കേരളം

kerala

ചങ്ങനാശ്ശേരിയിൽ 'ദൃശ്യം മോഡൽ' കൊലപാതകം; യുവാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ

By

Published : Oct 1, 2022, 1:36 PM IST

Updated : Oct 1, 2022, 1:52 PM IST

drishyam model murder in changanassery  drishyam model murder  dead body found buried inside house  dead body found inside house  dead body of missing man found  ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം  ദൃശ്യം മോഡൽ കൊലപാതകം  ചങ്ങനാശ്ശേരി കൊലപാതകം  മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ  യുവാവിന്‍റെ മൃതദേഹം കണ്ടെത്തി  ഡിഎൻഎ പരിശോധന

പൂവം സ്വദേശിയുടെ വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹാവശിഷ്‌ടങ്ങൾ ഒരാഴ്‌ച മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ ആളുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. ഇത് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും.

കോട്ടയം: ചങ്ങനാശ്ശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. പൂവത്ത് വീടിനുള്ളിൽ നിന്നും ചാക്കിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തി. ഒരാഴ്‌ച മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ ആര്യാട് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ ബിന്ദുകുമാറിന്‍റെ (40) മൃതദേഹമാണ് ഇതെന്ന് പൊലീസ് സംശയിക്കുന്നു.

ചങ്ങനാശ്ശേരിയിൽ യുവാവിന്‍റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ

പൂവത്തെ എസി കനാൽ റോഡിനു സമീപത്തെ കോളനിയിലെ ബിന്ദുകുമാറിന്‍റെ സുഹൃത്തായ മുത്തുകുമാറിന്‍റെ വീട്ടിൽ നിന്നാണ് മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ചാക്കിൽ കെട്ടി വീടിനുള്ളിൽ കുഴച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ടവർ ലൊക്കേഷൻ ചങ്ങനാശ്ശേരി ഭാഗത്ത് ആണെന്നും അവസാനം വിളിച്ചത് പൂവം സ്വദേശി മുത്തുകുമാറിനെ ആണെന്നും കണ്ടെത്തി.

ഇയാളുടെ വീട്ടിൽ പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മുത്തുകുമാർ വീട്ടിലുണ്ടായിരുന്നില്ല. പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നതായും തറ കുഴിക്കുകയും കോൺക്രീറ്റ് ചെയ്‌തതായും കണ്ടെത്തി. അതിനിടെ ബിന്ദുകുമാറിന്‍റെ ബൈക്ക് വാകത്താനത്ത് നിന്ന് കണ്ടെത്തി.

ഇതോടെ ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മുത്തുകുമാറിന്‍റെ വീടിനുള്ളിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അടക്കം പൊലീസിന്‍റെ അന്വേഷണ പരിധിയിലെത്തി. തുടർന്ന് വീട് പൊളിച്ച് പരിശോധന നടത്താൻ ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.

ആർഡിഒയുടെ നിർദേശാനുസരണം ചങ്ങനാശ്ശേരി തഹസിൽദാർ സ്ഥലത്ത് എത്തി പരിശോധന നടത്തിയ ശേഷം പൊലീസ് സംഘം വീട് കുഴിച്ചുള്ള പരിശോധന ആരംഭിച്ചു. അര മണിക്കൂറോളം വീട് കുഴിച്ച ശേഷമാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം പുറത്തെടുക്കുക. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. മൃതദേഹം ബിന്ദുകുമാറിന്‍റേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും.

Last Updated :Oct 1, 2022, 1:52 PM IST

ABOUT THE AUTHOR

...view details