കേരളം

kerala

സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ

By

Published : Jul 8, 2022, 4:18 PM IST

ഒരു സംസ്ഥാന മുഖ്യമന്ത്രി കുടുംബസമേതം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനാകുന്നത് രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

shobha karandlaje  gold smuggling case  pinarayi vijayan  union minister shobha karandlaje  ശോഭാ കരന്തലജെ  സ്വര്‍ണക്കടത്ത് കേസ്  പിണറായി വിജയന്‍
സ്വര്‍ണക്കടത്ത്‌ കേസില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ

പത്തനംതിട്ട: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്‌ക്കണമെന്ന് കേന്ദ്ര കൃഷി വകുപ്പ്‌ സഹമന്ത്രി ശോഭ കരന്തലജെ. സ്വര്‍ണക്കടത്ത് കേസില്‍ ഒരു സംസ്ഥാന മുഖ്യമന്ത്രി കുടുംബസമേതം ആരോപണ വിധേയനാകുന്നത്‌ ചരിത്രത്തില്‍ ആദ്യമാണ്. കേസില്‍ സമഗ്രമായ അന്വേഷണം നടക്കണമെങ്കില്‍ മുഖ്യന്ത്രി രാജി വച്ച് ഒഴിയണമെന്നും പത്തനംതിട്ട പ്രസ്‌ ക്ലബില്‍ നടന്ന മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

സ്വപ്‌ന സുരേഷിന്‍റെ 164 മൊഴി സൂചിപ്പിക്കുന്നത്‌ മുഖ്യമന്ത്രിയുടെ പങ്കിനൊപ്പം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ഇടപെടല്‍ കൂടിയാണ്‌. അതിനാല്‍ അന്വേഷണപരിധിയില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ഉള്‍പ്പെടുത്തണം. യു.എ.ഇ കോണ്‍സുലേറ്റിനെയും നയതന്ത്ര ഇടപടുകളെയും ദുരുപയോഗം ചെയ്യാനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചതെന്നും ശോഭ കരന്തലജെ ആരോപിച്ചു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കേസില്‍ ഉള്‍പ്പെട്ടത്‌ മുഖ്യമന്ത്രിക്ക്‌ വ്യക്‌തമായ പങ്കുള്ളതുകൊണ്ടാണ്‌. കേസ്‌ കേന്ദ്ര ഏജന്‍സിയായ ഇ.ഡി അട്ടിമറിച്ചു എന്നുള്ള ആരോപണം ശരിയല്ല. ഇപ്പോഴും അന്വേഷണം തുടര്‍ന്നു വരികയാണ്‌.

കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള നിഗൂഢ ബന്ധമാണ്‌ കേസ്‌ അന്വേഷണം മന്ദീഭവിക്കാന്‍ കാരണമെന്ന ആരോപണം ശരിയല്ല. അഴിമതിക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാര്‍ നയം. ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രിയായപ്പോഴും അഴിമതി രഹിതമായ ഭരണമാണ്‌ നരേന്ദ്രമോദി കാഴ്‌ച്ചവച്ചിട്ടുള്ളത്‌. അതിനാല്‍ അത്തരക്കാരുമായി യാതൊരു ബന്ധവും കേന്ദ്ര സര്‍ക്കാരിന്‌ ഉണ്ടാവില്ലെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details