കേരളം

kerala

കെഎസ്ആര്‍ടിസി ശമ്പളം: ഗതാഗതമന്ത്രി - തൊഴിലാളി സംഘടന പ്രതിനിധി ചര്‍ച്ച ഇന്ന്

By

Published : Mar 20, 2023, 8:18 AM IST

ശമ്പളം ഗഡുക്കളായി നല്‍കുന്നത് സംബന്ധിച്ചാണ് മന്ത്രിയും തൊഴിലാളി പ്രതിനിധികളും ചര്‍ച്ച നടത്തുക

Antony Raju meet the KSRTC workers union
Antony Raju meet the KSRTC workers union

തിരുവനന്തപുരം:കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിനും ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനങ്ങൾ അടക്കം ചർച്ച ചെയ്യുന്നതിനും ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഇന്ന് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. വൈകിട്ട് 5ന് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ഓഫിസിലാണ് ചർച്ച. ഭരണപക്ഷ സംഘടനയായ സിഐടിയുവിനെ മാത്രമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

കഴിഞ്ഞ മാർച്ച് 18ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ അസൗകര്യങ്ങളെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ ഉറച്ച് മാനേജ്മെന്‍റ് മുന്നോട്ടു പോവുകയാണ്. എതിർപ്പ് വക വയ്ക്കാതെ കഴിഞ്ഞ മാസത്തെ ശമ്പളവും ഗഡുക്കളായാണ് വിതരണം ചെയ്തത്. എന്നാൽ മാനേജ്മെന്‍റിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അംഗീകൃത തൊഴിലാളി സംഘടനകൾ. ഈ സാഹചര്യത്തിൽ അനുനയനീക്കത്തിന്‍റെ ഭാഗമായാണ് ചർച്ച നടത്തുന്നത്.

ശമ്പളം ഗഡുക്കളായി നൽകുന്നതിനെതിരെ വേണ്ടി വന്നാൽ സിഐടിയുവുമായി സംയുക്തമായി സമരം നടത്താനും തയ്യാറാണെന്ന് പ്രതിപക്ഷ സംഘടനയായ ടിഡിഎഫും ബിജെപി അനുകൂല സംഘടനയായ ബിഎംഎസും അറിയിച്ചിരുന്നു. കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഗഡുക്കളായി നൽകി പൂർത്തീകരിച്ചു. ആദ്യ ഗഡു കൃത്യം അഞ്ചാം തീയതി തന്നെ നൽകിയിരുന്നു. സർക്കാർ സഹായം ലഭിച്ചതിന് പിന്നാലെ വെള്ളിയാഴ്ചയാണ് രണ്ടാം ഗഡു വിതരണം ചെയ്‌തത്. സർക്കാർ സഹായമായ 30 കോടി രൂപയും ഡീസലിനായി മാറ്റിവച്ച 10 കോടി രൂപയും ചേർത്താണ് രണ്ടാം ഗഡു വിതരണം ചെയ്തത്. എന്നാല്‍ തീരുമാനത്തിനെതിരെ ശനിയാഴ്ച പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്നായിരുന്നു ബിഎംഎസ് അറിയിച്ചിരുന്നത്. ചർച്ചയിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് സംഘടനകളുടെ തീരുമാനം.

അതേസമയം അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ കെഎസ്ആർടിസിയുടെ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റു. കഴിഞ്ഞ മാർച്ച് 13നാണ് അധിക തസ്‌തിക സൃഷ്‌ടിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയത്. മാർച്ച്‌ 15ന് പ്രമോജ് ശങ്കർ ജോയിന്‍റ് മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റത്. അധിക ചുമതലയായാണ് നിയമനം. വെഞ്ഞാറമ്മൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്പെക്‌ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ.

പുതിയ നിയമനത്തിലൂടെ കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് മാനേജ്മെന്‍റ് വാദം. മൂന്ന് വർഷത്തേക്കോ കേന്ദ്ര സർവീസ് ഡെപ്യൂട്ടേഷൻ കാലാവധി കഴിയുന്നത് വരേയോ പ്രമോജ് ശങ്കറിന് ജോയിന്‍റ് എംഡിയായി തുടരാം. സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രൊഫഷണലുകളെ കെഎസ്ആർടിസിയിൽ കൊണ്ടുവരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രമോജ് ശങ്കറിന്‍റെ നിയമനം. പ്രമോജ് ശങ്കർ ശ്രീചിത്ര എഞ്ചിനീയറിങ് കോളജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി ടെക്കും മദ്രാസ് ഐ ഐ ടിയിൽ നിന്നും എം ടെക്കും പാസായിട്ടുണ്ട്.

More Read:- ശമ്പളത്തിന് ടാര്‍ഗറ്റ്; നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എംഡി

ABOUT THE AUTHOR

...view details