കേരളം

kerala

'എവിടെ എല്‍ദോസ് കുന്നപ്പിള്ളി?'; വെട്ടിലായി കോണ്‍ഗ്രസ്, കൈയൊഴിഞ്ഞ് നേതാക്കള്‍

By

Published : Oct 14, 2022, 2:28 PM IST

Updated : Oct 14, 2022, 2:57 PM IST

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ പീഡന കേസ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ പശ്ചാത്തലത്തില്‍ അദ്ദേഹം ഒളിവില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരംമുട്ടി വിയര്‍ക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് വിശദമായി നോക്കാം

Eldhose Kunnappillil  Eldhose Kunnappillil rape case  Eldhose Kunnappillil rape case Political Analysis  എല്‍ദോസ് കുന്നപ്പിള്ളില്‍  എല്‍ദോസ് കുന്നപ്പിള്ളില്‍ പീഡന കേസ്  എവിടെ എല്‍ദോസ് കുന്നപ്പിള്ളില്‍  എല്‍ദോസ് കുന്നപ്പിള്ളി  congress in big trouble  missing of Eldhose Kunnappillil
'എവിടെ എല്‍ദോസ് കുന്നപ്പിള്ളില്‍?'; വെട്ടിലായി കോണ്‍ഗ്രസ്, കൈയൊഴിഞ്ഞ് നേതാക്കള്‍

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ കൂടി പ്രതി ചേര്‍ക്കപ്പെട്ട് നേതൃത്വത്തെ അപ്പാടെ പ്രതിസന്ധിയിലാക്കിയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി സൃഷ്‌ടിച്ച പത്മവ്യൂഹം മുറിച്ചുകടക്കാന്‍ തലപുകയ്ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സംഭവത്തിനുശേഷം മുങ്ങിയ എംഎല്‍എയെ കുറിച്ച് നേതാക്കള്‍ക്കും ഒപ്പമുള്ളവര്‍ക്കും നിശ്ചയമില്ല. സാമൂഹിക മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും എവിടെ എല്‍ദോസ് എന്ന ചോദ്യത്തിന് മുന്നില്‍ വിയര്‍ത്തു കുളിക്കുകയാണ് നേതാക്കള്‍.

കൈയൊഴിഞ്ഞ് നേതാക്കള്‍:എല്‍ദോസിനെ ഫോണില്‍ കിട്ടുന്നില്ലെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. എല്‍ദോസിന്‍റെ വിശദീകരണം ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അദ്ദേഹത്തെ സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞു. വിശദീകരണം എന്നത് സ്വാഭാവിക നീതിയാണ്. പക്ഷേ, ഒരു ജനപ്രതിനിധിയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ട നടപടിയല്ല എല്‍ദോസിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്‌ച തിരുവനന്തപുരം ജില്ല കോടതി പരിഗണിക്കാനിരിക്കുകയാണ്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്നലെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ബലാത്സംഗ കുറ്റം കൂടി ചുമത്തി മറ്റൊരു കുറ്റപത്രം സമര്‍പ്പിച്ചതോടെ എല്‍ദോസിനെ ഏത് നിമിഷവും പൊലീസ് അറസ്റ്റു ചെയ്‌തേക്കാം. അറസ്റ്റ്‌ ഒഴിവാക്കാന്‍ അഭിഭാഷകരുടെ നിര്‍ദേശ പ്രകാരമാണ് എല്‍ദോസ് ഒളിവില്‍ പോയത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ താന്‍ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും എല്‍ദോസ് വ്യക്തമാക്കിയെങ്കിലും അതിന് അനുകൂല പ്രതികരണമല്ല ലഭിച്ചത്.

