കേരളം

kerala

'ഒരാള്‍ക്ക് നൂറ് ലിറ്റര്‍ എന്നാണ് ഉദ്ദേശിച്ചത്, വാക്കുകള്‍ വളച്ചൊടിച്ചു' ; ജല ഉപഭോഗ കണക്കില്‍ വിശദീകരണവുമായി റോഷി അഗസ്റ്റിന്‍

By

Published : Feb 7, 2023, 8:25 PM IST

വെള്ള ഉപഭോഗത്തെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലെ കണക്ക് വന്‍ വിവാദമാണുണ്ടാക്കിയത്. തുടര്‍ന്നാണ് ഫേസ്‌ബുക്ക് കുറിപ്പില്‍ മന്ത്രിയുടെ വിശദീകരണം

ജല ഉപഭോഗ കണക്കില്‍ വിശദീകരണവുമായി മന്ത്രി  Roshy Augustine explanation on water consumption  Minister Roshy Augustine explanation
വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം :നിയമസഭയില്‍ ജല ഉപഭോഗത്തിന്‍റെ കണക്കുപറഞ്ഞത് തിരുത്തി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍, വാര്‍ത്തയായതോടെ മന്ത്രി അത് തിരുത്തുകയായിരുന്നു.

വെള്ളക്കരം സംബന്ധിച്ച നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുമ്പോഴാണ് മന്ത്രി കണക്കുകള്‍ നിരത്തിയത്. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. നിയമസഭയില്‍ തന്‍റെ പ്രസംഗം പൂര്‍ണമായും കേട്ടാല്‍ ഇത് മനസിലാകും.

'സൗജന്യ ജലവിതരണം തുടരും':ഒരു കുടുംബത്തിന് 100 ലിറ്റര്‍ വെള്ളം മതിയെന്ന തരത്തില്‍ വളച്ചൊടിക്കുന്നത് അപലപനീയമാണെന്നും മന്ത്രി കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന് കണക്കുകൂട്ടി ബിപിഎല്‍ കുടുംബത്തിന് മാസം 15,000 ലിറ്റര്‍ വെള്ളം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്‍റേയും കേരളത്തിന്‍റേയും കണക്കുകള്‍ വ്യക്തമാക്കിയായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്.

എന്നാല്‍, കേരളം ഇത് 100 ലിറ്റര്‍ എന്നാണ് കണക്കുകൂട്ടുന്നത്. ജലം അമൂല്യമാണെന്നും അതിനാല്‍ ഉപയോഗം പരിമിതപ്പെടുത്തണമെന്നുമുള്ള സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വീടുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും അലങ്കാരച്ചെടികളും വീട്ടിലെ ചെടികളും വൃക്ഷങ്ങളും നനയ്ക്കുന്നതുമൊക്കെ. കുടിവെള്ളത്തിന്‍റെ ദുരുപയോഗം ജനങ്ങള്‍ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി. വെള്ളക്കര വര്‍ധനവിനെതിരെ ഇന്ന് പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് നിയമസഭയില്‍ ഉന്നയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം : കേന്ദ്രം പറയുന്നു ഒരാള്‍ക്ക് 55 ലിറ്റര്‍, കേരളം കണക്കുകൂട്ടുന്നത് 100 ലിറ്റര്‍. തെറ്റിദ്ധാരണ വേണ്ട. കേരളത്തില്‍ ഒരു കുടുംബത്തിന്‍റെ ശരാശരി പ്രതിദിന ജല ഉപഭോഗം 500 ലിറ്റര്‍ എന്നാണ് കണക്കുകള്‍ പറയുന്നത്. ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം ഒരാള്‍ പ്രതിദിനം 55 ലിറ്റര്‍ ജലം ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. കേരളം ഇത് 100 ലിറ്റര്‍ എന്നാണ് കണക്കുകൂട്ടുന്നത്. ഇതുപ്രകാരം അഞ്ചംഗ കുടുംബത്തില്‍ 500 ലിറ്റര്‍ എന്ന് കണക്ക് കൂട്ടുകയാണെങ്കില്‍ മാസം 15,000 ലിറ്റര്‍ ജലഉപഭോഗം വരും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 15,000 ലിറ്റര്‍ വരെ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യമാണ് സഭയില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചത്.

ഒരാള്‍ ദിവസം 100 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് മന്ത്രി പരിഹസിക്കുന്നു എന്ന തരത്തിലുള്ള വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് ഖേദകരമാണ്. വെള്ളത്തിന്‍റെ ഉപഭോഗം പൊതുവേ കുറയ്‌ക്കേണ്ടതിന്‍റെ ആവശ്യകതയും ജനത്തെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനില്‍ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ് വീടുകളില്‍ വാഹനങ്ങള്‍ കഴുകുന്നതും അലങ്കാരച്ചെടികളും വീട്ടിലെ ചെടികളും വൃക്ഷങ്ങളും നനയ്ക്കുന്നതുമൊക്കെ.

കുടിവെള്ളത്തിന്‍റെ ദുരുപയോഗം ജനങ്ങള്‍ നിയന്ത്രിക്കുന്നത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലെ യുദ്ധങ്ങള്‍ ജലത്തിനുവേണ്ടിയാകും എന്ന മുന്നറിയിപ്പ് നാം അവഗണിക്കേണ്ട. ജലം അമൂല്യമാണെന്നും അത് പാഴാക്കരുതെന്നും ഏവരും മനസിലാക്കുന്നത് വരും തലമുറയ്ക്കുകൂടി ഗുണകരമാകും എന്ന് ഉറപ്പാണ്. യാഥാര്‍ഥ്യ ബോധത്തോടെ ഈ വിഷയത്തെ സമീപിക്കണമെന്ന് ഏവരോടും അഭ്യര്‍ഥിക്കട്ടെ.

ABOUT THE AUTHOR

...view details