പാലക്കാട്:ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. പല്ലാവൂർ മാന്തോണി വീട്ടിൽ മുകേഷിനെ (35) തമിഴ്‌നാട് അവിനാശിയിൽ നിന്നാണ് അറസ്റ്റുചെയ്‌തത്. കോട്ടായി സി.ഐ കെ.സി വിനുവും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
പെരിങ്ങോട്ടുകുറുശി ചൂലനൂർ കൊഴുക്കുള്ളിപ്പടി വീട്ടിൽ മണി (53), ഭാര്യ സുശീല (50), മകൾ രേഷ്‌മ (25), മകൻ ഇന്ദ്രജിത്ത് (22) എന്നിവരെയാണ് മുകേഷ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഏപ്രിൽ 14ന് പുലർച്ചെ രണ്ടിനാണ് ആക്രമണം നടന്നത്. മുകേഷ് പ്രേമാഭ്യർഥന നടത്തിയപ്പോൾ രേഷ്‌മ എതിർത്തിരുന്നു. വിവാഹം ചെയ്‌തുതരണമെന്ന് യുവതിയുടെ വീട്ടുകാരോടും പറഞ്ഞു.
നീക്കം വീടിന് തീയിട്ട്:രേഷ്‌മയുടെ അമ്മ സുശീലയുടെ സഹോദരി കമലകുമാരിയുടെ മകനാണ് മുകേഷ്. സഹോദരബന്ധമായതിനാൽ വീട്ടുകാർ എതിർത്തു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. അടുക്കള ഭാഗത്ത് പെട്രോളൊഴിച്ച് തീയിട്ടശേഷം വീടിന്‍റെ മുന്നിൽ പടക്കമെറിഞ്ഞു.
അടുക്കള ഭാഗത്ത് തീ കത്തുന്നത് കണ്ട് വീടിന് പുറത്തേക്ക് വന്ന മണിയെ ആദ്യം വെട്ടിവീഴ്‌ത്തി. പിറകേ വന്ന മറ്റ് മൂന്നുപേരെയും വെട്ടി. മണിയുടെ കഴുത്തിലും സുശീലയുടെ ചുമലിലും വെട്ടേറ്റു. രേഷ്‌മയുടെ വലതുകൈയിലെ നാലുവിരലും ഇന്ദ്രജിത്തിന്‍റെ വലതുകൈയിലെ രണ്ടുവിരലും അറ്റുപോയി.
രേഷ്‌മയും ഇന്ദ്രജിത്തും രണ്ടു മാസത്തോളം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രേഷ്‌മ ബെംഗളൂരുവിൽ റെയിൽവേ പൊലീസാണ്. സംഭവത്തിനുശേഷം മുകേഷ് മുംബൈയില്‍ സഹോദരന്‍റെ വീട്ടിലെത്തുകയുണ്ടായി. എന്നാൽ, സഹോദരൻ കൈവിട്ടതിനാൽ അവിനാശിയിലെത്തി വർക്ക്ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഈ സമയം പ്രദേശവാസികൾ പ്രതിഷേധിച്ചു. പാലക്കാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പൊലീസ് സംഘത്തില്‍ എസ്.സി.പി.ഒമാരായ സി സ്നേഹല ദാസൻ, ബി പ്രശാന്ത്, വി വിനോദ്, സി.പി.ഒ ടി സജീഷ്, എ.എസ്.ഐ എസ് അനിത എന്നിവരും ഉണ്ടായിരുന്നു.