തിരുവനന്തപുരം: വിദഗ്‌ധ പരിശീലനമില്ലാതെ മുളയിലേ മുരടിച്ചു പോകുന്ന കായിക പ്രതിഭകള്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമാകാന്‍ പുത്തന്‍ പരിശീലന പദ്ധതി സര്‍ക്കാരിനു മുന്നില്‍ വച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കേരളത്തിലെ ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിക്കുന്നതിനുള്ള സൗജന്യ കായിക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പദ്ധതിയാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാരിനു മുന്നില്‍ വച്ചത്. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കൗണ്‍സിലിന്‍റെ തീരുമാനം.
തദ്ദേശ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഒരു കേന്ദ്രത്തില്‍ 30 മുതല്‍ 35 വിദ്യാര്‍ഥികള്‍ക്ക് വരെ പരിശീലനം നല്‍കും. 10 വയസ് മുതല്‍ 14 വയസുവരെയുള്ള തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം.
പൂര്‍ണരൂപ രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു: ഗ്രാമത്തിലെ മുന്‍ കായിക താരങ്ങളുടെയോ കായികാധ്യാപകരുടേയോ നേതൃത്വത്തിലായിരിക്കും പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക. ജൂണ്‍, ജൂലൈ മാസത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലായിരിക്കും പരീശീലന കേന്ദ്രങ്ങള്‍.
പരിശീലന കേന്ദ്രത്തില്‍ താമസ സൗകര്യമുണ്ടാവില്ല. നീന്തല്‍ ഉള്‍പെടെയുള്ള വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കും. പദ്ധതിയുടെ പൂര്‍ണ രൂപരേഖ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. കേരളത്തിലെ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്കായി ഇത്തരത്തില്‍ പല പദ്ധതികള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അണിയറയില്‍ ഒരുക്കുകയാണ്.
പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ്, കായിക വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവര്‍ സംയുക്തമായി കായിക വിദ്യഭ്യാസ പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കായിക മന്ത്രി വി.അബ്‌ദുറഹ്മാന്‍ നടത്തിയ വാഗ്‌ദാനത്തിനു പുറമെയാണ് സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ പുതിയ പദ്ധതി. ഇതോടൊപ്പം സംസ്ഥാന കായിക യുവജന കാര്യാലയവും സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ഫിറ്റ്‌നസ് ആന്‍ഡ് ആന്‍റി ഡ്രഗ്‌സ് കാമ്പയിന്‍റെ ഭാഗമായി കേരളത്തില്‍ പര്യടനം ആരംഭിച്ച ഫിറ്റ്‌നസ് ബസ് പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ വലിയതുറ ജി ആര്‍ എഫ് ടി എച്ച് എസില്‍ നിന്നാണ് ഫിറ്റ്‌നസ് ബസിന്‍റെ പര്യടനം തുടങ്ങിയത്.
വിദ്യാര്‍ഥികളുടെ കായികക്ഷമത പരിശോധിക്കല്‍ പര്യടനം:മൂന്ന് റൂട്ടുകളിലായി തിരിഞ്ഞ് 14 ജില്ലകളിലും ബസ് പര്യടനം നടത്തിയിരുന്നു. 12 വയസിനും 17 വയസിനും ഇടയിലുള്ള ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരിശോധിക്കാനായിരുന്നു പര്യടനം. ഫിറ്റ്‌നസ് ബസിന്‍റെ വിശദമായ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ പുറത്തുവിടും.
എറണാകുളം ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍റെ നടപടിയില്‍ കായികരംഗമാകെ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കുമ്പോഴാണ് കായിക രംഗത്തിനാകെ അഭിമാനമാകുന്ന പുതിയ പദ്ധതി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ക്കാരിനു മുന്നില്‍ വയ്ക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഫുട്ബോളില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രതിരോധ താരം കൂടിയായിരുന്ന ഷറഫലി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പദത്തിലെത്തിയ ശേഷം കായിക രംഗത്ത് ഉണര്‍വേകുന്ന നിരവധി പദ്ധതികളാണ് അണിയറയില്‍ തയ്യാറാകുന്നത്. കൗണ്‍സില്‍ വരുത്തിയിട്ടുള്ള ലക്ഷങ്ങളുടെ കുടിശിക തീര്‍ക്കുന്നതിനുള്ള നടപടികളിലേക്കും അദ്ദേഹം കടന്നിരിക്കുകയാണ്.
അതേസമയം, എറണാകുളം പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും ഗേറ്റ് അധികൃതര്‍ തുറന്നുകൊടുത്തതോടെ പ്രശ്‌നം അവസാനിച്ചെന്നും ഷറഫലി പറഞ്ഞു. സംഭവത്തിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പട കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.