കേരളം

kerala

വന്ദേഭാരത് കാസര്‍കോട് വരെ; വേഗത വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷണവ്

By

Published : Apr 18, 2023, 10:29 PM IST

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ യാത്രാ ദൂരം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി നീട്ടിയെന്നും സില്‍വര്‍ലൈന്‍ പദ്ധതിയെ കൈവിടില്ലെന്നും കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു

union railway minister  aswini yadhav  vande bharat express  vande bharat in kasargode  vande bharat express train ticket  vande bharat express timing  k rail  latest news today  വന്ദേഭാരത്  ടിക്കറ്റ് നിരക്കും സമയക്രമവും  വന്ദേഭാരത് ടിക്കറ്റ്  കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി  അശ്വിനി യാഥവ്  വന്ദേഭാരത് എക്‌സ്‌പ്രസ്  കെ റെയില്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
വന്ദേഭാരത് ഇനി കാസര്‍കോട്ടേയ്‌ക്കും; ടിക്കറ്റ് നിരക്കും സമയക്രമവും ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ യാത്രാ ദൂരം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി നീട്ടി. നേരത്തെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ സര്‍വീസ് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വന്ദേഭാരതിന്‍റെ യാത്രാദൂരം കാസര്‍കോട് വരെയാക്കി നീട്ടിയതായി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്‌ണവ് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂള്‍ എപ്രില്‍ 25ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30 ഓടെ കണ്ണൂര്‍ എത്തുന്ന രീതിയിലാണ് നിലവില്‍ ട്രെയിനിന്‍റെ ഷെഡ്യൂള്‍. തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും.

ടിക്കറ്റ് നിരക്ക്: നിലവില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ വരെയുള്ള ഇക്കോണമി ക്ലാസില്‍ ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കുമെന്നാണ് സൂചന. എന്നാല്‍, എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണ സഹിതമുള്ള സീറ്റിന് 2400 രൂപയാകും ഈടാക്കുക. 54 സീറ്റുകളാകും എക്‌സിക്യൂട്ടീവ് കോച്ചിലുണ്ടാവുക.

12 ഇക്കോണമിക് കോച്ചുകളാകും വന്ദേ ഭാരതിനുണ്ടാവുക. ഇതില്‍ 78 സീറ്റ് വീതമുണ്ടാകും. 44 സീറ്റുകള്‍ വീതമുള്ള എഞ്ചിനോട് ചേര്‍ന്നുള്ള രണ്ട് കോച്ചുകള്‍ കൂടി ട്രെയിനില്‍ ഉണ്ടാകും.

ഉദ്ഘാടന ദിനമായ 25ന് പ്രധാനമന്ത്രിയോടൊപ്പം തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ മാത്രമാകും സഞ്ചരിക്കുക. ഉദ്ഘാടന ദിവസം യാത്രക്കാരുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. അതേസമയം ഷെഡ്യൂള്‍ തയ്യാറാണെങ്കിലും റെയില്‍വേ മന്ത്രാലയം അന്തിമ അനുമതി ഇതു വരെ നല്‍കിയിട്ടില്ല. വന്ദേ ഭാരതിന്‍റെ ടിക്കറ്റ് നിരക്ക് ഷെഡ്യൂള്‍ എന്നിവയെ കുറിച്ച് തിരുവനന്തപുരം സെന്‍ട്രലിനും യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടുമില്ല.

എക്‌സ്‌പ്രസിന്‍റെ വേഗത വര്‍ധിപ്പിക്കും: വന്ദേ ഭാരത് എക്‌സ്പ്രസുകളുടെ വേഗത വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു. വലിയ വേഗത കൈവരിക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് സാധിക്കും. അത് കൊണ്ട് ട്രാക്കുകളുടെ വിപുലീകരണം അവശ്യമാണ്. കേരളത്തില്‍ രണ്ട് ഘട്ടങ്ങളിലായി ട്രാക്കുകള്‍ വിപുലീകരിക്കും.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ട്രാക്കുകളുടെ വിപുലീകരണത്തിനായി ആദ്യഘട്ടത്തില്‍ 381 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പല സെക്ഷനുകളിലും ട്രെയിനിന്‍റെ വേഗത മണിക്കൂറില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെയായി ചുരുങ്ങി പോകുന്നു. ഇവിടങ്ങളില്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

ട്രാക്കുകളുടെ ശക്തിപ്പെടുത്തലാകും ഇതിനായി ആദ്യം നടത്തുന്ന പ്രവര്‍ത്തനം. ട്രെയിനിന് വേഗത കൈവരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ട്രാക്കുകളെ പ്രാപ്‌തമാക്കാനായി ട്രാക്കുകള്‍ക്കിടയിലെ കോണ്‍ക്രീറ്റ് പാളികളെയും ട്രാക്കുകള്‍ക്കടിയിലെ ചല്ലിയുടെ അളവും വര്‍ധിപ്പിക്കേണ്ടതായി കണ്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ ട്രാക്കുകള്‍ തന്നെ മൊത്തമായി മാറ്റി സ്ഥാപിക്കും.

