കേരളം

kerala

ആഭ്യന്തര വകുപ്പ് നിർജീവം, കേരളത്തിൽ കൊലപാതകങ്ങൾ തുടർക്കഥ: വിമർശനവുമായി കെ.സുധാകരൻ

By

Published : Apr 16, 2022, 12:52 PM IST

കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോയത് ആഭ്യന്തര വകുപ്പിന്‍റെ പിടിപ്പുകേടാണെന്ന് സുധാകരൻ വിമർശിച്ചു.

kpcc president k sudhakaran criticises home ministry  political murders in kerala  popular front worker murder in palakkad  കെ.സുധാകരൻ വിമർശനം ആഭ്യന്തര വകുപ്പ്  പോപുലർ ഫ്രണ്ട് പ്രവർത്തകൻ കൊലപാതകം പാലക്കാട്
ആഭ്യന്തര വകുപ്പ് നിർജീവം, കേരളത്തിൽ കൊലപാതകങ്ങൾ തുടർക്കഥ; വിമർശനവുമായി കെ.സുധാകരൻ

തിരുവനന്തപുരം: പാലക്കാട് വിഷുദിനത്തില്‍ പിതാവിന്‍റെ കണ്‍മുന്നിലിട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. നാലു മാസം മുന്‍പ് ഇതേ പ്രദേശത്ത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അതാണ് ഇപ്പോള്‍ നടന്ന കൊലയ്ക്ക് കാരണമെന്നാണ് സൂചന. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞു.

അന്ന് കൊല്ലപ്പെട്ട സഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ള കാര്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയതിലും ദുരൂഹതയുണ്ട്. കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോയത് ആഭ്യന്തര വകുപ്പിന്‍റെ പിടിപ്പുകേടാണെന്നും സുധാകരൻ വിമർശിച്ചു.

'കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥ': സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് അധികാര ശീതളിമയില്‍ അഭിരമിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സുരക്ഷ കാര്യങ്ങളില്‍ക്കൂടി ശ്രദ്ധിക്കണം. ആരുവേണമെങ്കിലും ഏതുസമയത്തും കൊല്ലപ്പെടുന്ന സാഹചര്യമാണ് കേരളത്തില്‍. കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ജനങ്ങള്‍ക്ക് സമാധാനപരമായ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുധാകരൻ.

ലഹരിമാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം. ആഭ്യന്തരവകുപ്പ് നിര്‍ജീവമാണ്. കൊലപാതകങ്ങള്‍ നടന്ന ശേഷമാണ് പലപ്പോഴും പൊലീസ് അതിനെ കുറിച്ച് അറിയുന്നത്. അക്രമസാധ്യത മുന്‍കൂട്ടി തിരിച്ചറിയാനോ അത് തടയാനോ സംസ്ഥാന രഹസ്യാന്വേഷണ സംവിധാനത്തിന് കഴിയാതെ പോകുന്നത് ദയനീയമാണ്.

'മുഖ്യമന്ത്രിക്ക് പ്രധാനം സ്വന്തം സുരക്ഷ': ആഭ്യന്തരവകുപ്പ് നാഥനില്ലാ കളരിയായി. ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയ മന്ത്രിയില്ലാത്തതാണ് ഇതിനെല്ലാം കാരണം. നിലവില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നും ശ്രദ്ധിക്കാനും വകുപ്പിനെ ശരിയാം വിധം ഭരിക്കാനും നിയന്ത്രിക്കാനും കഴിയുന്നില്ല. മുഖ്യമന്ത്രിക്ക് ജനങ്ങളുടെ സുരക്ഷയെക്കാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് താല്‍പര്യമെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

പകപോക്കലിന്‍റെ പേരില്‍ എതിരാളികളെ ഇല്ലായ്‌മ ചെയ്യുന്ന ഹീനരാഷ്ട്രീയ ആശയത്തിന് അറുതി വരുത്തണമെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സിപിഎമ്മിന്‍റെ രഹസ്യ സഖ്യകക്ഷികളാണ് ഇപ്പോള്‍ പരസ്‌പരം വെട്ടിമരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിരോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

എലപ്പുള്ളി പാറ സ്വദേശിയും എസ്‌ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ സുബൈറിനെ കഴിഞ്ഞ ദിവസം രണ്ട് കാറുകളിലായെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

Also Read: സുബൈർ വധം: കൊലപാതക സംഘം ഉപയോഗിച്ച രണ്ടാമത്തെ കാർ കഞ്ചിക്കോട് നിന്ന് കണ്ടെത്തി

ABOUT THE AUTHOR

...view details