കേരളം

kerala

ഒറിജിനലിനെ വെല്ലും വ്യാജൻ ; കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ടിക്കറ്റ് വ്യാപകമാകുന്നു

By

Published : Apr 21, 2022, 10:41 PM IST

സമ്മാനർഹമായ ഒറിജിനൽ ടിക്കറ്റിൻ്റെ കളർ പ്രിന്‍റ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്

Fake tickets of Kerala State Lottery are spreading  കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ടിക്കറ്റ് വ്യാപകമാകുന്നു  കോഴിക്കോട് ലോട്ടറി തട്ടിപ്പ്  Lottery fraud kozhikode  Kerala State Lottery fake ticket  കേരള സംസ്ഥാന ഭാഗ്യക്കുറി വ്യാജ ടിക്കറ്റ്  ചെങ്ങോട്ട്കാവ് ലോട്ടറി തട്ടിപ്പ്
ഒറിജിനലിനെ വെല്ലും വ്യാജൻ; കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ടിക്കറ്റ് വ്യാപകമാകുന്നു

കോഴിക്കോട് :കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ടിക്കറ്റ് വ്യാപകമാകുന്നു. സമ്മാനാർഹമായ ടിക്കറ്റ് വ്യാജമായി അച്ചടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 1000, 500 രൂപയുടെ സമ്മാന ടിക്കറ്റുകളാണ് പ്രധാനമായും തട്ടിപ്പുകാര്‍ അച്ചടിച്ചിറക്കുന്നത്. കൂടാതെ സമ്മാനർഹമായ ഒറിജിനൽ ടിക്കറ്റിൻ്റെ കളർ പ്രിന്‍റ് ഉപയോഗിച്ചും വഞ്ചന നടക്കുന്നുണ്ട്.

വ്യാജന്മാർ വ്യാപകം :കൊയിലാണ്ടി -ചെങ്ങോട്ട്കാവ് മേൽപ്പാലത്തിനടുത്തുള്ള ബാറിന് മുന്നിൽ വച്ചാണ് ലോട്ടറി കച്ചവടക്കാരനായ അശോകൻ കബളിപ്പിക്കപ്പെട്ടത്. നിർമല്‍ ലോട്ടറിയുടെ ആയിരം രൂപ സമ്മാനമുള്ള രണ്ട് ടിക്കറ്റുമായി ഒരാളെത്തി. പ്രൈസ് ലിസ്റ്റുമായി ഒത്തുനോക്കിയപ്പോൾ നമ്പർ കിറുകൃത്യം (NA 881689 ലെ അവസാന നാലക്കം).

കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ടിക്കറ്റ് വ്യാപകമാകുന്നു

അശോകന്‍റെ പക്കൽനിന്ന് ഏഴ് ടിക്കറ്റെടുത്ത അയാൾ ബാക്കി പണവും വാങ്ങി സ്ഥലം വിട്ടു. ലോട്ടറി മൊത്തക്കച്ചവട കടയിൽ എത്തിയപ്പോഴാണ് സംഗതി വ്യാജനാണെന്ന് മനസിലായത്.

കെണിയിൽപ്പെടുന്നത് ചില്ലറ കച്ചവടക്കാർ :ഒറ്റ നോട്ടത്തിൽ കാണുമ്പോൾ വ്യാജനെ തിരിച്ചറിയാൻ പ്രയാസമാണ്. പിന്നിൽ സീലും ഏജൻ്റ് കോഡും എല്ലാമുണ്ടാകും. ഇതും വ്യാജമാണ്. മൊത്തക്കച്ചവടക്കാരുടെ കമ്പ്യൂട്ടറിലും ചില വ്യാജ ടിക്കറ്റുകൾ റീഡാകുന്നു എന്നതാണ് വലിയ തലവേദന.

ടിക്കറ്റ് ഒറിജനലാണോ വ്യാജനാണോ എന്നറിയാൻ ലോട്ടറി ഓഫിസിനെ സമീപിച്ചാൽ മാത്രമേ സാധിക്കൂ. വ്യാജന്മാർ രംഗപ്രവേശം ചെയ്‌തതോടെ ചില്ലറ ലോട്ടറി കച്ചവടക്കാരാണ് വലയുന്നത്. ചെറിയ സമ്മാനത്തുകയുള്ള ടിക്കറ്റുകൾക്ക് പണം കൊടുക്കുമ്പോൾ അടുത്ത ദിവസത്തെ ടിക്കറ്റും ചെലവാകും എന്നതാണ് ഇവരുടെ ആശ്വാസം.

എന്നാൽ ധൈര്യമായി ഒരു സമ്മാന ടിക്കറ്റും ഏറ്റുവാങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ലോട്ടറി കച്ചവടം ഉപജീവനമാർഗമാക്കിയ നിരവധി കച്ചവടക്കാരാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്. വ്യാജന്‍മാരുടെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് അശോകൻ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details