കേരളം

kerala

വാക്കാൽ അധിക്ഷേപിച്ചാലും കേസ്, ഏഴ് വർഷം വരെ ശിക്ഷ; ആശുപത്രി സംരക്ഷണ നിയമം സമഗ്രം

By

Published : May 15, 2023, 12:52 PM IST

Updated : May 15, 2023, 2:37 PM IST

മിനിസ്റ്റീരിയൽ ജീവനക്കാർക്കും പരിരക്ഷ, 6 മാസം മുതൽ 7 വർഷം വരെ കഠിന തടവിനുള്ള വകുപ്പുകൾ, സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം ഒരുങ്ങുന്നു. നിയമം ഓർഡിനൻസായി അവതരിപ്പിക്കും.

hospital protection act ordinance  hospital protection act  hospital protection law  health law  ആശുപത്രി സംരക്ഷണ നിയമം  ആശുപത്രി സംരക്ഷണ നിയമം ആരോഗ്യ മേഖല  ഡോ വന്ദന ദാസ് കൊലപാതകം  വന്ദന ദാസ് കൊലപാതകം  ഡോക്‌ടർമാരുടെ പണിമുടക്ക്  ഡോക്‌ടർമാരുടെ സമരം  ആശുപത്രി സംരക്ഷണം നിയമം ഓൽഡിനൻസ്
ആശുപത്രി

തിരുവനന്തപുരം : ഡോക്‌ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ സമഗ്രമായ ആശുപത്രി സംരക്ഷണ നിയമം ഒരുങ്ങുന്നു. ആരോഗ്യ മേഖലയിലെ മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്ന നിയമമാണ് വരുന്നത്. ആശുപത്രികളിൽ കാണിക്കുന്ന അതിക്രമത്തിന് ആറുമാസം മുതൽ 7 വർഷം വരെ കഠിന തടവ് ലഭിക്കുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തുക.

അതിക്രമത്തിന്‍റെ കാഠിന്യം അനുസരിച്ച് ശിക്ഷയും വർധിക്കും. കൊലപാതകം, കൊലപാതകശ്രമം എന്നിവയ്ക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ഉറപ്പുവരുത്തും. വാക്കാൽ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ചാലും ശിക്ഷ ലഭിക്കാനുള്ള വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡോക്‌ടർമാർ, നേഴ്‌സുമാർ, മെഡിക്കൽ നഴ്‌സിംഗ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ കൂടാതെ മിനിസ്റ്റീരിയൽ ജീവനക്കാരെയും സുരക്ഷ ജീവനക്കാരെയും പുതിയ നിയമത്തിന്‍റെ പരിരക്ഷയിൽ കൊണ്ടുവരും. ആശുപത്രി കെട്ടിടത്തിനും ഉപകരണങ്ങൾക്കും ഉണ്ടാക്കുന്ന നാശനഷ്‌ടത്തിനും നഷ്‌ട പരിഹാരം ഈടാക്കാനുള്ള വകുപ്പും പുതിയ നിയമത്തിൽ ചേർക്കുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിവേഗ അന്വേഷണവും കുറ്റപത്രം സമർപ്പിക്കലും ഉറപ്പുവരുത്തും.

ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി വേഗത്തിൽ ശിക്ഷ ലഭിക്കുന്നതിന് അതിവേഗ കോടതികളും പരിഗണിക്കുന്നുണ്ട്. ആതുര മേഖലയിലെ വിവിധ ജീവനക്കാരുടെ സംഘടനകൾ നൽകിയ ആവശ്യങ്ങളും പുതിയ നിയമ നിർമ്മാണത്തിന്‍റെ ഭാഗമായി സർക്കാർ പരിശോധിക്കുന്നുണ്ട്. ആഭ്യന്തര, ആരോഗ്യ, നിയമ സെക്രട്ടറിമാരാണ് വിവിധ തലങ്ങളിൽ നിന്നുയർന്ന വ്യവസ്ഥകൾ ചർച്ച ചെയ്യുന്നത്.

നിലവിൽ നിയമ വകുപ്പാണ് ആശുപത്രി സംരക്ഷണ നിയമ നിർമ്മാണം പരിഗണിക്കുന്നത്. നിയമം ഓർഡിനൻസായി അവതരിപ്പിക്കാനാണ് തീരുമാനം. ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതക ശേഷം പണിമുടക്ക് സമരമടക്കം നടത്തിയിരുന്ന ഡോക്‌ടർമാർക്ക് അതിവേഗ നിയമ നിർമ്മാണം നടത്തുമെന്ന ഉറപ്പ് സർക്കാർ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്‌ടർമാർ സമരം പിൻവലിച്ചത്. പുതിയ നിയമത്തിന് വന്ദന ദാസിന്‍റെ പേര് നൽകണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

ഡോ. വന്ദന കൊലപാതകം, അന്വേഷണം ക്രൈംബ്രാഞ്ചിന്:ഡോ.വന്ദന ദാസിന്‍റെ കൊലപാതകത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറല്‍ എസ്‌പി സുനിലിന്‍റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ വിവിധ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് വന്ദന ദാസ് കൊലപാതകം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കൊലപാതകം സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം മൂലം സംഭവിച്ചതാണെന്നും ഉള്ള വിമര്‍ശനം കൂടി കണക്കിലെടുത്തായിരുന്നു കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

മെയ്‌ 10ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ആയിരുന്ന കോട്ടയം സ്വദേശി ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. അടിപിടി കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് എന്നയാളാണ് ആശുപത്രിയില്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് വന്ദന ദാസിനെ കുത്തിയത്.

സന്ദീപിന്‍റെ കാലിലെ മുറിവിന് ചികിത്സ തേടിയപ്പോഴാണ് ആക്രമണം നടന്നത്. തലയിലും കഴുത്തിലും മുഖത്തും ഉള്‍പ്പെടെ 11 കുത്തുകളാണ് വന്ദനയ്‌ക്ക് ഏറ്റത്. മുതുകിലും തലയിലും ഏറ്റ കുത്തുകളായിരുന്നു മരണ കാരണം. കത്രിക ശ്വാസകോശത്തില്‍ അടക്കം തുളഞ്ഞുകയറി എന്നതായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മെയ്‌ 11 ന് കോട്ടയത്തെ വീട്ടില്‍ വന്ദന ദാസിന്‍റെ സംസ്‌കാരം നടന്നു.

Last Updated : May 15, 2023, 2:37 PM IST

ABOUT THE AUTHOR

...view details