കേരളം

kerala

എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നു

By

Published : Feb 15, 2020, 11:50 PM IST

നിലവിലെ എം.എസ്.എഫ് നേത്യത്വവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രണ്ട് തട്ടിലായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്

Controversy over MSF office election  എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നു
എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നു

മലപ്പുറം:മലപ്പുറം ജില്ലാ എംഎസ്എഫ് പ്രസിഡന്‍റ് റിയാസ് പുല്‍പ്പറ്റയെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സസ്‌പെൻഡ് ചെയ്‌ത വിവാദത്തിന് പിന്നാലെ ജില്ലാ കമ്മിറ്റിയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ലീഗ് വനിതാ നേതാവും രംഗത്തെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയെ ലീഗ് ബ്രാഹ്മണന്മാർ എന്ന് വിശേഷിപ്പിച്ചായിരുന്നു മുൻ ഹരിത സംസ്ഥാന വൈസ് പ്രസിഡന്‍റും സംസ്ഥാന കമ്മിറ്റി അംഗവുമായ ഹഫ്‌സമോളുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഷഹീൻ ബാഗ് ഒരുക്കേണ്ടത് ലീഗ് നേതാക്കളുടെ വീട്ട് മുറ്റത്താണ്. പാർട്ടിയിലെ നേതാക്കൾ മാടമ്പികൾ ആയി മാറി. സ്‌തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമാണ് പാർട്ടിയിൽ സ്ഥാനമെന്നും പോസ്റ്റിൽ വിമർശിക്കുന്നു. ഇതാദ്യമായാണ് ലീഗിനകത്തെ ആഭ്യന്തര തർക്കം പരസ്യമായി പുറത്ത് വരുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് റിയാസ് പുൽപ്പറ്റയെ ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി സസ്‌പെൻഡ് ചെയ്‌തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. എം.എസ്.എഫ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗ്‌ ജില്ലാ കമ്മിറ്റിയുടെ നടപടി.

നിലവിലെ എം.എസ്.എഫ് നേത്യത്വവും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും രണ്ട് തട്ടിലായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഔദ്യോഗിക പക്ഷത്തിനൊപ്പം നില്‍ക്കുന്നയാളാണ് സസ്‌പെന്‍റ് ചെയ്യപ്പെട്ട റിയാസ് പുല്‍പ്പറ്റ. ജില്ലാ ലീഗ് കമ്മിറ്റിക്ക് എം.എസ്.എഫ് പ്രസിഡന്‍റിനെ മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന നേതൃത്വത്തിന് എംഎസ്എഫ് സംസ്ഥാന ഭാരവാഹികൾ പരാതി നല്കുകയും ചെയ്‌തു.

TAGGED:

ABOUT THE AUTHOR

...view details