കേരളം

kerala

PLUS ONE| മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; മലബാറിലെ 4821 പേര്‍ക്ക് സീറ്റില്ല, പ്രതീക്ഷ കൈവിടാതെ വിദ്യാര്‍ഥികള്‍

By

Published : Aug 7, 2023, 10:59 PM IST

മലബാറിലെ 4821 പ്ലസ് വണ്‍ വിദ്യാർഥികൾക്ക് മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിലും സീറ്റില്ല. മലബാർ മേഖലയില്‍ നിന്നും 10,918 വിദ്യാർഥികളാണ് മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷ നല്‍കിയത്. സംസ്ഥാനത്ത് 19,003 സീറ്റുകള്‍ ഒഴിവുണ്ട്.

Third Supplementary Allotment published  Plus One admission  PLUS ONE  മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ്  മലബാറിലെ 4821 പേര്‍ക്ക് സീറ്റില്ല  പ്രതീക്ഷ കൈവിടാതെ വിദ്യാര്‍ഥികള്‍  പ്ലസ് വണ്‍ വിദ്യാർഥി
മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് ഫലം പ്രസിദ്ധീകരിച്ചു. അവസാന അലോട്ട്മെന്‍റിലും മലബാറിലെ 4821 വിദ്യാർഥികൾക്ക് സീറ്റില്ല. ആകെ 10,918 വിദ്യാർഥികളാണ് മലബാർ മേഖലയിൽ നിന്നും മൂന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റായി അപേക്ഷ നൽകിയത്. എന്നാൽ ഇവരിൽ 6097 വിദ്യാർഥികൾക്ക് മാത്രമെ പ്രവേശനം ലഭിച്ചിട്ടുള്ളൂ.

ആകെയുള്ള 25,735 ഒഴിവുകളിലേക്കായി 11,849 അപേക്ഷകളാണ് മൂന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി പരിഗണിച്ചത്. ആകെ ലഭിച്ച 12487 അപേക്ഷയിൽ 638 അപേക്ഷകൾ ഒഴിവാക്കപ്പെട്ടു. അപേക്ഷയിൽ പരിഗണിക്കപ്പെട്ടവരിൽ 5113 വിദ്യാർഥികൾക്ക് അഡ്‌മിഷൻ ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് 19,003 സീറ്റുകൾ ഒഴിവുണ്ട്.

അധികമായി അനുവദിച്ച 97 താത്‌കാലിക ബാച്ചുകൾ അടക്കമായിരുന്നു ഇപ്രാവശ്യം അലോട്ട്മെന്‍റിനായി പരിഗണിച്ചത്. മലപ്പുറം ജില്ലയിൽ 2759 വിദ്യാർഥികളും പാലക്കാട് ജില്ലയിൽ 1011 വിദ്യാർഥികളുമാണ് അഡ്‌മിഷൻ ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. മലപ്പുറത്ത് 295 സീറ്റുകളും പാലക്കാട് 63 സീറ്റുകളും മാത്രമാണ് നിലവിൽ ഒഴിവുള്ളൂ.

അലോട്ട്മെന്‍റില്‍ സീറ്റ് ലഭിക്കാത്ത വിദ്യാർഥികളുടെ എണ്ണവും ഒഴിവുകളും

ജില്ല സീറ്റ് ലഭിക്കാത്തവരുടെ എണ്ണം ഒഴിവുകള്‍
തിരുവനന്തപുരം 0 2117
കൊല്ലം 1 2083
പത്തനംതിട്ട 0 2263
ആലപ്പുഴ 113 1344
കോട്ടയം 10 1172
ഇടുക്കി 10 1026
എറണാകുളം 23 2551
തൃശൂർ 135 2096
പാലക്കാട് 1011 633
മലപ്പുറം 2759 295
കോഴിക്കോട് 564 491
വയനാട് 8 501
കണ്ണൂർ 148 1253
കാസർകോട് 331 1178

ക്ലാസുകൾ ആരംഭിച്ചിട്ട് ഒരു മാസം :സംസ്ഥാനത്ത്പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ട് ഒരു മാസം പൂർത്തിയാകാനായി. ഈ വർഷത്തെ ഓണ പരീക്ഷ ഓഗസ്റ്റ് മാസം രണ്ടാം വാരം ആരംഭിക്കും. എന്നാൽ പ്ലസ് വൺ വിദ്യാർഥികൾക്ക് ഓണ പരീക്ഷ ഉണ്ടാവില്ല. അഡ്‌മിഷൻ പൂർത്തിയാവാത്തതിനാൽ പലയിടത്തും ക്ലാസുകൾ ആരംഭിക്കുന്നതിലും അഡ്‌മിഷൻ പൂർത്തിയായതിന് ശേഷം ബാച്ചുകളുടെ പുനഃക്രമീകരണം ഉള്ളതിനാലും താത്കാലിക അധ്യാപകരെ നിയമിക്കുന്നതിലും പ്രയാസം നേരിടുന്നുണ്ട്.

അവസരമൊരുങ്ങുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥികള്‍:ഇനിയൊരു സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഉണ്ടാകുമെന്ന് അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല അലോട്ട്മെന്‍റ് അവസാനിപ്പിച്ച് ഉത്തരവിറങ്ങിയിട്ടുമില്ല. ഇതിന്മേലുള്ള പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ ഉള്ളത്. എന്നാൽ സീറ്റ് പ്രതിസന്ധിയെ കുറിച്ച് ചോദിക്കുമ്പോൾ വിദ്യാഭ്യാസ മന്ത്രി മറ്റു വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട് എന്ന മറുപടിയാണ് നൽകിയിരുന്നത്.

തുടർ പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭ്യമാക്കും എന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ഉറപ്പ് പാലിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും വിദ്യാർഥികൾ ഉള്ളത്.

ഉറപ്പ് നല്‍കി മന്ത്രി വിഎന്‍ വാസവന്‍:സംസ്ഥാനത്ത് പ്ലസ് വണിലേക്ക് യോഗ്യത നേടിയ ഒരു വിദ്യാര്‍ഥിക്ക് പോലും സീറ്റ് ലഭിക്കാതെ വിഷമിക്കേണ്ടി വരില്ലെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. കാസര്‍കോട് ജിവിഎച്ച്‌എസ്‌എസ് കുഞ്ചത്തൂരിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് സമയത്ത് രാജ്യത്ത് ഓണ്‍ലൈനിലൂടെ ക്ലാസുകള്‍ നടത്തിയ ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details