തിരുവനന്തപുരം:അധ്യയന ദിനം 210 ആക്കിയതിൽ അധ്യാപക സംഘടനകൾക്ക് പ്രതിഷേധമുണ്ടായിരുന്നുവെന്നും അതിനാലാണ് സംഘടനകളുമായി ചർച്ച വിളിച്ചതും 205 ദിനങ്ങളാക്കാൻ തീരുമാനമെടുത്തതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ക്വാളിറ്റി ഇമ്പ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിൽ അധ്യാപക സംഘടനകൾക്ക് അഭിപ്രായം പറയാമെന്നും അവരുടെ നിർദേശങ്ങൾ കേട്ട് സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ അധ്യയന ദിനം നേരത്തെ തീരുമാനിച്ച 210 ൽ നിന്ന് 205 ആയി കുറച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ശനിയാഴ്‌ച'യില്‍ വിശദീകരണം:പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി അധ്യാപക സംഘടനകളുടെ യോഗത്തിലാണ് 2023-24 അക്കാദമിക വർഷത്തെ അധ്യയന ദിനങ്ങൾ 205 ആയി തീരുമാനിച്ചത്. ഇതുപ്രകാരം ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള തീയതികൾ വേനൽക്കാല അവധി ദിവസങ്ങളായും തുടരും. മുഴുവൻ ശനിയാഴ്‌ചകളും അധ്യയന ദിവസങ്ങളാണെന്ന പ്രചാരണം ശരിയല്ലെന്നും അധ്യയന വർഷത്തിലെ ആകെയുള്ള 52 ശനിയാഴ്‌ചകളിൽ 13 ശനിയാഴ്‌ചകൾ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്‌ചയിൽ 5 പ്രവൃത്തി ദിനങ്ങൾ വേണം എന്ന് നിർദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്‌ചയിൽ അഞ്ച് ദിവസം അധ്യയന ദിനങ്ങൾ ലഭിക്കാത്ത ആഴ്‌ചകളിൽ ശനിയാഴ്‌ച പഠന ദിവസമാക്കിയിട്ടുള്ളത്. 2022-23 അക്കാദമിക വർഷത്തിൽ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറിലുണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്‌ചകൾ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങളാണ് നിലവിലെ 2022-23 അക്കാദമിക വർഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വർഷത്തിൽ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്‌ചകളും ചേർന്ന് 205 അധ്യയന ദിനങ്ങളാണുണ്ടാവുക.