കേരളം

kerala

'കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവം ഗൗരവകരം' ; വിറ്റവർക്കും വാങ്ങിയവർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ബാലാവകാശ കമ്മിഷൻ

By

Published : Apr 22, 2023, 1:31 PM IST

വിഷയത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ

കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിറ്റ സംഭവം  നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവം  ബാലാവകാശ കമ്മീഷൻ  കെ വി മനോജ്‌കുമാർ  തൈക്കാട് ആശുപത്രി  ശിശുക്ഷേമ സമിതി  കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവം  തിരുവനന്തപുരത്ത് കുഞ്ഞിനെ വിൽപ്പന നടത്തി  Child Rights Commission Response  Child Rights Commission  sale of newborn baby
ബാലാവകാശ കമ്മീഷൻ

കുഞ്ഞിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ബാലാവകാശ കമ്മിഷന്‍റെ പ്രതികരണം

തിരുവനന്തപുരം : നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ വി മനോജ്‌കുമാർ. ഗൗരവമുള്ള സംഭവമാണ് ഉണ്ടായതെന്നും അതിനാലാണ് ഇക്കാര്യം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തിൽ ശരിയായ രീതിയിലുള്ള അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. കുഞ്ഞിന്‍റെ വിൽപ്പനയ്ക്ക് ഇടനിലക്കാരുണ്ടായിരുന്നോ എന്നും പരിശോധിക്കും. കുഞ്ഞിനെ വിറ്റവർക്കും വാങ്ങിയവർക്കുമെതിരെ നടപടിയുണ്ടാകുമെന്നും കെ വി മനോജ്‌കുമാർ കൂട്ടിച്ചേർത്തു.

വിൽപ്പന മൂന്ന് ലക്ഷം രൂപയ്‌ക്ക് : ഇന്നലെയാണ് തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്‌ക്ക് വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തൈക്കാട് ആശുപത്രിയിൽ ജനിച്ച കുഞ്ഞിനെയാണ് 11 ദിവസം മാത്രം പ്രായമായിരിക്കെ പെറ്റമ്മ കരമന സ്വദേശിനിയായ യുവതിക്ക് വിൽപ്പന നടത്തിയത്. കുഞ്ഞിനെ വിറ്റ സംഭവത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചത് ശിശു ക്ഷേമ സമിതിക്കായിരുന്നു.

ശിശുക്ഷേമ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തമ്പാനൂര്‍ പൊലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും കുഞ്ഞിനെ വീണ്ടെടുക്കുകയും ചെയ്‌തത്. കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് ഇന്നലെ നിര്‍ദേശം നൽകിയിട്ടുണ്ടായിരുന്നു.

വാങ്ങിയത് വളർത്താനെന്ന് യുവതി : അതേസമയം കുഞ്ഞിനെ വാങ്ങിയത് വളർത്താനാണെന്ന പ്രതികരണവുമായി കുട്ടിയെ വാങ്ങിയ യുവതി രംഗത്തെത്തിയിരുന്നു. നേരത്തെ നിശ്ചയിച്ച പ്രകാരമായിരുന്നു വിൽപ്പനയെന്നും സുഹൃത്തിന്‍റെ പക്കല്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്നുമാണ് ഇവർ മാധ്യമങ്ങളോട് ഇന്നലെ വ്യക്‌തമാക്കിയത്. ഏപ്രില്‍ ഏഴ് വെള്ളിയാഴ്‌ചയായിരുന്നു കുഞ്ഞ് തൈക്കാട് ആശുപത്രിയില്‍ ജനിച്ചത്.

തുടര്‍ന്ന് ഏപ്രില്‍ 10 തിങ്കളാഴ്‌ചയോടെ കുഞ്ഞിനെ നേരത്തെ നിശ്ചയിച്ച പ്രകാരം വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ 17 തിങ്കളാഴ്‌ചയോടെയാണ് സംഭവം അറിഞ്ഞ് പൊലീസും ശിശു ക്ഷേമ സമിതി പ്രവര്‍ത്തകരും വീട്ടിൽ എത്തിയതെന്ന് യുവതി പറഞ്ഞു. തുടർന്ന് ഇവർ കുഞ്ഞിനെ തിരികെ വാങ്ങുകയായിരുന്നു. ഏഴ് ദിവസത്തോളം കുഞ്ഞ് തന്‍റെ പക്കല്‍ ഉണ്ടായിരുന്നുവെന്നും യുവതി വ്യക്‌തമാക്കി.

വളര്‍ത്താന്‍ വേണ്ടിയാണ് താന്‍ കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിന്‍റെ അമ്മയെ രണ്ട് വര്‍ഷത്തോളമായി പരിചയമുണ്ട്. ഇവർ തന്നോടുള്ള സ്‌നേഹ ബന്ധത്തിന്‍റെ പുറത്താണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന്‍റെ അച്ഛനാണ് പണം ആവശ്യപ്പെട്ടത്. പണത്തിന് വേണ്ടി ഇയാൾ പലപ്പോഴും ഭീഷണി മുഴക്കിയിരുന്നു. മുഴുവന്‍ പണവും വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും യുവതി പറഞ്ഞു.

ആദ്യ തവണ 15,000 മുതല്‍ 25,000 രൂപ വരെയും പിന്നീട് പലപ്പോഴും ഗഡുക്കളായുമാണ് തുക കൈമാറിയതെന്നും യുവതി പറഞ്ഞിരുന്നു. അതേസമയം കുഞ്ഞിനെ കൂടെ കൂട്ടണമെന്നും ദത്തെടുക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞു. നിയമലംഘനം നടന്നതായി അറിയില്ലായിരുന്നു.

ALSO READ:'ദത്തെടുക്കാനായില്ല, കുഞ്ഞിനെ വാങ്ങിയത് വളർത്താൻ'; വിൽപ്പന മുൻ നിശ്ചയിച്ച പ്രകാരമെന്ന് കുഞ്ഞിനെ വാങ്ങിയ യുവതി

അതേസമയം കുഞ്ഞിനെ വാങ്ങാനായി ഇടനിലക്കാർ ആരും തന്നെ സമീപിച്ചിരുന്നതായി ഇവർ പറഞ്ഞിട്ടില്ല. നേരത്തെയുള്ള സുഹൃത് ബന്ധമാണ് കുഞ്ഞിനെ ദത്തെടുക്കുന്നതിലേക്ക് എത്തിച്ചതെന്നും ഇവർ പറഞ്ഞിരുന്നു. കുഞ്ഞിനെ കൈവശം വയ്ക്കാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും ഇവർ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details