കേരളം

kerala

Fever case Kerala| പനിക്ക് ചികിത്സ തേടി 12,965 പേർ, 96 ഡെങ്കി കേസുകളും, സംസ്ഥാനത്ത് പനിക്ക് ശമനമില്ല

By

Published : Jun 30, 2023, 8:00 PM IST

കേരളത്തിൽ പനി ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വര്‍ധന

fever  പനി  Fever case Kerala  ഡെങ്കിപ്പനി  പനി മരണം  പനി ബാധിച്ചവർ  ആരോഗ്യം  എലിപ്പനി  Dengue fever  Health news
Fever case Kerala

തിരുവനന്തപുരം :സംസ്ഥാനത്ത് പകര്‍ച്ച പനി വ്യാപനത്തില്‍ കുറവില്ല. ഇന്ന് സംസ്ഥാനത്ത് 12,965 പേരാണ് പനിക്ക് ചികിത്സ തേടിയത്. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കാണിത്. ജൂണ്‍ മുതല്‍ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മഴക്കാല പൂര്‍വ ശുചീകരണം അടക്കം പാളിയതാണ് പനി വ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് വിമര്‍ശനമുണ്ട്.

208 പേരാണ് ഇന്ന് സംസ്ഥാനത്ത് ആശുപത്രികളില്‍ കിടത്തി ചികിത്സയ്‌ക്കായി പ്രവേശിപ്പിക്കപ്പെട്ടത്. ഡെങ്കി, എലിപ്പനി കേസുകളും വര്‍ധിക്കുകയാണ്. 96 ഡെങ്കി കേസുകളും ആറ് എലിപ്പനി കേസുകളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ 2,93,424 പേര്‍ക്കാണ് പനി ബാധിച്ചത്.

പനി ബാധിതർ കൂടുതല്‍ മലപ്പുറത്തും കുറവ് പത്തനംതിട്ടയിലും :ഇന്നത്തെ കണക്കുകളില്‍ പനി ബാധിതരുടെ എണ്ണം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. 2089 പേരാണ് മലപ്പുറത്ത് പനി ബാധിച്ച് ചികിത്സ തേടിയത്. 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം (1234), കൊല്ലം (918), പത്തനംതിട്ട (400), ഇടുക്കി (501), കോട്ടയം (639), ആലപ്പുഴ (774), എറണാകുളം (1255), തൃശ്ശൂര്‍ (522), പാലക്കാട് (989), മലപ്പുറം (2089), കോഴിക്കോട് (1386), വയനാട് (617), കണ്ണൂര്‍ (968), കാസര്‍കോട് (673) എന്നിങ്ങനെയാണ് പനി ബാധിതരുടെ കണക്ക്.

ഡെങ്കിപ്പനി കൂടുതല്‍ പാലക്കാട് :ഇന്ന് സംസ്ഥാനത്ത് 96 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 239 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതല്‍. പാലക്കാട് 27 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.

എറണാകുളം ജില്ലയിലും ഡെങ്കി വ്യാപനം രൂക്ഷമാണ്. എറണാകുളത്ത് ഇന്ന് 25 പേര്‍ക്ക് ഡെങ്കി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം (10), കൊല്ലം (12), ആലപ്പുഴ (5), എറണാകുളം (25), തൃശ്ശൂര്‍ (10), പാലക്കാട് (27), മലപ്പുറം (4) , കോഴിക്കോട് (2), കണ്ണൂര്‍ (1) എന്നിങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ കണക്ക്. ആലപ്പുഴ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഒന്ന് വീതവും കോഴിക്കോട് മൂന്നും എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ജൂണ്‍ മാസത്തില്‍ മാത്രം 1876 ഡെങ്കി കേസുകളും 166 എലിപ്പനി കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇന്ന് സര്‍ക്കാരിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരു പനി മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

പനി മരണം ഒഴിവാക്കാൻ ശ്രമിക്കും :സംസ്ഥാനത്ത് പനി മരണങ്ങള്‍ ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എന്തുകൊണ്ട് മരണം ഉണ്ടായി എന്നതിൽ വിശദമായ പരിശോധന നടക്കുന്നുണ്ട്. സംസ്ഥാനത്ത് പനി വ്യാപനം ഉയർന്നിട്ടുണ്ട്.

സ്വയം ചികിത്സ പാടില്ലെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതായും ആശുപത്രിയില്‍ എത്തി ചികിത്സ തേടുക തന്നെ വേണമെന്നും മന്ത്രി പറഞ്ഞു. മസ്‌തിഷ്‌ക ജ്വരത്തിലും ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് ഇക്കാര്യം വിശദമായി തന്നെ പരിശോധിക്കും. പനി കണക്കില്‍ ഒരു അവ്യക്തതയും സര്‍ക്കാരിന് ഇതുവരെയില്ലെന്നും ഡെങ്കി കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതായും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details