കേരളം

kerala

MBBS Seat Cancellation| 'ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റുകള്‍ നഷ്‌ടമാകില്ല, അഡ്‌മിഷന്‍ നടപടി തുടങ്ങി': വീണ ജോര്‍ജ്

By

Published : Jul 27, 2023, 7:12 PM IST

ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് സീറ്റുകളില്‍ അഡ്‌മിഷന്‍ നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജിനുമെന്ന് പ്രതിപക്ഷ നേതാവ്.

pta alapuzha  Minister Veena George  Alappuzha Medical College  MBBS seat  ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്  ആരോഗ്യ വകുപ്പ്  എംബിബിഎസ്  എംബിബിഎസ് സീറ്റ് ആലപ്പുഴ  പിജി സീറ്റ്  പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍  kerala news updates  latest news in kerala
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: ആലപ്പുഴ മെഡിക്കല്‍ കോളജിന് എംബിബിഎസ് സീറ്റുകള്‍ നഷ്‌ടമാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഈ വര്‍ഷം 175 എംബിബിഎസ് സീറ്റുകളിലും അഡ്‌മിഷന്‍ നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓള്‍ ഇന്ത്യ ക്വാട്ട സീറ്റുകള്‍ എന്‍എംസി (നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍) സീറ്റ് മെട്രിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്‌മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2023 ഫെബ്രുവരിയിലാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എന്‍എംസി ഇന്‍സ്‌പെക്ഷന്‍ നടത്തിയത്. പരിശോധനയില്‍ ചൂണ്ടിക്കാണിച്ച ചില തസ്‌തികകള്‍, പഞ്ചിങ് മെഷീന്‍, സിസിടിവി കാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 3ന് കംപ്ലെയിന്‍സ് റിപ്പോര്‍ട്ടും ജൂലൈ 10ന് പഞ്ചിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള കുറവുകള്‍ പരിഹരിച്ചുള്ള റിപ്പോര്‍ട്ടും എന്‍എംസിയ്ക്ക് മെഡിക്കല്‍ കോളജ് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തസ്‌തികകള്‍ സൃഷ്‌ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നല്‍കിയ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്‍റെ പരിഗണനയിലാണ്.

പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്‌മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളിലും ഈ വര്‍ഷത്തെ 100 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എന്‍എംസി അംഗീകാരം നല്‍കിയിട്ടുണ്ട്. പിജി സീറ്റുകള്‍ നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനെന്ന് വിഡി സതീശന്‍:ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് സീറ്റുകള്‍ നഷ്‌ടമായതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരം കുറ്റകരമായ അനാസ്ഥയ്ക്ക് ആരോഗ്യ മന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എംബിബിഎസ് സീറ്റുകളാണ് നഷ്‌ടമായത്.

22,000 രൂപ ഫീസ് നല്‍കി സാധാരണക്കാര്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിലാണ് സര്‍ക്കാരിന്‍റെ കുറ്റകരമായ അനാസ്ഥയെ തുടര്‍ന്ന് മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കപ്പെട്ടത്. പരിതാപകരമായ അവസ്ഥയിലാണ് ആരോഗ്യ വകുപ്പെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതിലൂടെ പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയിരിക്കുന്നത്.

ഡോക്‌ടര്‍മാരെ നിയമിച്ചും സൗകര്യങ്ങള്‍ ഒരുക്കിയും ദേശീയ മെഡിക്കല്‍ കമ്മിഷന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ സീറ്റുകള്‍ നഷ്‌ടപ്പെടില്ലായിരുന്നു. എംബിബിഎസ് സീറ്റുകള്‍ക്ക് പുറമെ കോളജിലെ പിജി സീറ്റുകളും നഷ്‌ടമായി. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പും മന്ത്രിയും ഇതിനെല്ലാം ഉത്തരം പറഞ്ഞേ മതിയാകൂവെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എംബിബിഎസ് സീറ്റുകള്‍ക്ക് അംഗീകാരം നഷ്‌ടം:ആലപ്പുഴ മെഡിക്കല്‍ കോളജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരമാണ് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ റദ്ദാക്കിയത്. വിദഗ്‌ധ ഡോക്‌ടര്‍മാരുടെയും സീനിയര്‍ റസിഡന്‍റുമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം ചൂണ്ടിക്കാട്ടിയാണ് അംഗീകാരം റദ്ദാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ എംബിബിഎസ് സീറ്റുകള്‍ക്ക് പുറമെ കോഴിക്കോട്, കണ്ണൂര്‍, പരിയാരം കോളജുകളിലെ പിജി സീറ്റുകള്‍ക്കും അംഗീകാരം നഷ്‌ടമായിട്ടുണ്ട്.

ABOUT THE AUTHOR

...view details