തിരുവനന്തപുരം:കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ കൊലപ്പെടുത്താന്‍ സിപിഎം ഉന്നത നേതൃത്വം തീരുമാനിച്ചിരുന്നുവെന്ന്, ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ വെളിപ്പെടുത്തിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നാലെ, തന്നെ വധിക്കാന്‍ ശ്രമിച്ചതിന്‍റെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരന്‍. സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഇത് സംബന്ധിച്ച കേസുകളിലെ സാക്ഷികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് മൂലം, ഒറ്റ കേസിലും പ്രതികളെ ശിക്ഷിച്ചില്ല. തന്നെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയവര്‍ ഇന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉന്നത സ്ഥാനങ്ങളിലിരുന്ന് ഇപ്പോഴും ഗൂഢാലോചന തുടരുന്നു. പയ്യന്നൂര്‍, താഴെ ചൊവ്വ, മേലേ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ തനിക്കെതിരെ നടന്നത് നേരിട്ടുള്ള വധശ്രമങ്ങളായിരുന്നു. നിരവധി വധശ്രമങ്ങള്‍ താന്‍ അറിയാതെ നടന്നിട്ടുണ്ട്. പോയ വഴിയെ തിരിച്ചുവരാതിരുന്നും കാറിന്‍റെ നമ്പര്‍ പ്ലേറ്റ് മാറ്റിയും കാര്‍ മാറിക്കയറിയുമൊക്കെയാണ് രക്ഷപ്പെട് ത്. 1992ല്‍ താന്‍ ഡിസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് വധശ്രമ പരമ്പരകള്‍ ഉണ്ടായത്.
'അന്ന് പോവാതിരുന്നത് പിഎ വിളിച്ചതുകൊണ്ട്':സഹപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടലും സിപിഎമ്മിലെ ചിലരുടെ രഹസ്യസഹായവും ദൈവാനുഗ്രഹവും സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്കെതിരെ മൊഴി നല്‍കിയ പ്രശാന്ത് ബാബു കണ്ണൂരില്‍നിന്ന് സിപിഎമ്മിന്‍റെ ഉരുക്കുകോട്ടയായ കൂത്തുപറമ്പില്‍ വീടുവാങ്ങി അവിടേക്ക് താമസം മാറ്റിയപ്പോള്‍ ഗൃഹപ്രവേശനത്തിന് തന്നെ നിര്‍ബന്ധപൂര്‍വം വിളിച്ചിരുന്നു. പോകാനിറങ്ങിയപ്പോള്‍ ഒരു സിപിഎമ്മുകാരന്‍ തന്‍റെ പിഎയെ വിളിച്ച് വരരുതെന്ന് കട്ടായം വിലക്കി. തുടര്‍ന്ന് നിജസ്ഥിതി അറിയാന്‍ താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ അയയ്ക്കുകയും അയാള്‍ സൈക്കിളില്‍ പോയി നോക്കിയപ്പോള്‍, വഴിമധ്യേയുള്ള ക്വാറിയില്‍ ഒരുപറ്റം സിപിഎമ്മുകാര്‍ ആയുധങ്ങളുമായി കാത്തിരിക്കുന്നതാണ് കണ്ടത്. പിഎ തൊട്ടടുത്തുള്ള വീട്ടില്‍ കയറി തന്നെ ഫോണ്‍ ചെയ്‌തതുകൊണ്ടാണ് അന്ന് പോകാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.