കേരളം

kerala

വിമാന സർവീസ് നിർത്തിവെച്ചു, റൺവേ കടന്ന് പത്മനാഭ സ്വാമി ആറാട്ടിന് എഴുന്നള്ളി

By

Published : Apr 6, 2023, 12:04 PM IST

ആറാട്ടിന് ശേഷം റണ്‍വേ കടന്ന് അതേ വഴിയിലൂടെ തന്നെ ഘോഷയാത്ര തിരിച്ചു ക്ഷേത്രത്തിലേക്ക് കടന്നു. ഇത്തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് ശേഷം വിമാന സർവീസുകൾ നിറുത്തിവെച്ചിരുന്നുയ

Sree Padmanabhaswamy Temple airport aarattu visuals
റൺവേ കടന്ന് പത്മനാഭ സ്വാമി ആറാട്ടിന് എഴുന്നള്ളി

റൺവേ കടന്ന് പത്മനാഭ സ്വാമി ആറാട്ടിന് എഴുന്നള്ളി

തിരുവനന്തപുരം : ഒരു ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി വിമാനത്താവളം അടച്ചിടുന്ന അത്യപൂർവതയ്ക്ക് ഇത്തവണയും തിരുവനന്തപുരം വിമാനത്താവളം സാക്ഷിയായി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൈങ്കുനി ഉത്സവത്തിന് ആറാട്ട് ഘോഷയാത്രയോടെ സമാപനം. പതിവ് പോലെ ഇത്തവണയും തിരുവനന്തപുരം വിമാനത്താവളത്തിന് ഉള്ളിലൂടെയായിരുന്നു ആറാട്ട് ഘോഷയാത്ര കടന്നു പോയത്.

ആറാട്ടിന് ശേഷം റണ്‍വേ കടന്ന് അതേ വഴിയിലൂടെ തന്നെ ഘോഷയാത്ര തിരിച്ചു ക്ഷേത്രത്തിലേക്ക് കടന്നു. ഇത്തവണയും ഉച്ചയ്ക്ക് ശേഷം വിമാന സർവീസുകൾ നിറുത്തിവെച്ചിരുന്നു. ഗജവീരൻമാർ, അശ്വാരൂഢ സേന, വാളും പരിചയും ധരിച്ച പടയാളികൾ എന്നിവരുടെ അകമ്പടിയോടെ പദ്‌മനാഭസ്വാമി, നരസിംഹമൂർത്തി, കൃഷ്‌ണ സ്വാമി എന്നിവയുടെ വിഗ്രഹമേന്തിയെത്തുന്ന ഘോഷയാത്ര റണ്‍വേ കടന്ന് വിമാനത്താവളത്തിന് പിറകിലുള്ള ശംഖുമുഖം തീരത്തേക്ക് എത്തുകയും വിഗ്രഹങ്ങളെല്ലാം കടലിലെ വെള്ളത്തില്‍ മുക്കി ശുദ്ധി വരുത്തിയതിന് ശേഷം ഘോഷയാത്ര തിരിച്ച് ക്ഷേത്രത്തിലെത്തുകയും ഉത്സവത്തിന് സമാപനം കുറിക്കുകയും ചെയ്തു.

പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ വാർഷികോത്സവങ്ങളിൽ ആദ്യത്തേതാണ് പൈങ്കുനി ഉത്സവം. തമിഴ് വർഷത്തിലെ പൈങ്കുനിയെന്നാൽ മലയാള വർഷത്തിലെ മീനമാസം. രോഹിണി നക്ഷത്രത്തിൽ കൊടിയേറി തിരുവിതാംകൂർ മഹാരാജാവ് പള്ളിവേട്ട നിർവഹിച്ച് പത്താം നാൾ അത്തദിനത്തിൽ ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടെ ഉത്സവസമാപനം നടക്കുന്നതാണ് രീതി.

ആറാട്ട് കടന്നുപോകാൻ ഇന്നലെ വൈകിട്ട് (05.04.23) നാല് മുതല്‍ രാത്രി ഒൻപത് വരെ വിമാനത്താവളം അടച്ചിട്ടിരുന്നു.

ABOUT THE AUTHOR

...view details