മാലിന്യം നിറഞ്ഞ് അഷ്ടമുടി; മൂക്കുപൊത്തി ജനങ്ങൾ
നഗരത്തിലെ ഓടകളില്‍ നിന്നും കെട്ടിട സമുച്ചയങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ പുറന്തള്ളപ്പെടുന്നത് അഷ്ടമുടി കായലിലേയ്ക്കാണ്
കൊല്ലം:കൊല്ലം നഗരത്തിന്‍റെ മാലിന്യ നിക്ഷേപ കേന്ദ്രമായി അഷ്ടമുടിക്കായൽ. വലിപ്പം കൊണ്ട് കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീര്‍ത്തട ആവാസ വ്യവസ്ഥയുമുള്ള കായലിൽ കൊല്ലം നഗരത്തിന്‍റെ മാലിന്യം മുഴുവൻ തള്ളുകയാണ്. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍റിന് സമീപത്തെ കായലോരം വഴി മൂക്ക് പൊത്താതെ സഞ്ചരിക്കാനാവില്ല. നഗരത്തിലെ ഓടകളില്‍ നിന്നും കെട്ടിട സമുച്ചയങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെ പുറന്തള്ളപ്പെടുന്നത് അഷ്ടമുടി കായലിലേയ്ക്കാണ്. ചാക്കിലാക്കി തള്ളിയ ഇറച്ചിക്കോഴി മാലിന്യങ്ങള്‍, ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം,അഴുക്കു ചാലുകൾ, ഒപ്പം ജലാശയത്തിലേക്ക് തുറന്നുവച്ച മാലിന്യ കുഴലുകൾ എന്നവയെല്ലാം നാടിന്‍റെ ജീവനാടിക്ക് ഭീഷണിയാവുകയാണ്.
പരാതികള്‍ ഉയരുമ്പോള്‍ ഉപരിതല മാലിന്യങ്ങള്‍ നീക്കം ചെയ്യുമെന്നത് ഒഴിച്ചാല്‍ മറ്റു നടപടികളൊന്നും ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം. മുപ്പത് വര്‍ഷം മുമ്പുള്ള പഠനത്തില്‍ 97 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെ കായലില്‍ കണ്ടെത്തിയിരുന്നു. അതില്‍ ഏഴിനങ്ങള്‍ ശുദ്ധജലത്തില്‍ വളരുന്നവയാണ്. എന്നാല്‍ ശുദ്ധജലത്തിന്‍റെ ഉറവ ഇല്ലാതായതോടെ ആ ഏഴിനത്തില്‍പ്പെട്ടവ കായലില്‍ നിന്ന് അപ്രത്യക്ഷമാവുകയും ഉപ്പുവെള്ളത്തില്‍ ജീവിക്കുന്ന 19 ഇനങ്ങള്‍ കായലില്‍ പുതുതായി പ്രത്യക്ഷപ്പെടുകയും ചെയ്തു.