കേരളം

kerala

ഫെബ്രുവരി 16 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം ; ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നാളെ മുതല്‍ കര്‍ശന നടപടികള്‍

By

Published : Jan 31, 2023, 6:19 PM IST

Updated : Jan 31, 2023, 7:56 PM IST

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ശാരീരിക ബുദ്ധിമുട്ടുകളും മരണവും വര്‍ധിച്ച സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശന നടപടികളിലേക്ക് കടക്കുന്നത്

kerala Food Safety Department instructions  Thiruvananthapuram  ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി സുരക്ഷ വകുപ്പ്  ഭക്ഷ്യ സുരക്ഷ വകുപ്പ്
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നാളെ മുതല്‍ കര്‍ശന നടപടികള്‍

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ മുതല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. ഹെല്‍ത്ത് കാര്‍ഡ് മുതല്‍ സുരക്ഷാമുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ വരെയുള്ള നിര്‍ദേശങ്ങളാണ് കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോട്ടലുകളില്‍ മുതല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമുള്‍പ്പടെ ഭക്ഷ്യവസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.

ഫെബ്രുവരി 16വരെ സാവകാശം :ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കും.വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരേയും കൈവശം വയ്ക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ (ഫെബ്രുവരി ഒന്ന്) മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സ്ഥാപന ഉടമകളുടെ ആവശ്യം പരിഗണിച്ച് ഫെബ്രുവരി 16വരെ സാവകാശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ എണ്ണം കൂടുതലായതിനാലാണ് സാവകാശം അനുവദിച്ചിരിക്കുന്നത്.

രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്‌ടീഷണര്‍മാരും ആവശ്യമായ പരിശോധനകള്‍ നടത്തി അടിയന്തരമായി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ ശക്തമായ പരിശോധന തുടരുന്നതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്തവര്‍ക്ക് ഫെബ്രുവരി 15നകം ഇവ ഹാജരാക്കുവാന്‍ നിര്‍ദേശം നല്‍കും. മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറന്നുകൊടുക്കുമ്പോള്‍ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനോടൊപ്പം ജീവനക്കാര്‍ എല്ലാവരും രണ്ട് ആഴ്‌ചയ്ക്കകം ഭക്ഷ്യസുരക്ഷ പരിശീലനം നേടണമെന്നും തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി രജിസ്റ്റര്‍ ചെയ്യുമെന്നുമുള്ള സത്യപ്രസ്‌താവന ഹാജരാക്കണം.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തിയ്യതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നതും വ്യക്തമാക്കണം. ചില ഭക്ഷണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യവിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഷവര്‍മ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്.

കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്താന്‍ നീക്കം :പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല. 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായാണ് പരിശോധനകളും നിര്‍ദേശങ്ങളും കര്‍ശനമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഹോട്ടലുകളിലെ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ തുടര്‍ന്നാണ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.

പരിശോധനകള്‍ ശക്തമാക്കുന്നതിനാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരെക്കൂടി വിന്യസിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ 883 ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരും 176 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ് ഒന്നും 1813 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പില്‍ 160 ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുമുണ്ട്. ഇവരുടെ സഹായം കൂടിയാകുമ്പോള്‍ ഭക്ഷ്യസ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.

ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ പരിശോധനകളില്‍ കൃത്രിമം കണ്ടെത്തിയാല്‍ നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന പരമാവധി നടപടികള്‍ സ്വീകരിക്കാനാണ് വകുപ്പിന്‍റെ തീരുമാനം. നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ ഓഫിസില്‍ ഒരു പ്രത്യേക ഓഫിസറെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്‌ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്‌ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്‍റെ കാലാവധി.

ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍

1. എഫ്‌എസ്‌എസ് ആക്‌ട് പ്രകാരം എല്ലാ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കണം

2. ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് ഫെബ്രുവരി 15നകം ഉറപ്പാക്കണം

3. സ്ഥാപനങ്ങള്‍ ശുചിത്വം പാലിക്കണം

4. ഭക്ഷ്യസുരക്ഷ പരിശീലനം ഉറപ്പാക്കുക

5. ഭക്ഷ്യസുരക്ഷ മുന്നറിയിപ്പുള്ള സ്ലിപ്പോ സ്റ്റിക്കറോ നിര്‍ബന്ധം

6. ഭക്ഷണം പാകം ചെയ്‌ത തിയ്യതിയും സമയവും, എത്ര നേരത്തിനുള്ളില്‍ കഴിക്കണം എന്നതും വ്യക്തമാക്കിയിരിക്കണം

7. ആ സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുത്

8. സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം

9. ഷവര്‍മ മാര്‍ഗനിര്‍ദേശം പാലിക്കുക

10. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉപയോഗിക്കരുത്

11. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം

12. സ്ഥാപനത്തെ ഹൈജീന്‍ റേറ്റിങ് ആക്കുക

13. ഓരോ സ്ഥാപനവും ശുചിത്വ മേല്‍നോട്ടത്തിനായി ജീവനക്കാരില്‍ ഒരാളെ ചുമതലപ്പെടുത്തണം

14. ഭക്ഷണത്തില്‍ മായം ചേര്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റം

15. നിയമ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നടപടി

16. അടപ്പിച്ച സ്ഥാപനങ്ങള്‍ തുറക്കാന്‍ കൃത്യമായ മാനദണ്ഡം

17. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ കണ്ട് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ

18. ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷ പരീശീലനം നിര്‍ബന്ധം

19. സ്ഥാപനം തുറന്ന ശേഷം ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി രജിസ്റ്റര്‍ ചെയ്യണം

Last Updated :Jan 31, 2023, 7:56 PM IST

ABOUT THE AUTHOR

...view details