തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ പശ്‌ചാത്തലത്തിൽ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്‌ത യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്. മാര്‍ച്ചിലെ സംഘര്‍ഷത്തിന്‍റെ പേരിൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തത് രാഷ്‌ട്രീയ പകപോക്കലെന്ന് പി കെ ഫിറോസ് പ്രതികരിച്ചു.
സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാരിന്‍റെ ശ്രമം. ഇത്തരം അറസ്റ്റ് കൊണ്ട് പിന്മാറുന്ന പ്രശ്‌നമില്ല. ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി കെ ഫിറോസിനെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തി സന്ദർശിച്ചു.
പ്രതികരിച്ച് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും:സർക്കാരിനെതിരെ സമരം ചെയ്‌ത യൂത്ത് ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത് ഭരണകൂട ഭീകരതയാണെന്ന് ചെന്നിത്തല പറഞ്ഞു. പി കെ ഫിറോസിനെ എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്‌തതെന്നും ചെന്നിത്തല ചോദിച്ചു. പിഡിപിപി അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്‌തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
പിണറായി സർക്കാരിന്‍റെ യുവജന വിരുദ്ധ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ജനകീയ പ്രശ്‌നങ്ങളെ സർക്കാർ അടിച്ചമർത്തുന്നു എന്നതിന് ഉദാഹരണമാണ് പി കെ ഫിറോസിന്‍റെ അറസ്റ്റെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഗുരുതരമായ പ്രശ്‌നം പരിഹരിക്കാനാണ് യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.