കേരളം

kerala

കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞ ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം

By

Published : Aug 19, 2021, 7:37 PM IST

കരമന മേലാറന്നൂർ വിളയിൽ വീട്ടിൽ കുടുംബത്തിനാണ് ഓണവില്ലിന്‍റെ നിർമ്മാണത്തിനുള്ള അവകാശം. 41 ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണവില്ലിലെ ചിത്രരചന. ക്ഷേത്രത്തിൽ പണം നൽകിയാൽ ഭക്തജനങ്ങൾക്ക് ഓണവില്ല് ലഭിക്കും.

artistic-and-legendary-backgrounds-of-onavillu-in-sree-padmanabhaswamy-temple-in-trivandrum
ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ് തിരുവോണ ദിവസം നടക്കുന്ന ഓണവില്ല് സമർപ്പണം. പള്ളിവില്ല് സമർപ്പണം എന്നാണ് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നതെങ്കിലും ഓണനാളിൽ നടക്കുന്നതിനാൽ അത് പിന്നീട് ഓണവില്ല് സമർപ്പണമായി. കലാഭംഗിയും ഐതിഹ്യ പശ്ചാത്തലവും നിറഞ്ഞതാണ് ഓണവില്ല് നിർമ്മാണവും അതിന്‍റെ സമർപ്പണവും.

1. എന്താണ് ഓണവില്ല്

വിശ്വകർമ്മ ദേവനാൽ സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന അതിവിശിഷ്ടമായ ചിത്രരചന ശില്പമാണ് ഓണവില്ല്. വില്ല് ആകൃതിയുള്ള പലകയിൽ മഹാവിഷ്ണുവിന്‍റെ വീര ശയനം അവതാരകഥകൾ എന്നിവയാണ് ചിത്രീകരിക്കുന്നത്. വിനായകൻ, ശ്രീകൃഷ്ണലീല, ദശാവതാരം, അനന്തശയനം, ശ്രീരാമപട്ടാഭിഷേകം, ശാസ്താവ് എന്നിങ്ങനെ ആറ് വില്ലുകളാണ് ഓണവില്ലിന്‍റെ ഭാഗമായി തയാറാക്കുന്നത്.

ഓണവില്ല് നിർമ്മാണവും സമർപ്പണവും എങ്ങനെയെന്നറിയാം

2. ഓണവില്ലിന് പിന്നിലെ ഐതിഹ്യം

മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നതിനു മുമ്പ് മഹാവിഷ്ണുവിനോട് വിശ്വരൂപം കാണണമെന്ന് അപേക്ഷിച്ചിരുന്നു. ഇതുപ്രകാരം വിശ്വരൂപം ഒപ്പം ദർശിച്ചശേഷം ഒരു ആഗ്രഹം കൂടി മുന്നോട്ടുവച്ചു. കാലാകാലങ്ങളിൽ ഭഗവാൻ എടുക്കുന്ന അവതാരങ്ങളെ കുറിച്ച് അറിയണം എന്ന് ആഗ്രഹം ആണ് മുന്നോട്ടുവച്ചത്.

ഇത് പൂർത്തിയാക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിന്‍റെ ദശാവതാരം വിശ്വകർമ്മ ദേവനെ കൊണ്ട് വരപ്പിച്ചുവെന്നും കാലാകാലങ്ങളിൽ മഹാവിഷ്ണു സന്നിധിയിൽ ഇത്തരത്തിൽ അവതാരകഥകൾ കാലാകാലങ്ങളിൽ വരച്ച് സമർപ്പിക്കണമെന്നും ഇതിലൂടെ ഓണനാളിൽ എത്തുന്ന മഹാബലിക്ക് എല്ലാ അവതാരങ്ങളും കാണാൻ കഴിയുമെന്നും നിർദേശം നൽകി ഇതാണ് ഓണവില്ലെന്നാണ് ഐതിഹ്യം.

3. എങ്ങനെയാണ് ഓണവില്ല് നിർമ്മിക്കുന്നത്

ദേവഗണത്തിൽ പെടുന്ന കടമ്പ് മഹാഗണി എന്നീ വൃക്ഷങ്ങളുടെ തടിയിലാണ് ഓണവില്ല് നിർമ്മിക്കുന്നത്. പ്രത്യേക പൂജകൾക്കു ശേഷം മരം മുറിച്ച് 21 ദിവസം സൂക്ഷിക്കുന്നു. തുറന്ന പ്രധാന വില്ലിന് 4.5 അടി നീളവും 6 ഇഞ്ച് വീതിയും അരയിഞ്ച് കനത്തിലും വില്ല് തയാറാകുന്നു. മറ്റു വില്ലുകൾ ആയാൽ നരസിംഹമൂർത്തി ശ്രീരാമപട്ടാഭിഷേകം ശാസ്താവ് എന്നീ ദേവൻമാരുടെ ചിത്രങ്ങൾ വയ്ക്കുന്നതിന് 4 അടി നീളവും 5 ഇഞ്ച് വീതിയും അരയിഞ്ച് കനത്തിലും ശ്രീകൃഷ്ണൻ, വിനായകൻ എന്നീ ദേവൻമാരുടെ ചിത്രങ്ങൾ വരക്കുന്നതിന് 3.5 അടി നീളവും 4 ഇഞ്ച് വീതിയും അരയിഞ്ച് കനത്തിലും വില്ല് തയ്യാറാക്കുന്നു.

