തിരുവനന്തപുരം: 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റാക്കാന്‍ സിപിഎമ്മില്‍ ധാരാണ. സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ശുപാര്‍ശയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. നിലവിലെ പ്രസിഡന്‍റ് കെ. അനന്തഗോപന്‍റെ കാലാവധി നവംബറില്‍ തീരുന്നതോടെ പ്രശാന്ത് ചുമതലയേല്‍ക്കും.
എന്തുകൊണ്ട് പ്രശാന്ത്:കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുൻ കെപിസിസി സെക്രട്ടറി കൂടിയായിരുന്ന പിഎസ് പ്രശാന്തിൻ്റെ പേര് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റിയാണ് നിർദേശിച്ചത്. സിപിഎമ്മിൽ ചേർന്ന പ്രശാന്തിനെ കർഷക സംഘം ജില്ല വൈസ് പ്രസിഡന്‍റായി നേരത്തെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രധാന പദവി നൽകുന്നത്.
പ്രശാന്ത് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയപ്പോൾ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ജില്ല നേതൃത്വത്തിന്‍റെ വിലയിരുത്തലിലാണ് ആനാവൂര്‍ നാഗപ്പന്‍ നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉന്നയിച്ചത്. നിലവിലെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപന്‍ സിപിഎം പത്തനംതിട്ട ജില്ല സെക്രട്ടറിയായിരുന്നു. 2021 നവംബറിലാണ് അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്. രണ്ട് വര്‍ഷമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ കാലാവധി.
Also Read: 'ശബരിമലയിലെ നടവരവ് സ്വര്‍ണം സ്‌ട്രോങ് റൂമില്‍ എത്തിക്കുന്നതിന് വീഴ്‌ച സംഭവിച്ചിട്ടില്ല'; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്
ആരാണ് പിഎസ് പ്രശാന്ത്:തിരുവനന്തപുരം വിതുര സ്വദേശിയായ പ്രശാന്ത് കെഎസ്‌യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2011-16 കാലത്ത് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്നു. തുടര്‍ന്ന് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ഭക്ഷ്യമന്ത്രി ജിആര്‍ അനിലിനോട് പരാജയപ്പെട്ടിരുന്നു.
പരാജയത്തിന് പിന്നില്‍ പാര്‍ട്ടിയുടെ നിസഹകരണമാണെന്നും നെടുമങ്ങാട് മുന്‍ എംഎല്‍എയായിരുന്ന പാലോട് രവിയാണ് തന്‍റെ പരാജയത്തിന് പിന്നിലെന്നും ആരോപിച്ച് പ്രശാന്ത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് പരാതി നല്‍കി. എന്നാല്‍ ഈ പരാതി നിലനില്‍ക്കേ പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയതോടെ പ്രതിഷേധിച്ചതിന് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലുമായി.
പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് പുറത്താകുകയും ചെയ്‌തു. ഇതോടെയാണ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുന്നത്. അതേസമയം പ്രശാന്തിനെ കൂടാതെ മുന്‍ എംപി എ സമ്പത്തും ദേവസ്വം പ്രസിഡന്‍റിനായി പരിഗണിക്കുന്നവരിലുണ്ടായിരുന്നുവെങ്കിലും പിഎസ് പ്രശാന്തിനാണ് നറുക്കുവീണത്.
Also Read: Travancore Devaswom Board ലക്ഷ്യം പ്ലാസ്റ്റിക് രഹിത തീർത്ഥാടനവും വരുമാന വർധനയുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്