സിഗ്‌നലുകളിലും മാറ്റം: ട്രെയിനിന്‍റെ ലോക്കോ പൈലറ്റിന് വളരെ അകലത്ത് നിന്നും സിഗ്നലുകള്‍ കാണാന്‍ കഴിയുന്ന വിധത്തിലുള്ള ഡബിള്‍ ഡിസ്‌റ്റന്‍സ് സിഗ്നലുകള്‍ സ്ഥാപിക്കും. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനങ്ങളും നടപ്പിലാക്കും. വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലെത്താനുള്ള ആദ്യ ഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വരുന്ന ഒന്നര വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ ട്രെയിനിന്‍റെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പല സ്ഥലങ്ങളിലും ട്രാക്കുകളുടെ വളവുകള്‍ നേരെയാക്കേണ്ടതുണ്ട്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പെടെയുള്ള നടപടികള്‍ ആവശ്യമാണ്.

ഇതിന് കുറച്ച് സമയം ആവശ്യമായുണ്ട്. ഇതിനായുള്ള ബിസിനസ് പ്രോഗ്രസ് റീ എഞ്ചിനിയറിംഗ് (ബി പി ആര്‍) തയ്യാറായി വരികയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ടാം ഘട്ടത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകും.

വന്ദേ ഭാരതിന്‍റെ സമ്പൂര്‍ണ പദ്ധതി റിപ്പോര്‍ട്ട് നിലവില്‍ തയ്യാറാക്കി വരികയാണ്. കൂടാതെ വന്ദേ ഭാരതിന്‍റെ വേഗത ഭാവിയില്‍ മണിക്കൂറില്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കാനുള്ള പദ്ധതി രേഖയും പരിഗണനയിലുണ്ട്. വളരെ സങ്കീര്‍ണമായി പ്രവര്‍ത്തനങ്ങളായതിനാല്‍ എട്ട് മാസത്തോളമെടുത്താകും പദ്ധതി രേഖ പൂര്‍ണമാവുക.

കേരളത്തിലെ റെയില്‍ മാര്‍ഗം ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനാല്‍ വളരെ ഗൗരവത്തോടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

നേമം കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ സമ്പൂര്‍ണമായ വികസനത്തിനായി 156 കോടി രൂപ വകയിരുത്തി. നിലവില്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനിലെ തിരക്ക് കുറയ്ക്കാനായി നേമം കൊച്ചുവേളി സ്‌റ്റേഷനുകളെ പ്രധാന ടെര്‍മിനലുകളായി ഉയര്‍ത്തും.

സ്‌റ്റേഷനുകള്‍ക്ക് പേരുമാറ്റം: ആധുനിക രീതിയില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും ഷെഡ്യൂളുകള്‍ക്കും പേര് മാറ്റി നല്‍കും. ലോകോത്തര നിലവാരത്തിലുള്ള വികസനമാണ് ഉദ്ദേശിക്കുന്നത്. സ്‌റ്റേഷനുകളുടെ വിപുലീകരണത്തിനായി തിരുവനന്തപുരത്തിന് 390 കോടിയോളം രൂപയും കോഴിക്കോടിന് 350 കോടിയോളം രൂപയും വര്‍ക്കലയ്‌ക്ക്‌ 350 കോടിയോളം രൂപയും നല്‍കും.

സംസ്ഥാന സര്‍ക്കാരിന്‍റെ സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ണമായും മറ്റൊരു ചര്‍ച്ച വിഷയമാണ്. ഇത് ഉപേക്ഷിക്കില്ല. ചെയര്‍കാര്‍ ഫോര്‍മാറ്റിലുള്ള ട്രെയിനുകളാണ് നിങ്ങള്‍ സംസ്ഥാനത്ത് കണ്ടതെന്ന് മന്ത്രി പറഞ്ഞു.

രണ്ടാമതായി വന്ദേ ഭാരതില്‍ സ്ലീപര്‍ ഫോര്‍മാറ്റും മൂന്നാമതായി വന്ദേ മെട്രോ ഫോര്‍മാറ്റുമുണ്ട്. വന്ദേ ഭാരതിന്‍റെ സ്ലീപ്പര്‍ മുതല്‍ക്കുള്ള ഫോര്‍മാറ്റുകളുടെ നിര്‍മാണം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കും. ഇതിന് ശേഷമാകും നിലവില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അനുവദിക്കുന്ന വന്ദേ ഭാരതിന്‍റെ സേവനം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുക.

എല്ലാ സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിനുകളുടെ സേവനമെത്തിക്കുക എന്നതാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. ഇതിന് ശേഷം ഇത് വിപുലീകരിക്കും. നിരവധി ട്രെയിനുകളുടെ സേവനം നടപ്പിലാക്കാനും ഉദ്ദേശിക്കുന്നുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

ABOUT THE AUTHOR

...view details