കേരളം

kerala

'ക്ഷേത്ര വസ്‌തുവിൽ കുടികിടപ്പവകാശം നേടണം' ; കോടതി ചെലവിനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ പിടിയിൽ

By

Published : Nov 25, 2022, 4:48 PM IST

ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്‍റെ കുടികിടപ്പവകാശം നേടുന്നതിനെന്ന വ്യാജേന തട്ടിപ്പ് നടത്തിയ രമ കെ, സജു സിഎസ് എന്നിവരാണ് പിടിയിലായത്

കോടതി ചെലവിനെന്ന വ്യാജേന തട്ടിപ്പ്  ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം  രമ കെ  സജു സിഎസ്  Two persons were arrested for fraud case  സ്വപ്‌നിൽ മധുകർ മഹാജന്‍  Pathanamthitta fraud case  Two arrested fraud case in kodumon  ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ പിടിയിൽ  കൊടുമൺ പൊലീസ്  പത്തനംതിട്ടയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്
ക്ഷേത്ര വസ്‌തുവിൽ കുടികിടപ്പവകാശം നേടണം; കോടതി ചെലവിനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ രണ്ട് പേർ പിടിയിൽ

പത്തനംതിട്ട :ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂർ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്‍റെ കുടികിടപ്പവകാശം കേസ് നടത്തി നേടുന്നതിന് കോടതിയിൽ വേണ്ടിവരുന്ന ചെലവിനെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ രണ്ടുപേരെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളപ്പാറ സന്തോഷ്‌ ഭവനം വീട്ടിൽ സന്തോഷ്‌ കുമാറിന്‍റെ ഭാര്യ രമ കെ (44), കോന്നി താഴം ചെങ്ങറ ചരുവിള വീട്ടിൽ നിന്നും കുമ്പഴ ചരിവുപറമ്പിൽ വീട്ടിൽ താമസിക്കുന്ന സജു സിഎസ് (44) എന്നിവരാണ് പിടിയിലായത്.

230 കോടിയോളം രൂപ വിലവരുന്നതാണ് വസ്‌തുവെന്നും കുടികിടപ്പവകാശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡുമായി കേസ് നിലവിലുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നൽകിയാൽ ബാങ്ക് വായ്പകള്‍ അടച്ചുകൊള്ളാമെന്ന് പറഞ്ഞ് കൊടുമൺ സ്വദേശി മറിയാമ്മ ചാക്കോയിൽ നിന്നാണ് 5,65,000 രൂപയും നാലര പവൻ സ്വർണവും പ്രതികൾ കൈക്കലാക്കിയത്.

ഇല്ലാത്ത കോടതി ഉത്തരവ് : സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ സർക്കാർ മുദ്രയോടുകൂടിയ ജില്ല സെഷൻസ് കോടതി ഉത്തരവ് വ്യാജമായി നിർമിച്ചശേഷം സത്യമാണെന്ന് വിശ്വസിപ്പിച്ച് തുകയും മറ്റും തിരിച്ചുകൊടുക്കാതെ പറ്റിക്കുകയായിരുന്നു. ഇതോടെ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ മറിയാമ്മ ചാക്കോ കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പ്രതികൾ മുദ്രപ്പത്രത്തിൽ നൽകിയ രേഖകളും മറ്റും പരിശോധിക്കുകയും അവ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. പ്രതികൾ നിർമിച്ച, വ്യാജ കോടതി ഉത്തരവ്, പ്രതികൾക്ക് നൽകാനുള്ള പണത്തിനായി സ്വർണം പണയം വച്ചതിന്‍റെ രസീതുകൾ, ഒന്നാം പ്രതി രമയുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് തുടങ്ങിയ തെളിവുകൾ കൂടുതൽ പരിശോധനയ്ക്കായി പൊലീസ് ബന്തവസിലെടുത്തു.

പഴുതടച്ച അന്വേഷണം : ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് പ്രതികൾ മുദ്രപ്പത്രം വാങ്ങിയ അടൂരുള്ള ആധാരമെഴുത്ത് ഓഫിസിലും കോടതി ഉത്തരവിന്‍റെ സത്യാവസ്ഥ തിരിച്ചറിയുന്നതിന് കൊട്ടാരക്കര സബ് കോടതിയിലും പരിശോധന നടത്തി. പരിശോധനയിൽ ഉത്തരവിൽ പറഞ്ഞിരിക്കുന്ന കോടതി നിലവിലില്ലാത്തതാണെന്ന് വ്യക്തമായി.

പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയ പൊലീസ് കോന്നിയിൽ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. രണ്ടാം പ്രതി സജുവിനെയാണ് ആദ്യം പിടികൂടിയത്. പിന്നാലെ കോന്നി വെള്ളപ്പാറയിൽ നിന്നും ഒന്നാം പ്രതി രമയേയും അറസ്റ്റ് ചെയ്‌തു.

ALSO READ:ഗൂഗിളില്‍ തിരഞ്ഞ് കള്ളനോട്ട് അച്ചടിച്ചു ; കോട്ടയത്ത് വ്യാജ കറന്‍സി നൽകി ലോട്ടറി വാങ്ങിയ അമ്മയും മകളും അറസ്‌റ്റില്‍

പ്രതികൾ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. സമാനമായ വേറെയും കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടോയെന്നും കൂടുതൽ പേർ ചതിക്കപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് നീക്കം തുടങ്ങി.

പൊലീസ് ഇൻസ്‌പെക്‌ടർ പ്രവീണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എസ് ഐമാരായ രതീഷ് കുമാർ, സതീഷ്, എസ്‌സിപിഒമാരായ പ്രമോദ്, വിനീത്, സിപിഒമാരായ അജിത് കുമാർ, പ്രദീപ്‌, സിന്ധു, സുനിത, അജിത് എസ് പി എന്നിവരാണ് സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details