കേരളം

kerala

ഏക സിവിൽ കോഡ് പ്രക്ഷോഭം : സിപിഎം ക്ഷണിച്ചിട്ടില്ല, വിളിച്ചാല്‍ യുഡിഎഫിൽ ചർച്ച നടത്തി തീരുമാനിക്കും : പിഎംഎ സലാം

By

Published : Jul 7, 2023, 3:03 PM IST

Updated : Jul 7, 2023, 4:01 PM IST

ഏക സിവിൽ കോഡ് വിഷയത്തിൽ ഇഎംഎസിൻ്റെ കാലത്തെ നിലപാടിൽ നിന്ന് സിപിഎമ്മിന് മാറ്റം വന്നിട്ടുണ്ടെന്ന് പിഎംഎ സലാം

പിഎംഎ സലാം  PMA Salam  മുസ്ലീം ലീഗ്  Muslim League  മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം  സിപിഎം  CPM  ഏക സിവിൽ കോഡ്  ഏക സിവിൽ കോഡ്  ഏകീകൃത സിവിൽ കോഡ്  uniform civil code protest
പിഎംഎ സലാം

ഏക സിവിൽ കോഡ് പ്രക്ഷോഭത്തിൽ സിപിഎം ക്ഷണിച്ചിട്ടില്ലെന്ന് പിഎംഎ സലാം

കോഴിക്കോട് :ഏക സിവിൽ കോഡ് വിഷയത്തിൽ ഇഎംഎസിൻ്റെ കാലത്തെ നിലപാടിൽ നിന്ന് സിപിഎമ്മിന് മാറ്റം വന്നിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ആര് തെറ്റ് തിരുത്തിയാലും അത് നല്ല കാര്യമാണ്. യുസിസിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ സിപിഎം ക്ഷണം കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ യുഡിഎഫിൽ ചർച്ച നടത്തിയേ തീരുമാനം എടുക്കുകയുള്ളൂവെന്നും പിഎംഎ സലാം പറഞ്ഞു.

ആരൊക്കെ പങ്കെടുക്കും, അതിൻ്റെ സ്വഭാവം എന്തായിരിക്കും എന്നൊക്കെ പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ. ലീഗ് സെമിനാറിലേക്ക് സിപിഎമ്മിനെ ക്ഷണിക്കുന്നതും യുഡിഎഫിൽ ആലോചിച്ച ശേഷമായിരിക്കും. ഏക സിവിൽ കോഡ് മുന്നോട്ടുവച്ചത് തെരഞ്ഞെടുപ്പ് കാലത്ത് പ്രകോപനം സൃഷ്‌ടിക്കാൻ വേണ്ടിയാണ്.

ഇത് വിഷലിപ്‌ത നയമാണ്. എല്ലാവർക്കുമൊപ്പം ഇതിനെതിരെ സഹകരിക്കുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് പാർട്ടി അച്ചടക്കത്തിന് പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. അധ്യക്ഷനോട് ആലോചിച്ച് എടുക്കുന്നതാണ് പാർട്ടി തീരുമാനങ്ങൾ. അത് ഉത്തരവാദപ്പെട്ടവർ അറിയിക്കും. അതിനപ്പുറം നേതാക്കൾ അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പം ഉണ്ടാക്കാൻ അനുവദിക്കില്ല.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രവർത്തകരും നേതാക്കളും പാർട്ടി നയത്തിന് എതിരായി അഭിപ്രായം പറയാൻ പാടില്ല. പാർട്ടി നേതാക്കൾ നേതൃത്വത്തിന്‍റെ അനുമതി തേടി വേണം പാർട്ടിയുടെ കാര്യങ്ങൾ പറയാൻ. പാർലമെന്‍റിൽ മൂന്ന് സീറ്റ്‌ വേണം എന്ന ആവശ്യം തൃശൂരിൽ സമാപിച്ച സംസ്ഥാന ക്യാമ്പിൽ ഉയർന്നിട്ടില്ലെന്നും സലാം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി : കഴിഞ്ഞ ദിവസം ഏക സിവിൽ കോഡ് വിഷയത്തിൽ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് വിഷയത്തിൽ കോണ്‍ഗ്രസിന്‍റേത് ഒളിച്ചോട്ട തന്ത്രമാണെന്നും കോണ്‍ഗ്രസ് സ്വന്തം നിലപാട് വ്യക്‌തമാക്കാതെ സിപിഎമ്മിനെ അധിക്ഷേപിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ദേശീയ തലത്തിൽ കോൺഗ്രസിന് നിലപാടും നയവുമുണ്ടെങ്കിൽ അതെന്താണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ്‌ നേതാവ് വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്‌തിട്ടുണ്ടെന്നും കോൺഗ്രസിന്‍റെ നിലപാട് ഇതിൽ നിന്നും വ്യത്യസ്‌തമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

രാജ്യത്തിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണിത്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ്‌ മടിക്കുകയാണ്. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി അസാധുവാക്കാൻ കേന്ദ്രം നടപ്പാക്കിയ ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ് ഫലത്തിൽ അനുകൂലിക്കുകയാണ്.

ഭരണഘടന തത്വങ്ങളെ പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനം സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തി. എന്നാൽ ഡൽഹി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസിന്‍റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ഏക സിവിൽ കോഡ് വിഷയത്തിലും വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ്‌ പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞിരുന്നു.

അതേസമയം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപി പ്രഖ്യാപിച്ച ഏകീകൃത സിവില്‍ കോഡില്‍ വര്‍ഗീയ വികാരം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമമെന്ന് കെപിസിസിയും ആരോപിച്ചു. ഏക വ്യക്തി നിയമത്തിന്‍റെ പേരില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഗൂഢ ലക്ഷ്യവുമായാണ് സിപിഎം രംഗത്തെത്തിയതെന്നും കെപിസിസി ആരോപിച്ചിരുന്നു.

Last Updated : Jul 7, 2023, 4:01 PM IST

ABOUT THE AUTHOR

...view details