ALSO READ|'പല ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചു'; എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

അതേസമയം, നേതൃത്വത്തെ ഒന്നാകെ എല്‍ദോസ് പ്രതിസന്ധിയിലാക്കിയെന്ന വിമര്‍ശനവും നീരസവും നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന എല്‍ദോസിന്‍റെ പല ദൃശ്യങ്ങളും അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമാണ്. പാര്‍ട്ടിയില്‍ യുവത്വത്തിന് പ്രാധാന്യം നല്‍കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുകയും യുവാക്കള്‍ക്കിടയില്‍ സ്വാധീനം ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ദേശീയ നേതൃത്വത്തിന്‍റെ കാഴ്‌ചപ്പാണ് എല്‍ദോസിനെ പോലെ യുവാക്കള്‍ക്ക് അവസരം ലഭിക്കാനിടയാക്കിയത്. എന്നാല്‍ അതൊക്കെ തിരിച്ചടിയാകുന്ന കാഴ്‌ചയാണ് എല്‍ദോസിലൂടെ പുറത്തുവരുന്നത്.

കോണ്‍ഗ്രസിന്‍റെ യുവ എംഎല്‍എമാരുടെ നിയമസഭയിലെ വേഷവും ലാളിത്യം മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് പോലൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആദര്‍ശത്തിന് ചേരുന്നതല്ലെന്ന അഭിപ്രായവും പൊതുവില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു കോണ്‍ഗ്രസ് യുവ എംഎല്‍എ ആകട്ടെ പതിവായി വിലകൂടിയ ജീന്‍സുകള്‍ മാത്രമം ധരിച്ചാണ് നിയമസഭയിലെത്തുന്നത്. സ്വന്തം വേഷ ഭൂഷാദികളിലും ഹെയര്‍ സ്‌റ്റൈലിലും അതീവ ശ്രദ്ധ ചെലുത്തുന്ന കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ ഇതേ ശ്രദ്ധ മണ്ഡലത്തിലും പാര്‍ട്ടിയിലും ചെലുത്തുന്നുണ്ടോ എന്ന സംശയവും പല നേതാക്കളും പങ്കുവയ്ക്കുന്നു.

'എല്‍ദോസ് സംഭവം' ചൂണ്ടിക്കാണിക്കുന്നത് ?:പെരുമ്പാവൂര്‍ പോലെ കോണ്‍ഗ്രസിന്‍റെ സ്വാധീനമേഖലയില്‍ എല്‍ദോസിന് സീറ്റ് നല്‍കിയതില്‍ ആദ്യം മുതലേ നേതാക്കള്‍ക്ക് നീരസമുണ്ടായിരുന്നു. പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി രംഗത്തുള്ളവരെ നിയന്ത്രിക്കുന്നതിനോ അവരുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിനോ ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനോ കോണ്‍ഗ്രസിന് ഒരു സംവിധാനവുമില്ല. അതിന് പാര്‍ട്ടി നേതൃത്വം തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.

നിയമസഭ സമ്മേളന കാലയളവില്‍ സഭയ്ക്കുള്ളില്‍ നടപ്പാക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേരാറുണ്ടെങ്കിലും എംഎല്‍എമാരുടെയും എംപിമാരുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നതിനോ ഏകോപിപ്പിക്കുന്നതിനോ യോഗങ്ങള്‍ പോലും കെപിസിസി വിളിക്കാറുമില്ല. കെ സുധാകരന്‍ അധ്യക്ഷനായി പാര്‍ട്ടിയെ സെമി കേഡര്‍ ആക്കിമാറ്റും എന്നത് പ്രഖ്യാപനം മാത്രമായി എന്നതിനുള്ള തെളിവുകൂടിയാണ് ഇപ്പോഴത്തെ എല്‍ദോസ് സംഭവം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതേസമയം, തിരുവനന്തപുരം വട്ടിയൂര്‍കാവിലെ ഒരു സ്വകാര്യവിദ്യാലയത്തിലെ അധ്യാപിക എന്നാണ് പരാതിക്കാരി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അങ്ങനെയൊരാള്‍ തങ്ങളുടെ സ്ഥാപനത്തില്‍ അധ്യാപികയായി ഒരിക്കലും ജോലി ചെയ്‌തിട്ടില്ലെന്ന് വിദ്യാലയ അധികൃതര്‍ അറിയിച്ചു.

Last Updated :Oct 14, 2022, 2:57 PM IST

ABOUT THE AUTHOR

...view details