കേരളം

kerala

'ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുത്തു, ആശ്രിത നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം':രമേശ്‌ ചെന്നിത്തല

By

Published : Jan 23, 2023, 10:13 AM IST

സര്‍വീസിലിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നത് സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണെന്ന് രമേശ്‌ ചെന്നിത്തല. യുഡിഎഫ് സര്‍ക്കാറിന്‍റെ ഭരണകാലത്ത് മുഴുവന്‍ ആശ്രിതര്‍ക്കും ജോലി നല്‍കിയിരുന്നു. പത്ത് ലക്ഷം രൂപ സമാശ്വാസമായി വാങ്ങിപ്പോകണമെന്ന സർക്കാർ നിർദേശം അപലപനീയമാണെന്ന് കുറ്റപ്പെടുത്തല്‍.

Ramesh chennithala criticized state Govt  ആനുകൂല്യങ്ങളെല്ലാം കവര്‍ന്നെടുത്തു  ആശ്രിത നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം  രമേശ്‌ ചെന്നിത്തല  സാമൂഹിക സുരക്ഷ പദ്ധതി  രമേശ്‌ ചെന്നിത്തല  യുഡിഎഫ്  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല ആശുപത്രി  kerala news updates  latest news in kerala  രമേശ്‌ ചെന്നിത്തല
ആശ്രിത നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം:ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരിക്കുന്നുവെന്നും ആശ്രിത നിയമനം അട്ടിമറിക്കാൻ സർക്കാർ ഗൂഢശ്രമം നടത്തുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള എൻ ജി ഒ അസോസിയേഷൻ 48-ാം സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്‌ദാനം നൽകി അധികാരത്തിൽ എത്തിയവർ ഏഴാം വർഷവും അതിന് തയ്യാറായിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സാമൂഹിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് സർവീസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് സമാശ്വാസ പദ്ധതി പ്രകാരം ജോലി നൽകുന്നത്. എന്നാൽ ഒരു വർഷത്തിനുള്ളിൽ ജോലി ലഭിച്ചില്ലെങ്കിൽ പത്ത് ലക്ഷം രൂപ സമാശ്വാസമായി വാങ്ങിപ്പോകണമെന്ന സർക്കാർ നിർദേശം അപലപനീയമാണ്. ഓരോ വകുപ്പിലും ഉള്ള ആകെ ഒഴിവിന്‍റെ 5 ശതമാനമാണ് ആശ്രിത നിയമനത്തിനായി മാറ്റിവയ്‌ക്കേണ്ടത്.

കഴിഞ്ഞ യുഡിഎഫ് സർക്കാർ ആശ്രിത നിയമനത്തിന് സമർപ്പിച്ച അപേക്ഷകളിൽ പൂർണമായും നിയമനം നൽകിയിരുന്നു. തസ്‌തികകൾ ഒഴിവില്ലാതെ വരുന്ന സാഹചര്യത്തിൽ സൂപ്പർ ന്യൂമററി തസ്‌തികകൾ സൃഷ്‌ടിച്ചായിരുന്നു ഇത്തരം നിയമനങ്ങൾ നടത്തിയിരുന്നത്. ഒഴിവുകൾ വരുമ്പോൾ ഇവ ക്രമപ്പെടുത്തി നൽകുകയും ചെയ്യും.

തൊഴിലാളി പ്രേമം നടിക്കുന്ന ഭരണകൂടം തൊഴിലാളി വിരുദ്ധനയങ്ങളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. ആനുകൂല്യങ്ങളെല്ലാം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. 2021 മുതലുള്ള 11 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർക്ക് യഥാസമയം ക്ഷാമബത്ത കിട്ടുമ്പോഴും കേരളത്തിലെ ജീവനക്കാർ ആനുകൂല്യത്തിനായി നിരന്തരം പ്രക്ഷോഭത്തിലാണ്. വർഷങ്ങളായി ലഭിച്ച് കൊണ്ടിരുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്‌ദാനം നൽകി അധികാരത്തിൽ എത്തിയവർ ഏഴാം വർഷവും അതിന് തയ്യാറായിട്ടില്ല. പുനപരിശോധന കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണാതെ കിടക്കുകയാണ്. ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നു. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ കുറ്റകരമായ മൗനം പാലിക്കുകയാണ്.

പങ്കാളിത്ത പെൻഷൻകാരെ വഞ്ചിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം. മുഴുവന്‍ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിൽ വരുത്താൻ തയ്യാറാവണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു.

അഴിമതിയിൽ മുങ്ങിയ ഇടത് സർക്കാരിനെതിരെ ശക്തമായ പോരാട്ടത്തിന് കേരള എൻ ജി ഒ അസോസിയേഷൻ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനവിരുദ്ധത മുഖമുദ്രയാക്കിയ ഒരു സർക്കാറാണിത്. അതിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ആശ്രിത നിയമന വ്യവസ്ഥ സംരക്ഷിക്കുക, ബഫർ സോൺ വിഷയത്തിൽ മലയോര ജനതയെ സംരക്ഷിച്ച് കൊണ്ടുള്ള നടപടികൾ സ്വീകരിക്കുക, പെട്രോളിയം പാചക വാതക വില വർധനവ് പിൻവലിക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുക, വനിതകൾക്ക് വർഷത്തിൽ 12 ദിവസം സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കുക തുടങ്ങിയ നിരവധി പ്രമേയങ്ങൾ സംസ്ഥാന കൗൺസിൽ അംഗീകരിച്ചു.

ABOUT THE AUTHOR

...view details