കേരളം

kerala

Grand Welcome For The First Ship At Vizhinjam Port : മുഖ്യമന്ത്രി പതാക വീശി; വിഴിഞ്ഞത്ത് ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം

By ETV Bharat Kerala Team

Published : Oct 15, 2023, 5:50 PM IST

Updated : Oct 15, 2023, 6:03 PM IST

First Ship at Vizhinjam Port : മുഖ്യമന്ത്രി പതാക വീശിയതിന് പിന്നാലെ വിഴിഞ്ഞം വാർഫിലേക്ക് കപ്പലിനെ അടുപ്പിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത് പതിനായിരക്കണക്കിന് ആളുകൾ.

Grand Welcome for the First Ship at Vizhinjam Port  First Ship at Vizhinjam Port  Vizhinjam Port  മുഖ്യമന്ത്രി പതാക വീശി  വിഴിഞ്ഞത്ത് ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം  വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി  വിഴിഞ്ഞം തുറമുഖം  ചൈനീസ് കപ്പലായ ഷെൻഹുവ 15  Vizhinjam Port To Reality  CM received First Ship at Vizhinjam  Chinese ship Shenhua 15
Grand Welcome for the First Ship at Vizhinjam Port

വിഴിഞ്ഞത്ത് ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് പ്രൗഢഗംഭീര സ്വീകരണം. ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി സ്വീകരിച്ചു. ഇതോടെ കേരളത്തിന്‍റെ വികസന കുതിപ്പിൽ പുത്തന്‍ നാഴികക്കല്ലാകുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാര്‍ത്ഥ്യമായിരിക്കുകയാണ് (Grand Welcome for the First Ship at Vizhinjam Port).

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ ആന്‍റണി രാജു, കെ രാജൻ, വി ശിവൻകുട്ടി, സജി ചെറിയാൻ, കെ എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എം പി, മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തു. മുഖ്യമന്ത്രി പതാക വീശി കപ്പലിനെ സ്വീകരിച്ചതിന് പിന്നാലെ വിഴിഞ്ഞം വാർഫിലേക്ക് കപ്പലിനെ അടുപ്പിച്ചു. ഷെൻഹുവ 15നെ വാട്ടർ സല്യൂട്ട് നൽകിയും വർണാഭമായ പടക്കങ്ങൾ പൊട്ടിച്ചും ബലൂണുകൾ പറത്തിയുമാണ് സ്വീകരിച്ചത്.

പതിനായിരക്കണക്കിന് ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്തിയത്. കപ്പലിനെ സ്വീകരിച്ച ശേഷം ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകള്‍ നടന്നു. സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ വിഴിഞ്ഞം ഇടവകയും വികാരി മോണ്‍. ടി. നിക്കോളാസും നാലു പ്രതിനിധികളുമെത്തി. ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് സൂസാപാക്യവും ചടങ്ങിൽ പങ്കെടുക്കാനെത്തി.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ആയിരുന്നു ചൈനയില്‍ നിന്നുള്ള ഷെന്‍ഹുവായ് 15 കപ്പല്‍ മൂന്ന് ക്രെയിനുകളുമായി തുറമുഖത്ത് എത്തിയത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി അവിടേക്കാവശ്യമായ ക്രെയിനുകള്‍ ഇറക്കിയ ശേഷമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. ഒക്‌ടോബര്‍ 12ന് വിഴിഞ്ഞത്തെത്തിയ ഷങ്‌ഹുവായെ പരമ്പരാഗത രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.

അന്താരാഷ്‌ട്ര കപ്പല്‍ ചാലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയുള്ള വിഴിഞ്ഞ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ പതിനേഴായിരം തൊഴിലവസരങ്ങള്‍ നേരിട്ട് ഉണ്ടാകുമെന്നാണ് പദ്ധതി രേഖ. അതേസമയം 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇന്നത്തെ ചടങ്ങിന്‍റെ സുരക്ഷ ചുമതലകള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ഒപ്പം അഗ്നിരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും കോസ്റ്റ്ഗാര്‍ഡും ചടങ്ങിന് സുരക്ഷയൊരുക്കും.

കൂടാതെ ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങള്‍ക്കായി തമ്പാനൂര്‍ സ്റ്റാൻഡില്‍ നിന്നും കെ എസ് ആര്‍ ടി സി സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങിനായി 5000 പേര്‍ക്ക് പങ്കെടുക്കാവുന്ന വേദിയാണ് ഒരുക്കിയിട്ടുള്ളത്.

2015 ല്‍ പൊതു - സ്വകാര്യ പദ്ധതിയായി പി പി പി മാതൃകയില്‍ അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ടതിന് ശേഷം നിരവധി തവണ, പല കാരണങ്ങളാല്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിരുന്നു. പാറയുടെ ലഭ്യത കുറവ്, ഓഖി, കൊവിഡ്, വിഴിഞ്ഞം സമരം എന്നിങ്ങനെ പല കാരണങ്ങളാൽ 1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകേണ്ടിയിരുന്ന ആദ്യ ഘട്ടം 8 വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയായത്. നിലവില്‍ 2024 മേയില്‍ തുറമുഖത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി, ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Last Updated : Oct 15, 2023, 6:03 PM IST

ABOUT THE AUTHOR

...view details