കേരളം

kerala

509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് ; സമ്പൂർണ ഡിജിറ്റല്‍ വത്കരണത്തിലേക്ക് കേരളം

By

Published : Feb 9, 2023, 7:31 PM IST

മെഡിക്കല്‍ കോളജ്, അനുബന്ധ ആശുപത്രികള്‍ എന്നിവയ്‌ക്ക് പുറമെ 16 ജില്ല-ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 കുടുംബാരോഗ്യ-പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്

Digital Health Convenience in Hospitals  Digital Health Convenience in Hospitals of Kerala  Digital Health  E Health  Kerala Health Department  Development of Health Department Kerala  509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത്  ഇ ഹെല്‍ത്ത്  ജനറല്‍ ആശുപത്രികള്‍  താലൂക്ക് ആശുപത്രികള്‍  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍  സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍  പബ്ലിക് ഹെല്‍ത്ത് ലാബ്  ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം  ആരോഗ്യ വകുപ്പ്
509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത്

തിരുവനന്തപുരം :സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായി. മെഡിക്കല്‍ കോളജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. ഈ പദ്ധതിയിലൂടെ ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ ഒപി ടിക്കറ്റും ആശുപത്രി അപ്പോയിന്‍റ്‌മെന്‍റും എടുക്കാനും സാധിക്കും. ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്.

32.40 ലക്ഷം (10.64 ശതമാനം) പെര്‍മനന്‍റ് യുഎച്ച്‌ഐഡി രജിസ്‌ട്രേഷനും 2.72 കോടി (89.36 ശതമാനം) താത്കാലിക രജിസ്‌ട്രേഷനും നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി ഒരു ലക്ഷത്തോളം പേര്‍ അഡ്വാന്‍സ്‌ഡ് അപ്പോയിന്‍റ്‌മെന്‍റ് എടുത്തിട്ടുണ്ട്. സമ്പൂർണ ഡിജിറ്റല്‍ ഹെല്‍ത്ത് എന്ന സ്വപ്‌നത്തിലേക്ക് അടുക്കുകയാണ് ആരോഗ്യ വകുപ്പ്.

ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കുന്നതിലൂടെ ഓണ്‍ലൈന്‍ ഒപി ടിക്കറ്റും പേപ്പര്‍ രഹിത ആശുപത്രി സേവനവും ലഭ്യമാകും. കൂടാത ലാബിൽ നിന്നുള്ള പരിശോധനാഫലം എസ്എംഎസ്ആയി കിട്ടുകയും ചെയ്യും. ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലീ ആപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ 30 വയസിന് മുകളിലുള്ള 73 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി സ്‌ക്രീനിങ് നടത്തി.

കാന്‍സര്‍ രോഗനിര്‍ണയത്തിനും ചികിത്സ ഏകോപിപ്പിക്കുന്നതിനും കാന്‍സര്‍ ഗ്രിഡ്, കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്നിവ നടപ്പിലാക്കി. വിപുലമായ ഇ സഞ്ജീവനി സേവനം ഒരുക്കി. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ് ഇ ഓഫിസാക്കി. ജില്ല മെഡിക്കല്‍ ഓഫിസുകളില്‍ ഇ ഓഫിസ് നടപ്പാക്കി വരുന്നു. ആരോഗ്യ വകുപ്പില്‍ പഞ്ചിങ് ആരംഭിച്ചിട്ടുമുണ്ട്.

യുണീക്ക് ഹെല്‍ത്ത് ഐഡി എങ്ങനെ സൃഷ്‌ടിക്കും : ഇ ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കുവാന്‍ ആദ്യമായി തിരിച്ചറിയില്‍ നമ്പര്‍ സൃഷ്‌ടിക്കണം. അതിനായി https://ehealth.kerala.gov.inഎന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക.

തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്‌ത നമ്പരില്‍ ഒടിപി വരും. ഈ ഒടിപി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്‌വേഡും മൊബൈലില്‍ മെസേജായി ലഭിക്കും. ഈ തിരിച്ചറിയല്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയിന്‍റ്‌മെന്‍റ് എടുക്കാന്‍ സാധിക്കും.

എങ്ങനെ അപ്പോയിന്‍റ്‌മെന്‍റ് എടുക്കാം: ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയല്‍ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്‌ത ശേഷം ന്യൂ അപ്പോയിന്‍റ്‌മെന്‍റ് ക്ലിക്ക് ചെയ്യുക. റഫറല്‍ ആണെങ്കില്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാര്‍ട്ട്‌മെന്‍റും തെരഞ്ഞെടുക്കുക. തുടര്‍ന്ന് അപ്പോയിന്‍റ്‌മെന്‍റ് വേണ്ട തീയതി തെരഞ്ഞെടുക്കുമ്പോള്‍ ആ ദിവസത്തേക്കുള്ള ടോക്കണുകള്‍ ദൃശ്യമാകും.

രോഗികള്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കണ്‍ എടുക്കാവുന്നതാണ്. തുടര്‍ന്ന് ടോക്കണിന്‍റെ പ്രിന്‍റും എടുക്കാവുന്നതാണ്. ടോക്കണ്‍ വിവരങ്ങള്‍ എസ്എംഎസ്ആയും ലഭിക്കും. ഇത് ആശുപത്രിയില്‍ കാണിച്ചാല്‍ മതിയാകും. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details