കേരളം

kerala

കാനനപാതയിലൂടെ ശബരിമല ദർശനത്തിനെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തർ

By ETV Bharat Kerala Team

Published : Dec 22, 2023, 10:55 AM IST

Sabarimala Kanana Patha : കാനനവഴികൾ താണ്ടി ഇതുവരെ 1,06,468 പേരാണ് അയ്യപ്പദർശനത്തിന് ശബരിമല സന്നിധാനത്ത് എത്തിയത്. ശരണവഴിയിൽ കരുതലൊരുക്കി വനംവകുപ്പും ആരോഗ്യവകുപ്പും.

Kananapatha sabarimala  Devotees of sabarimala  devotees came to Sabarimala through Kananapatha  കാനനപാതയിലൂടെ ശബരിമല ദർശനം  ശബരിമല കാനനപാത  ശബരിമല പത്തനംതിട്ട  Sabarimala Pathanamthitta  sabarimala news  SABARIMALA HELTH HELP LINE  health department sabarimala  Sabarimala Sannidhanam Ayyappadarshan  ശബരിമല സന്നിധാനം  ശബരിമല ഭക്തർ  വനംവകുപ്പ് ശബരിമല  ശബരിമല ആരോഗ്യവകുപ്പ്
devotees came to Sabarimala through Kananapatha

പത്തനംതിട്ട : ശബരിമല ദർശനത്തിനായി കാനനപാതയിലൂടെ ഇന്നലെ വരെയെത്തിയത് ഒരുലക്ഷത്തിലേറെപ്പേർ (Devotees to Sabarimala through Kanana patha). ഈ മണ്ഡലകാലത്ത് ഡിസംബർ 21 വരെ കാനന പാതയായ അഴുതക്കടവുവഴിയും സത്രം പുല്ലുമേട് വഴിയും 1,06,468 പേരാണ് അയ്യപ്പദർശനത്തിന് ശബരിമല സന്നിധാനത്ത് എത്തിയത്. ഡിസംബർ 20വരെ പരമ്പരാഗത കാനനപാതയായ അഴുതക്കടവ് വഴി 55,366 തീർഥാടകരാണ് സന്നിധാനത്തേക്ക് എത്തിയത്.

സത്രം പുല്ലുമേട് വഴി 45,223 തീർഥാടകരുമെത്തി. ഡിസംബർ 21ന് അഴുതക്കടവ് വഴി 3042 തീർഥാടകരും സത്രം വഴി 2837 തീർഥാടകരും സന്നിധാനത്തേക്ക് എത്തി. കാനനപാതയിലൂടെ എത്തുന്ന അയ്യപ്പതീർഥാടകരുടെ സുരക്ഷയ്ക്ക് വലിയ ക്രമീകരണങ്ങളാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. ഉച്ച കഴിഞ്ഞ് 3.20 വരെയാണ് അഴുതക്കടവിലൂടെ തീർഥാടകരെ കടത്തിവിടുന്നത്. പുല്ലുമേട്ടിൽ ഉച്ചകഴിഞ്ഞ് 2.50 വരെയും. തീർഥാടകർ പോകുന്നതിനുമുമ്പായി കാനനപാത വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. ഇതുവഴി പോകുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തി മുഴുവൻ പേരും സന്നിധാനത്ത് എത്തിയെന്നും ഉറപ്പാക്കുന്നുണ്ട്.

വന്യ മൃഗശല്യം ചെറുക്കുന്നതിനായി സൗരവേലി ഒരുക്കിയിട്ടുണ്ട്. രാത്രി നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
അഴുതക്കടവ് വഴിയുള്ള പാതയിൽ 45 വനംവകുപ്പ് ജീവനക്കാർ, 25 ബീറ്റ്‌ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 45 പേരടങ്ങുന്ന എലിഫന്‍റ് സ്‌ക്വാഡ് എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. സത്രം പാതയിൽ വനം വകുപ്പിന്‍റെ 35 ജീവനക്കാർ, 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ, 30 പേരടങ്ങുന്ന എലിഫന്‍റ് സ്‌ക്വാഡ് എന്നിവരേയും നിയോഗിച്ചിട്ടുണ്ട്.