പഞ്ചവർണ്ണം ആണ് ചിത്രങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. പച്ച നിറം മഹാമനസ്കത, ദയ എന്നിവയേയും ചുവപ്പ് ധൈര്യം, സ്നേഹം എന്നിവയേയും മഞ്ഞ അറിവിനെയും നീല ആർജ്ജവത്തെയും കറുപ്പ് കാഠിന്യത്തേയും വെളുപ്പ് പരിശുദ്ധി സമാധാനം എന്നിവയേയും ഓറഞ്ച് ദൈവികതയും പ്രതിനിധീകരിക്കുന്നു. വെള്ള മണ്ണ്, ചെമ്മണ്ണ്, കരിപ്പൊടി, മഞ്ഞൾപ്പൊടി, ഇലച്ചാറുകൾ എന്നിവയാണ് നിറങ്ങൾ ആയി ഉപയോഗിക്കുന്നത്.

ഇവ എരുക്കിൻ കടയിൽ കുഴച്ചെടുത്ത് ആണ് ഉപയോഗിക്കുന്നത്. വരയ്ക്കുന്ന വില്ലുകളുടെ എണ്ണം കൂടിയതിനാൽ കളമെഴുത്തിന് ഉപയോഗിക്കുന്ന നിറങ്ങളും ഉപയോഗിക്കുന്നുണ്ട്. തയ്യാറാക്കിയ വില്ലിൽ ആദ്യം മഞ്ഞ പൂശിയാണ് ചിത്ര രചന ആരംഭിക്കുന്നത്. ചുവപ്പ് നിറം പശ്ചാത്തലമാക്കിയാണ് ചിത്രങ്ങൾ വരയ്ക്കുക.

4. ഓണവില്ല് നിർമ്മാണവകാശം വിളയിൽ വീട്ടിൽ കുടുംബത്തിന്

കരമന മേലാറന്നൂർ വിളയിൽ വീട്ടിൽ കുടുംബത്തിനാണ് ഓണവില്ലിന്‍റെ നിർമ്മാണത്തിനുള്ള അവകാശം. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ തച്ചൻമാരുടെ കുടുംബമായതിനാലാണ് ഈ അവകാശം ലഭിച്ചത്. കൊല്ലവർഷം 677 ൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ സമയം മുതൽ ഓണവില്ല് സമർപ്പണവും നടക്കുന്നതായാണ് മതിലകം രേഖയിൽ രേഖപ്പെടുത്തിയിട്ടുളളത്.

5. ഓണവില്ല് സമർപ്പണവും വ്രതനിഷ്ടയും

കഠിനമായ വ്രതനിഷ്ഠയോടെയാണ് കരമന മേലാറന്നൂർ വിളയിൽ വീട്ടിൽ കുടുംബത്തിലെ അംഗങ്ങൾ ഓണവില്ലുകൾ തയാറാക്കുന്നത്. 41 ദിവസം നീണ്ടു നിൽക്കുന്നതാണ് ഓണവില്ലിലെ ചിത്രരചന. ബ്രഹ്മമുഹൂർത്തത്തിൽ പൂജ ചടങ്ങുകളോടെയാണ് ചിത്ര രചന ആരംഭിക്കുന്നത്. കാരണവർ സ്ഥാനത്തുള്ള കുടുംബാഗത്തിന്‍റെ നേതൃത്വത്തിൽ പുരുഷൻമാരാണ് ചിത്രരചന നടത്തുന്നത്.

എല്ലാ പ്രായത്തിലുള്ളവരും ഇതിൽ പങ്കാളിയാകും. ഇത്തരത്തിൽ തയാറാക്കുന്ന ഓണവില്ല് ഉത്രാടം നാളിൽ കുടുംബ ക്ഷേത്രത്തിൽ പൂജിക്കും. തുടർന്ന് തിരുവോണനാളിൽ പുലർച്ചെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മൂത്താചാരിയുടെ നേതൃത്വത്തിൽ എത്തിക്കും. മേൽശാന്തിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിലെ ശില്പിയുടെ ശിലയ്ക്ക് മുന്നിൽ സമർപ്പിക്കുന്നു.

തുടർന്ന് ക്ഷേത്ര നമ്പിമാർ വിഗ്രഹങ്ങളിൽ സ്ഥാപിക്കുന്നു. തുടർന്ന് മൂന്ന് ദിവസം വില്ല് ചാർത്തിയാകും പൂജ. പൂജ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഓണ വില്ല് തിരുവിതാംകൂർ രാജകുടുംബത്തിന് കൈമാറും. ഒരു വർഷക്കാലം രാജകുടുംബത്തിലെ പൂജാമുറിയിൽ ഈ വില്ലുകൾ സൂക്ഷിക്കും. ഇവിടെ എത്തുന്ന വി.ഐ.പികൾക്ക് ഈ വില്ലുകൾ സമ്മാനമായി നൽകും.

6. ഓണവില്ലുകൾ ഭക്തർക്കും സ്വന്തമാക്കാം

ക്ഷേത്രത്തിൽ പണം നൽകിയാൽ ഭക്തജനങ്ങൾക്ക് ഓണവില്ല് ലഭിക്കും. ഐശ്വര്യം വർദ്ധിക്കുമെന്നതാണ് ഓണവില്ല് സൂക്ഷിക്കുന്നതിലൂടെയുള്ള ഫലസിദ്ധി. വീടുകളിൽ കിഴക്കോട്ട് ദർശനമായി വേണം വില്ല് സൂക്ഷിക്കേണ്ടത്. വില്ലിലെ ഞാൺ കുഞ്ചലം എന്നിവ ആഴച്ച് മാറ്റരുത്. ആണി തറയ്ക്കാനും പാടില്ല. പൂജമുറികളിൽ വില്ല് സൂക്ഷിക്കുന്നതാണ് നല്ലത്. മറ്റിടങ്ങളിലാണ് സൂക്ഷിക്കുന്നതെങ്കിൽ ആറടി ഉയരത്തിൽ സ്ഥാപിക്കണം.

ABOUT THE AUTHOR

...view details