കേരളം

kerala

സ്ലിപ്പോ, സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകൾക്കെതിരെ നടപടി; 40 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

By

Published : Feb 10, 2023, 9:49 PM IST

സംസ്ഥാനത്ത് 321 സ്ഥാപനങ്ങളിലാണ് ഇന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്

ഭക്ഷ്യ സുരക്ഷാ വകുപ്പ്  Department of Food Safety  സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന  Hotel raid in kerala  Food Safety Department Hotel raid in kerala  ഭക്ഷണം  ഭക്ഷ്യസുരക്ഷ  ഭക്ഷണ പാഴ്‌സലുകൾക്കെതിരെ നടപടി
ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഇടമായി കേരളത്തെ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്. ഭക്ഷ്യ സുരക്ഷ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ, സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചു തുടങ്ങിയത്. സംസ്ഥാന വ്യാപകമായി ഇത്തരം വീഴ്‌ചകൾ കണ്ടെത്താൻ പരിശോധന ആരംഭിച്ചു.

ഈ മാസം ഒന്നു മുതല്‍ ഭക്ഷണ പാഴ്‌സലുകളില്‍ സ്ലിപ്പോ, സ്റ്റിക്കറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിൽ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. ഒന്നാം തീയതി മുതൽ നിർബന്ധമാക്കിയെങ്കിലും പരിശോധന തുടങ്ങിയത് ഇന്ന് മുതലാണ്.

പരമാവധി പേർക്ക് ഇതിനാവശ്യമായ സാവകാശം നൽകാനാണ് പരിശോധന 10 ദിവസം വൈകിപ്പിച്ചത്. സ്ലിപ്പോ, സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്ന് 321 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. 53 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.

വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഏഴ് സ്ഥാപനങ്ങള്‍ അടപ്പിച്ചു. 62 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. സ്ലിപ്പോ, സ്റ്റിക്കറോ ഇല്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുടെ ഭാഗമായി നോട്ടിസ് നല്‍കി.

ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധനകൾ നടത്തിയത്. ഇത് കൂടാതെ ഹോട്ടലുകളിലെ മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് കാർഡും നിർബന്ധമാക്കിയിട്ടുണ്ട്. ഫെബ്രുവരി 15 മുതലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിരിക്കുന്നത്.

ABOUT THE AUTHOR

...view details