കേരളം

kerala

ദ റിയല്‍ കേരള സ്റ്റോറി ; ഗീതയ്ക്കും വിഷ്‌ണുവിനും മാംഗല്യം, മുസ്ലിം ലീഗ് നേതൃത്വത്തില്‍ വിവാഹം, കൈപിടിച്ചുകൊടുത്ത് സാദിഖലി തങ്ങള്‍

By

Published : Jul 10, 2023, 6:15 PM IST

ഗീതയുടെയും വിഷ്‌ണുവിന്‍റെയും വിവാഹത്തിന് ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാന്‍ പാണക്കാട് തങ്ങളും ഒപ്പം മുസ്ലിം ലീഗ് പ്രവര്‍ത്തകരും എത്തിയിരുന്നു

panakkad shihab thangal  muslim league  attended marrige at temple  marrige at temple  temple vengara  മതസൗഹാര്‍ദത്തിന്‍റെ മാതൃക  ക്ഷേത്രമുറ്റത്ത് വിവാഹിതരായ  പാണക്കാട് തങ്ങളും ലീഗ് പ്രവര്‍ത്തകരും  മുസ്ലീം ലീഗ്  ഗീത വിഷ്‌ണു വിവാഹം  കോഴിക്കോട്  പി കെ കുഞ്ഞാലിക്കുട്ടി  കോഴിക്കോട്
ക്ഷേത്രമുറ്റത്ത് വിവാഹിതരായ നവദമ്പതിമാര്‍ക്ക് കൈപിടിച്ചു കൊടുക്കാന്‍ പാണക്കാട് തങ്ങളും ലീഗ് പ്രവര്‍ത്തകരും

ക്ഷേത്രമുറ്റത്ത് വിവാഹിതരായ നവദമ്പതിമാര്‍ക്ക് കൈപിടിച്ചു കൊടുക്കാന്‍ പാണക്കാട് തങ്ങളും ലീഗ് പ്രവര്‍ത്തകരും

കോഴിക്കോട് : കേരളത്തിന്‍റെ മതേതര പാരമ്പര്യം മുറുകെപ്പിടിക്കുന്ന ഒരു വിവാഹത്തിനാണ് വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രമുറ്റം കഴിഞ്ഞദിവസം സാക്ഷിയായത്. വര്‍ഷങ്ങളായി വേങ്ങര ഷോര്‍ട്ട് സ്‌റ്റേ ഹോമില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനി ഗീതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് കോഴിക്കോട് സ്വദേശി വിഷ്‌ണുവാണ്. ഇവരുടെ വിവാഹത്തിന് ക്ഷേത്രമുറ്റത്ത് കൈപിടിച്ച് കൊടുക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും ഒപ്പം മുസ്ലിം ലീഗ് പ്രവര്‍ത്തകരും എത്തിയിരുന്നു.

ഒപ്പം കാഴ്ചക്കാരായി നാട്ടുകാരും വിവാഹ വേദിയിലെത്തിയിരുന്നു. കണ്ടുനില്‍ക്കുന്ന ജനങ്ങളുടെ മനസ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ക്ഷേത്രമുറ്റത്ത് നടന്നത്. ഒറ്റപ്പെട്ട് പോവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എം ഇ ട്രസ്‌റ്റിന് കീഴിലുള്ള റോസ് മനാര്‍ ഷെല്‍ട്ടര്‍ ഹോം.

ഇവിടുത്തെ താമസക്കാരനാണ് വിവാഹിതനായ യുവാവ്. റോസ് മനാറിലെ അന്തേവാസികള്‍ക്ക് കഴിഞ്ഞ ആറ് വര്‍ഷമായി ഭക്ഷണം നല്‍കുന്നത് വേങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. സ്വന്തമെന്ന് പറയാന്‍ ആരും തന്നെ ഇല്ലാത്ത ഇവിടുത്തെ അന്തേവാസികളായ പെണ്‍കുട്ടികളുടെ വിവാഹം സാധാരണയായി നാട്ടുകാര്‍ തന്നെയാണ് ഏറ്റെടുത്ത് നടത്താറുള്ളത്.

ജാതിയോ മതമോ നോക്കാതെയുള്ള വിവാഹം:വിവാഹത്തിന് ക്ഷണക്കത്ത് അടിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഏര്‍പ്പെടാറുണ്ട്. ജാതിയോ മതമോ നോക്കാതെ എല്ലാ ആളുകളെയും വിവാഹച്ചടങ്ങുകള്‍ക്ക് ക്ഷണിക്കാറുണ്ട്.

വിപുലമായ രീതിയില്‍ തന്നെയാണ് വിവാഹങ്ങള്‍ ആഘോഷിക്കാറുള്ളത്. നാട് തന്നെ ഏറ്റെടുത്ത് നടത്തുന്നതിനാലാണ് മറ്റ് വിവാഹങ്ങളില്‍ നിന്ന് ഈ നാട്ടിലെ കല്യാണങ്ങള്‍ വ്യത്യസ്‌തമാകുന്നത്.

സമാനമായ രീതിയില്‍ 2017ലും ഇവിടെ വിവാഹം നടന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയ്‌ക്കൊപ്പവും സഹോദരിക്കൊപ്പവും റോസ് മനാറിലെത്തിയതാണ് ഗീത. സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു. കൂടാതെ, സിപിഎം, കോണ്‍ഗ്രസ് പ്രതിനിധികളും ചടങ്ങിനെത്തി.

ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, മഹല്ല് കമ്മിറ്റി അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയും വിവാഹ സത്കാരത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. വിവാഹത്തെക്കുറിച്ച് പി കെ കുഞ്ഞാലിക്കുട്ടി വിശദമായ കുറിപ്പും ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് : ജീവിതത്തിലെ ധന്യമായ ദിവസങ്ങളില്‍ ഒന്നാണിന്ന്. ഇന്ന് വേങ്ങര ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ അഗതി മന്ദിരത്തിലെ സഹോദരി ഗീതയുടെ കല്യാണ ചടങ്ങുകള്‍ക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോടൊപ്പം സാക്ഷ്യം വഹിക്കുമ്പോള്‍ മനസ് നിറഞ്ഞ ചാരിതാര്‍ഥ്യമായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയോടും സഹോദരിയോടുമൊപ്പം റോസ് മനാറിലെത്തിയ ഗീതയുടെ കല്യാണം ആലോചിച്ചതും, തീരുമാനിച്ചതും,നടത്തിയതുമൊക്കെ വേങ്ങര മനാട്ടിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. പന്തലുയര്‍ന്നത് ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത്.

ക്ഷേത്ര കമ്മിറ്റി എല്ലാറ്റിനും കൂടെ നിന്നു. സ്‌നേഹവും പിന്തുണയുമായി നാടും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ചേര്‍ന്നുനിന്നപ്പോള്‍ സൗഹാര്‍ദത്തിന്‍റെയും നന്മയുടെയും മനോഹരമായ ആവിഷ്‌കാരമായി അത് മാറി - പി കെ കുഞ്ഞാലിക്കുട്ടി കുറിച്ചു.

ABOUT THE AUTHOR

...view details