കോഴിക്കോട്: മെഡിക്കൽ കോളജിൽ കോക്ലിയർ ഇംപ്ലാൻ്റേഷൻ ശസ്ത്രക്രിയ നിർത്തി വെച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ. ശമ്പളം കിട്ടാതായതോടെ രാജിവെച്ച തെറാപ്പിസ്റ്റുകൾക്ക് രണ്ട് മാസത്തെ ശമ്പളം ഉടൻ നൽകും. തെറാപ്പിസ്റ്റുകളുടെ ശമ്പളം ഇന്ന് തന്നെ നൽകാനാണ് നിർദേശം.
വിഷയത്തില്‍ മന്ത്രിയുടെ ഇടപെടലുണ്ടായ സാഹചര്യത്തില്‍ രാജി സമര്‍പ്പിച്ച മൂന്ന് സീനിയര്‍ തെറാപ്പിസ്റ്റുകളും രാജി പിന്‍വലിച്ചേക്കും. ഇതോടെ ഓഗസ്റ്റ് 14ന് ശസ്‌ത്രക്രിയകള്‍ പുനരാരംഭിക്കും. നിലവില്‍ 11 കുട്ടികളാണ് ശസ്‌ത്രക്രിയ പട്ടികയിലുള്ളത്.
അതേസമയം, മന്ത്രിയുടെ ഇടപെടല്‍ ശസ്‌ത്രക്രിയ കാത്തിരുന്നവര്‍ക്ക് ആശ്വാസമാണ്. നേരത്തെ, ശ്രുതി തരംഗം പദ്ധതിയുടെ നടത്തിപ്പ് സാമൂഹ്യ സുരക്ഷ മിഷനിൽ നിന്നും സ്റ്റേറ്റ് ഹെൽത്ത് മിഷൻ ഏറ്റെടുത്തിരുന്നു. ഏപ്രിൽ ഒന്ന് മുതലായിരുന്നു പദ്ധതിയുടെ ചുമതല ഹെൽത്ത് മിഷൻ ഏറ്റെടുത്തത്.
എന്നാല്‍, തെറാപ്പിസ്റ്റുകള്‍ക്ക് കഴിഞ്ഞ ജനുവരി മുതൽ മുടങ്ങിയ ശമ്പളം ഹെൽത്ത് മിഷനും നൽകാൻ തയ്യാറായില്ല. ഇതോടെയാണ്, തെറാപ്പിസ്റ്റുകൾ ജോലി മതിയാക്കിയത്. ശമ്പള പ്രതിസന്ധി കാരണം താമസസ്ഥലത്ത് വാടക നല്‍കാന്‍ പോലും സാധിക്കാതെ വന്നതോടെയായിരുന്നു ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോക്ലിയർ ഇംപ്ലാൻ്റേഷൻ ശസ്ത്രക്രിയ പൂര്‍ണമായും നിര്‍ത്തിവച്ചത്. ശമ്പള പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയില്‍ ശേഷിച്ചിരുന്ന ഒരു തെറാപ്പിസ്റ്റ് കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചു. ഇതോടെയാണ് ശസ്‌ത്രക്രിയകള്‍ മുടങ്ങുമെന്ന വിവരം ആശുപത്രി അധികൃതര്‍ ശസ്‌ത്രക്രിയ കാത്തിരുന്ന കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചത്.
സ്‌പീച്ച് തെറാപ്പി ലഭ്യമാകാത്ത സാഹചര്യത്തില്‍ കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍ ശസ്‌ത്രക്രിയ നടത്തുന്നത് കൊണ്ട് ഫലമുണ്ടാകില്ല. കഴിഞ്ഞ മാസം മെഡിക്കല്‍ കോളജില്‍ വച്ച് ശസ്‌ത്രക്രിയ നടത്തിയ മൂന്ന് കുട്ടികളുടെ ഇംപ്ലാന്‍റുകള്‍ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. നേരത്തെ, ആശുപത്രിയില്‍ ആവശ്യമായ തെറാപ്പിസ്റ്റുകളെ നിയമിക്കണം എന്ന ആവശ്യം ഉന്നയിച്ച് സാമൂഹ്യ സുരക്ഷ മിഷന് മെഡിക്കൽ കോളജ് പലപ്രാവശ്യം കത്ത് സമര്‍പ്പിച്ചിരുന്നെങ്കിലും കൂടുതല്‍ ഇടപെടലൊന്നുമുണ്ടായില്ല.
ഇതോടെയാണ് മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ നീങ്ങിയത്. അതേസമയം, നേരത്തെ ശ്രുതിതരംഗം പദ്ധതിയില്‍ കോക്ലിയർ ഇംപ്ലാന്‍റേഷൻ സർജറിയുമായി ബന്ധപ്പെട്ട് കിട്ടിയ 52 അപേക്ഷകളില്‍ 44 കുട്ടികളുടെ ശസ്ത്രക്രിയ അടിയന്തരമായി നടത്താനുള്ള അംഗീകാരം മന്ത്രി വീണ ജോര്‍ജ് നേരത്തെ നല്‍കിയിരുന്നതാണ്. പരമാവധി കുട്ടികള്‍ക്കും പരിരക്ഷയൊരുക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇടതുമുന്നണി സര്‍ക്കാര്‍ 2010 ജൂലൈ ആറിനായിരുന്നു കോക്ലിയര്‍ ഇംപ്ലാൻ്റേഷൻ 'താലോലം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്. എന്നാല്‍, അതിന് ശേഷം അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആയിരുന്നു 'ശ്രുതിതരംഗം' എന്ന പേരില്‍ പദ്ധതി കൂടുതല്‍ ജനകീയമാക്കിയത്.
Read More :Kozhikode MCH Cochlear Implant | സ്‌പീച്ച് തെറാപ്പിസ്റ്റുകള്‍ ഇല്ല, ശ്രുതിതരംഗം പദ്ധതിയിലെ ശസ്‌ത്രക്രിയകള്‍ മുടങ്ങി