ചികിത്സ തേടിയത് 45105 പേർ :ശരണവഴിയിൽ കരുതലൊരുക്കിയ ആരോഗ്യവകുപ്പിന്‍റെ കൃത്യസമയത്തെ ഇടപെടലിലൂടെ ഈ മണ്ഡലകാലത്ത് രക്ഷിക്കാനായത് വിലപ്പെട്ട 76 ജീവനുകള്‍. പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തിലേയ്ക്കുള്ള വഴിയിൽ അടിയന്തരഘട്ടങ്ങളിൽ സേവനത്തിന് ഒരുക്കിയിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഗൂർഖ വാഹനത്തിലുള്ള ആംബുലൻസ് സംവിധാനം ഉപയോഗിച്ചാണ് 76 പേർക്ക് കൃത്യസമയത്ത് അടിയന്തരചികിത്സ നൽകിയത്.

സന്നിധാനം, അപ്പാച്ചിമേട്, ചരൽമേട് തുടങ്ങിയ ശരണപാതകളിലാണ് ആംബുലൻസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവർക്ക് സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയ ശേഷം പമ്പയിലെ സർക്കാർ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. കൂടുതൽ വിദഗ്‌ധ ചികിത്സ വേണ്ടവരെ കോന്നി, കോട്ടയം മെഡിക്കൽ കോളജിലേക്കോ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കോ അയക്കും.

മലകയറിവന്നവരിൽ ഹൃദയസംബന്ധമായ അസുഖം നേരിട്ടവരാണ് അടിയന്തരചികിത്സ തേടിയവരിൽ നല്ല പങ്കും. അടിയന്തര ചികിത്സാ വശ്യങ്ങൾ നേരിടുന്നതിനായി പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ 15 എമർജൻസി മെഡിക്കൽ സെന്‍ററുകളും സജ്ജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് എന്തെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ അടിയന്തരവൈദ്യ സഹായത്തിനായി 04735203232 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇവർക്ക് ഏറ്റവും അടുത്തുള്ള എമർജൻസി മെഡിക്കൽ സെന്‍ററിൽ നിന്നുള്ള സേവനം ഉടനടി ഒരുക്കുന്നതിനായി ആരോഗ്യവകുപ്പ് സദാ സജ്ജമാണ്.

ഈ മണ്ഡലകാലത്ത് ഇന്നലെ വരെ 45105 പേരാണ് സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. മലകയറിയെത്തിയതിനെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾക്കാണ് ചികിത്സ തേടിയവരിൽ ഏറെപ്പേരും സന്നിധാനത്തെ ആശുപത്രിയെ സമീപിച്ചിട്ടുള്ളത്. ദിവസവും 1500 പേരിൽ കൂടുതൽ സന്നിധാനത്തെ ആശുപത്രി ഒ.പിയിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഹൃദയാഘാതം പാമ്പ് വിഷബാധ തുടങ്ങി ഏത് അടിയന്തര ഘട്ടത്തേയും നേരിടാനുള്ള മരുന്നുകൾ സന്നിധാനത്തെ ആശുപത്രിയിൽ ലഭ്യമാണ്.

18 ബെഡ്, അഞ്ച് ഐ.സി.യു, മൂന്ന് വെന്‍റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ സന്നിധാനം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷൻ, ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി. എന്നിങ്ങനെ സ്‌പെഷലിസ്റ്റുകളടക്കം 10 ഡോക്‌ടർമാർ സേവനത്തിനുണ്ട്. ആറ് സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പടെ നാൽപതോളം ആരോഗ്യപ്രവർത്തകരുമായി 24 മണിക്കൂർ സേവനമാണ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്.

ABOUT THE AUTHOR

...view details