കേരളം

kerala

കളിച്ചുരസിക്കാം, കുഞ്ഞുങ്ങള്‍ക്ക് ഉറങ്ങുകയും ചെയ്യാം, പി.എസ്.സി ആസ്ഥാനത്ത് ക്രഷ് റെഡി

By

Published : Aug 15, 2022, 10:36 PM IST

സർക്കാർ ജീവനക്കാരുടെ ആറുമാസം മുതൽ ആറ് വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ പരിപാലിക്കാൻ സംസ്ഥാനത്തുടനീളം 25 ക്രഷുകൾ സ്ഥാപിക്കുന്നതിന്‍റെ ആദ്യഘട്ടമായി തിരുവനന്തപുരം പി.എസ്.സി ഓഫീസിൽ ശിശു പരിപാലന കേന്ദ്രം

baby creche in government office  baby creche  government office  government  ശിശു പരിപാലന കേന്ദ്രം  തിരുവനന്തപുരം പബ്ലിക് സർവീസ് കമ്മീഷൻ  ദേശീയ ക്രഷ് പദ്ധതി  ശിശുക്ഷേമ സമിതി  കിൻഫ്ര ക്യാമ്പസ്  വെള്ളായണി കാർഷിക സർവകലാശാല
സർക്കാർ ഉദ്യോഗസ്ഥരുടെ മക്കളെ പരിപാലിക്കാനായി തിരുവനന്തപുരം പിഎസ്‌സിയിലെ ശിശു പരിപാലന കേന്ദ്രം

തിരുവനന്തപുരം :സർക്കാർ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ സംസ്ഥാനത്തുടനീളം 25 ക്രഷുകൾ (Creche) സ്ഥാപിക്കുന്നതിന്‍റെ ആദ്യഘട്ടമായി തിരുവനന്തപുരം പബ്ലിക് സർവീസ് കമ്മീഷൻ ഓഫിസിൽ ശിശു പരിപാലന കേന്ദ്രം സ്ഥാപിച്ചു. അമ്മമാർ ഓഫിസിൽ ജോലിയെടുക്കുമ്പോൾ അടുത്തുതന്നെ ക്രഷിൽ കുഞ്ഞുങ്ങൾ ഉറങ്ങുകയോ, കളിപ്പാട്ടങ്ങൾക്കിടയിൽ കളിച്ചുരസിച്ച് നടക്കുകയോ ആവും. ആറുമാസം മുതൽ ആറ് വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്കുവേണ്ടിയാണ് ക്രഷ്.

മുലപ്പാൽ കുടിക്കുന്നവരെ തേടി അമ്മമാർ ഇടയ്‌ക്കെത്തും. കുഞ്ഞുങ്ങളുടെ വിശപ്പകറ്റി അവർ ജോലിയിലേക്ക് മടങ്ങും. സമയത്തിന് ഭക്ഷണം നൽകുന്നതിനും കുഞ്ഞുങ്ങളുടെ മറ്റ് കാര്യങ്ങൾ നോക്കുന്നതിനുമായി ശിശുക്ഷേമ സമിതി നിയോഗിച്ച രണ്ട് ജീവനക്കാരുമുണ്ട്.

23 അമ്മമാരും കുട്ടികളും പിഎസ്‌സി ഓഫിസിൽനിന്ന് ഇവിടെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ജോലിക്ക് പോകാൻ ബുദ്ധിമുട്ട് നേരിടുന്നത് അടക്കമുള്ള പ്രതിസന്ധി സാഹചര്യങ്ങൾക്ക് ക്രഷ് വലിയ ആശ്വാസമാണ്. സർക്കാർ ജീവനക്കാരായ രക്ഷിതാക്കളുടെ നാളുകൾ നീണ്ട ആവശ്യമാണ് ഇപ്പോൾ നടപ്പായത്.

പിഎസ്‌സി ആസ്ഥാനത്ത് ശിശുപരിപാലന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

സെക്രട്ടേറിയേറ്റിൽ ജീവനക്കാർ സ്വന്തം ചെലവിൽ നേരത്തെ തന്നെ ഇത് നടപ്പാക്കി. എന്നാൽ സർക്കാർ മുൻകൈയെടുത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം ഒരു സംവിധാനം നടപ്പാക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ശിശു സൗഹൃദ ഫർണിച്ചറുകൾ, മുലയൂട്ടാനുള്ള സ്ഥലം, ബേബി മോണിറ്ററിംഗ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം ക്രഷിൽ സജ്ജമാണ്.

ദേശീയ ക്രഷ് പദ്ധതി പ്രകാരം ശിശുക്ഷേമ സമിതി മുഖേനയാണ് ഇതിൻ്റെ പ്രവർത്തനം. തിരുവനന്തപുരം ജില്ലയിലെ കിൻഫ്ര ക്യാമ്പസ്, വെള്ളായണി കാർഷിക സർവകലാശാല, ആലപ്പുഴ ജില്ലയിലെ കൃഷ്‌ണപുരം പഞ്ചായത്ത്, എറണാകുളം, കോഴിക്കോട് കലക്‌ടറേറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള ഓഫിസുകളിൽ ഉടൻ ക്രഷ് പ്രവർത്തനം തുടങ്ങും.

ABOUT THE AUTHOR

...view details