ഞു.
ശക്തിധരന്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ അദ്ദേഹത്തിനും ശിക്ഷ ലഭിക്കാവുന്ന കാര്യങ്ങളുണ്ട്. കൈതോലപായയില്‍ താന്‍ കൂടി പണം എണ്ണി തിട്ടപ്പെടുത്തി പൊതിഞ്ഞു നല്‍കിയെന്നാണ് പറഞ്ഞിരിക്കുന്നത്. വേട്ടയാടലുകള്‍ സഹിക്കാനാവാതെ വന്നപ്പോഴാണ് ശക്തിധരന്‍ ഇക്കാര്യങ്ങള്‍ ധീരമായി വിളിച്ചു പറയുന്നത്. ഇതില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കൂടുതൽ വെളിപ്പെടുത്തലുകളുമായി ശക്തിധരന്‍ : ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശക്തിധരന്‍ സിപിഎമ്മിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കൊല്ലാന്‍ സിപിഎം വാടക കൊലയാളിയെ വിട്ടുവെന്നും, അന്ന് തൊട്ടു തൊട്ടില്ല എന്ന് ആയെങ്കിലും സംഘത്തിലെ ഒരാള്‍ ഒറ്റിയത് കൊണ്ട് പദ്ധതി നടന്നില്ലെന്നുമാണ് ശക്തിധരൻ വെളിപ്പെടുത്തിയത്.
സുധാകരനെതിരെ കേസെടുത്തതിലുള്ള പ്രതികാരത്തെ തുടര്‍ന്നാണ് സിപിഎമ്മിനെതിരെ പോസ്റ്റിട്ടതെന്ന് സൈബര്‍ പോരാളികളുടെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് ശക്തിധരന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സുധാകരനെ പെണ്ണുകേസിലോ പണം തിരിമറി കേസിലോ മറ്റേതെങ്കിലും കേസിലോ ജയിലിലിട്ടാലേ സ്വൈര്യമായി ഭരിക്കാനാകൂ എങ്കില്‍ അത് ചെയ്യണം. അതിന് തന്‍റെ പേര് കൂടി കൂട്ടിക്കെട്ടേണ്ട കാര്യമില്ല.
ജയിലില്‍ കിടക്കുന്ന സുധാകരന്‍ ആയിരിക്കും പുറത്തു നില്‍ക്കുന്ന സുധാകരനേക്കാള്‍ അപകടകാരി എന്ന സത്യം ഈ അല്‍പ ബുദ്ധികള്‍ക്ക് മനസിലാകുന്നില്ല. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. അര്‍ബുദം ബാധിച്ച കൊമ്പേ മുറിച്ചു കളയാവൂ. അല്ലാതെ കടപുഴക്കി വീഴ്ത്താന്‍ താനില്ലെന്നും ശക്തിധരന്‍ കുറിപ്പില്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ശക്‌തിധരൻ ആരോപണങ്ങളെല്ലാം ഉയര്‍ത്തിയിരിക്കുന്നത്. തൊഴിലാളി വര്‍ഗം ഒപ്പം സഞ്ചരിക്കുന്നതിന് പകരം കൊലയാളി സംഘം ഒപ്പം സഞ്ചരിക്കുന്ന കാലക്രമത്തിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാറി. ഒരു നേതാവ് കുടുംബ സമേതം നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ സ്വകാര്യ പടയാളി സംഘത്തെ വാടകക്ക് എടുത്തിരുന്നുവെന്നും ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കറന്‍സിയാണ് അന്ന് ഒഴുക്കിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശക്തിധരന്‍ ആരോപിക്കുന്നുണ്ട്.