കേരളം

kerala

'കൊടുത്തത് യൂസഫലിക്ക് കിട്ടിയത് കുഞ്ഞാലിക്കുട്ടിക്ക്': കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.എം.സി.സിയില്‍ ഭിന്നത

By

Published : Jun 20, 2022, 5:46 PM IST

എം.എ യൂസഫലിയെ വിമര്‍ശിച്ച കെ.എം ഷാജിയെ കെ.എം.സി.സി നേതാവ് തിരുത്തിയതിനെ തുടര്‍ന്നാണ് സംഘടനയില്‍ വിഭാഗീയത മറനീക്കിയത്.

ലോക കേരളസഭ വിഷയത്തില്‍ കെഎംസിസിയില്‍ ഭിന്നത  ലോക കേരള സഭയില്‍ എംഎ യൂസഫലിക്കെതിരായ കെഎം ഷാജിയുടെ കുറിപ്പ്  internal conflict in KMCC loka kerala sabha  km shaji against ma yusuf ali stand on loka kerala sabha
ലോക കേരളസഭ: എം.എ യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ കുറിപ്പ്; കെ.എം.സി.സിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം

കോഴിക്കോട്: ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെ വിമര്‍ശിച്ച പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ ഫേസ്‌ബുക്ക് കുറിപ്പില്‍ കെ.എം.സി.സിയില്‍ (കേരള മുസ്‌ലിം കൾച്ചറൽ സെന്‍റര്‍) അഭിപ്രായ ഭിന്നത. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ കെ.എം.സി.സി നേതാവ് തിരുത്തിയതിനെ തുടര്‍ന്നാണ് സംഘടനയില്‍ വിഭാഗീയത മറനീക്കി പുറത്തുവന്നത്. ഷാജിയെ തിരുത്തിയ ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിലിനെതിരെ സംഘടനയിലെ മറ്റ് നേതാക്കള്‍ രംഗത്തെത്തി.

ലോക കേരള സഭയില്‍ കെ.എം.സി.സി നേതാക്കള്‍ പങ്കെടുത്തതില്‍ തന്നെ സംഘടനയില്‍ വിരുദ്ധ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനിടെ എം.എ യൂസഫലിയെ വിമര്‍ശിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിയെ, ഇബ്രാഹിം എളേറ്റില്‍ ലോക കേരള സഭയില്‍ തള്ളിപ്പറഞ്ഞതോടെയാണ് വിവാദം കനത്തത്. ഇബ്രാഹിമിന്‍റെ പ്രസ്‌താവന സംഘടനയുടെ നിലപാടല്ലെന്ന് ദുബായ്‌ കെ.എം.സി.സി വ്യക്തമാക്കി.

'കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാറിനോട് മൃദുസമീപനം':രാജാവിനേക്കാള്‍ വലിയ രാജഭക്തി, കെ.എം.സി.സി ചെലവില്‍ വേണ്ടെന്ന് ദുബായ്‌ കെ.എം.സി.സി നേതാവ് ഇസ്‌മായില്‍ ഏറാമല ഫേസ്ബുക്കില്‍ വ്യക്തമാക്കി. സയ്യിദ് നൗഷാദ് ബാഫഖി തങ്ങള്‍, എന്‍.കെ ഇബ്രഹിം, മുഹമ്മദ് പട്ടാമ്പി തുടങ്ങിയ കെ.എം.സി.സി നേതാക്കളും ഇബ്രഹിം എളേറ്റിലിനെതിരെ രംഗത്തുവന്നു. യു.ഡി.എഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയെ പിന്തുണച്ച് കഴിഞ്ഞ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയ്‌ക്ക് സംസ്ഥാന സര്‍ക്കാറിനോട് മൃദുസമീപനമാണെന്ന വിമര്‍ശനത്തിന്‍റെ തുടര്‍ച്ച തന്നെയാണ് പുതിയ വിവാദവും.

സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ ലോക കേരള സഭയ്ക്ക്‌ എത്തിയത് എന്നായിരുന്നു എം.എ യൂസഫലി വ്യക്തമാക്കിയത്. താമസസൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നും നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ എന്നും യൂസഫലി ചോദിച്ചു. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞിരുന്നു.

യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്താൻ, മോദിയെ തൃപ്‌തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്നവർ ലീഗിനെ വിലയ്‌ക്ക് വാങ്ങാൻ ശ്രമിക്കേണ്ടെന്നായിരുന്നു ഷാജി പറഞ്ഞത്. എന്നാൽ, എം.എ യൂസഫലിയുടെ പേര് ഒരിടത്തും ഷാജി പരാമർശിച്ചിരുന്നില്ല.

കെ.എം ഷാജിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം:''യോഗിയെ നിങ്ങൾക്ക് തൃപ്‌തിപ്പെടുത്തണം. കാരണം, അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്‌തുതി പറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കോ... ബിസിനസുകാർക്ക് പലതും വേണ്ടിവരും.

പക്ഷേ, ലീഗിനെ വിലയ്ക്ക്‌ വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗാണ്. പാവപ്പെട്ടവന്‍റെ കൈയിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മുതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്‌താലും പറയും.

കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാര്?. ഞങ്ങളുടെ നേതാക്കൾ എവിടെ പോകണം, എവിടെ പോകണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയട്ടല്ല. പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്''.

TAGGED:

ABOUT THE AUTHOR

...view details