കേരളം

kerala

'പിണറായി പ്രാഞ്ചിയേട്ടനായി, ഒപ്പമിരിക്കാന്‍ ഈടാക്കുന്നത് രണ്ടു കോടിയിലധികം': പരിഹസിച്ച് കെ സുധാകരന്‍

By

Published : Jun 3, 2023, 12:21 PM IST

ലോക കേരള സഭ സ്‌പോണ്‍സര്‍ഷിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.

K Sudhakaran on Loka Kerala Sabha sponsorship  K Sudhakaran  Loka Kerala Sabha sponsorship  Loka Kerala Sabha  കെ സുധാകരന്‍  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍  ലോക കേരള സഭ സ്‌പോണ്‍സര്‍ഷിപ്പ്  ലോക കേരള സഭ  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
K Sudhakaran on Loka Kerala Sabha sponsorship

തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയുടെ ചെലവ് അവിടെയുള്ള പ്രവാസികളാണ് വഹിക്കുന്നതെങ്കിലും ഇവിടെനിന്ന് പോകുന്ന മുഖ്യമന്ത്രിയുടെയും മന്ത്രി സംഘത്തിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും ചെലവ് ജനങ്ങളാണ് വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ആഢംബരത്തിന്‍റെയും പൊങ്ങച്ചത്തിന്‍റെയും പ്രതീകമായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്നും അതുകൊണ്ടാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ പരിഹസിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍ വരെ സാധാരണക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്നും അടിസ്ഥാന വര്‍ഗത്തിന്‍റെ നേതാവാണെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരൻ പറഞ്ഞു. ലോക കേരള സഭയുടെ ഓഡിറ്റിങ് നടത്തുമെന്നാണ് നോര്‍ക്ക ഇപ്പോള്‍ അവകാശപ്പെടുന്നത്. പക്ഷെ ഏഴുമാസം മുമ്പ് യുകെയില്‍ നടന്ന മേഖല സമ്മേളനത്തിന്‍റെ കണക്ക് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

ഇതിന് മുൻപ് നടന്ന ലോക കേരള സഭകളും മേഖല കേരള സഭ സമ്മേളനങ്ങളുമെല്ലാം വിവാദത്തിലാണ് അവസാനിച്ചത്. സമ്മേളനങ്ങളിൽ മുന്നോട്ട് വച്ച ഒരു നിര്‍ദേശം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിനും പ്രവാസികള്‍ക്കും എന്തു നേട്ടമാണ് ഈ പ്രസ്ഥാനം കൊണ്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രവാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന കെട്ടുകാഴ്ചയായി മാറിയ ലോക കേരള സഭ ഈ രീതിയില്‍ തുടരണോയെന്നും പുനര്‍വിചിന്തനം ചെയ്യണമെന്നും സുധാകരൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇത്തരം ധൂര്‍ത്ത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. മുഖ്യമന്ത്രിയുടെ ആഢംബരത്തിനും ധൂര്‍ത്തിനും അലങ്കാരമായി ലോക കേരള സഭ മാറിയിരിക്കുകയാണ്. ലോക കേരള സഭ സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ കെ സുധാകരന്‍ ആവശ്യപ്പെട്ടു. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും എന്നാൽ പ്രവാസികളിലെ ഏതാനും സമ്പന്നന്മാര്‍ പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിര്‍പ്പുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പങ്കെടുക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിൽ സ്‌പോൺസർഷിപ്പ് എന്ന പേരിൽ പണപ്പിരിവ് നടത്തിയതിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഗോൾഡൻ പാസിന് 82 ലക്ഷം രൂപയും സിൽവർ പാസിന് 41 ലക്ഷം രൂപയും ബ്രൗൺസ് പാസിന് 20.5 ലക്ഷം രൂപയുമാണ് നിരക്ക്. വലിയ തുക സ്പോൺസർഷിപ്പ് നൽകുന്നവർക്ക് സമ്മേളന വേദിയിൽ അംഗീകാരവും കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പം ഡിന്നറും ആണ് വാഗ്‌ദാനം.

സർക്കാർ പ്രതിനിധി ഇല്ലാത്ത സംഘാടക സമിതിയാണ് പരിപാടിക്കായി പണം പിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ബക്കറ്റ് പിരിവ് നടത്തിയവരുടെ പരിഷ്‌കൃത രൂപമാണ് സ്പോൺസർഷിപ്പെനന്നായിരുന്ന രമേശ് ചെന്നിത്തലയുടെ പരിഹാസം. കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ അടുത്തിരിക്കണമെങ്കിലും ഭക്ഷണം കഴിക്കണമെങ്കിലും പണം കൊടുക്കണം എന്ന് പറയുന്നത് കേട്ടുകേൾവി ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം വിമർശിച്ചു.

ABOUT THE AUTHOR

...view details