കേരളം

kerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം : പിന്നിട്ടത് മൂന്നര വര്‍ഷം, കേരള പൊലീസ് ഇരുട്ടില്‍ തപ്പിയ മറ്റൊരു കേസ്

By

Published : Jul 10, 2022, 3:30 PM IST

എ.കെ.ജി സെന്‍റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാനാവാതെ പൊലീസ് നിസ്സഹായരാവുമ്പോഴാണ്, ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പിയ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ചര്‍ച്ചയാവുന്നത്

Discussion again on Sandeepananda Giri Aashram case  സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ അക്രമം  എകെജി സെന്‍റര്‍ ആക്രമണം  fire at Sandeepananda Giri Aashram in thiruvananthapuram
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരായ അക്രമം: പിന്നിട്ടത് മൂന്നര വര്‍ഷം, കേരള പൊലീസ് ഇരുട്ടില്‍ തപ്പിയ മറ്റെരു കേസ്

തിരുവനന്തപുരം : സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിലേക്ക് സ്‌ഫോടക വസ്‌തുവെറിഞ്ഞ കേസിലെ പ്രതികള്‍ക്കായി കേരള പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടെ, വീണ്ടും ചര്‍ച്ചയാവുകയാണ് മൂന്നര വര്‍ഷം മുന്‍പ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ സാളഗ്രാമത്തിലെ ആശ്രമം ആക്രമിച്ച് വാഹനങ്ങള്‍ കത്തിച്ച കേസ്. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ നടന്ന ആക്രമണത്തെക്കുറിച്ച് ആദ്യം ലോക്കല്‍ പൊലീസ് ഒരു വര്‍ഷത്തോളം അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.

പിന്നാലെ, കേസന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെ കുറ്റവാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പെട്രാളൊഴിച്ച് തീ കത്തിച്ചു എന്നതിനപ്പുറം മറ്റെന്തെങ്കിലും തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ കേസന്വേഷണം അവസാനിപ്പിച്ചതായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അന്വേഷണം തുടക്കത്തിലേ വഴി തെറ്റിയെന്ന വിലയിരുത്തലും സംഘത്തിനുണ്ട്.

അക്രമം സര്‍ക്കാരിനെ പിന്തുണച്ച സമയം :ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രക്ഷോഭങ്ങളും കത്തിനില്‍ക്കെ, സര്‍ക്കാരിനെ അനുകൂലിച്ച് സന്ദീപാനന്ദഗിരി രംഗത്തുവന്നിരുന്നു. ഈ സമയത്താണ് ആശ്രമത്തിന് നേരെ ആക്രമണം ഉണ്ടാകുന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ള ശക്തികളാണെന്ന് ആരോപിച്ചിരുന്നു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സംഭവം, സന്ദീപാനന്ദ ഗിരിയും സി.പി.എമ്മും ചേര്‍ന്നുനടത്തിയ നാടകമാണെന്ന ആരോപണം ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ഉന്നയിച്ചിരുന്നു. എ.കെ.ജി സെന്‍ററില്‍ സ്‌ഫോടക വസ്‌തുവെറിഞ്ഞ സംഭവത്തോടെയാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനാകാത്ത സംഭവം സജീവ ചര്‍ച്ചയായത്.

ഇത് സര്‍ക്കാരിനും പൊലീസിനും വലിയ നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് പ്രതികളെ കണ്ടെത്താനാകാതെ കേസന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈം ബ്രഞ്ച് തീരുമാനിച്ച വിവരവും പുറത്തുവരുന്നത്. എന്നാല്‍ കേരള പൊലീസില്‍ സംഘപരിവാര്‍ സ്വാധീനമുണ്ടെന്നും അവരാണ് കേസന്വേഷണം അട്ടിമറിച്ചതെന്നുമാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആരോപണം.

ABOUT THE AUTHOR

...view details