കേരളം

kerala

ആദ്യ ശ്രമത്തിൽ തന്നെ റാങ്ക്; സിവിൽ സർവീസിൽ 910-ാം റാങ്ക് നേടിയ കാജലിന് ഇത് സ്വപ്‌ന സാക്ഷാത്‌കാരം

By

Published : May 24, 2023, 6:38 AM IST

സിവിൽ സർവീസിൽ ആദ്യ ശ്രമത്തിൽ തന്നെ 910-ാം റാങ്ക് നേടി കാസർകോട് സ്വദേശിനി കാജൽ മലയാളികൾക്ക് അഭിമാനമായി

plane  സിവിൽ സർവീസ്  കാജൽ രാജു  സിവിൽ സർവീസ് പരീക്ഷ ഫലം  മലയാളി തിളക്കം  ഐ എ എസ്  ias  civil service  kajal raju  civil service result
സിവിൽ സർവീസിൽ 910 -ാം റാങ്ക് നേടിയ കാജൽ

കാസർകോട്: സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ ശ്രമത്തിൽ തന്നെ അഭിമാന നേട്ടവുമായി കാജൽ രാജു. 910-ാം റാങ്ക് നേടിയാണ് കാജൽ കാസർകോടിന്‍റെ അഭിമാനമായത്. നീലേശ്വരത്തെ രാജു-ഷീബ ദമ്പതികളുടെ മകളാണ് കാജൽ. വിജയത്തിൽ ഒരുപാട് സന്തോഷമുണ്ടെന്നും റാങ്ക് മെച്ചപ്പെടുത്തുന്നതിനായി ഒരുശ്രമം കൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കാജൽ പറഞ്ഞു.

ഇന്ന് രാവിലെയാണ് യു പി എസ്‌ സി 2022 ലെ സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചത്. പരീക്ഷ എഴുതിയവരിൽ 933 പേരാണ് വിവിധ വകുപ്പുകളിലായി യോഗ്യത നേടിയത്. കാജലിന്‍റെ എസ് എസ് എൽ സി പഠനം നീലേശ്വരം ഡിവൈൻ പ്രൊവിഡൻസ് സ്‌കൂളിലും പ്ലസ് ടു വിദ്യാഭ്യാസം ഹൊസ്‌ദുർഗ് ജി എച്ച് എസ് എസിലുമായിരുന്നു. ശേഷം മദ്രാസ് ഐഐടിയിൽ നിന്ന് ഇന്‍റഗ്രേറ്റഡ് എംഎ പൂർത്തീകരിച്ചു.

അതിന് ശേഷം സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നു. തിരുവനന്തപുരം ഐ എ എസ് അക്കാദമിയിലായിരുന്നു പഠനം. പെരിന്തൽമണ്ണ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവീസ്‌ അക്കാദമിയിൽ കുറച്ച് കാലം ഇന്‍റർവ്യൂവിൽ പരിശീലനവും നേടി. ഏറ്റവും വിഷമമേറിയ പരീക്ഷകളിലൊന്നാണ് യു പി എസ് സി. ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർ വിരളമാണ്. എന്നാൽ, ആദ്യ പരിശ്രമത്തിൽ തന്നെ ഏവരും കൊതിക്കുന്ന നേട്ടം കൈവരിച്ച കാജലിനെ തേടിയത്തിയത് അഭിനന്ദന പ്രവാഹമാണ്.

Also Read:കോച്ചിങ്ങില്ല, ആറാം റാങ്ക് നേട്ടം സ്വന്തമായി പഠിച്ച്; അഭിമാനമായി ഗഹന നവ്യ ജെയിംസ്

പരീക്ഷ ഫലം പുറത്തുവന്നതിൽ ദേശീയ തലത്തിൽ ഡൽഹി സർവകലാശാല വിദ്യാർഥിയായ ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. ആദ്യ നാല് റാങ്കും വനിതകൾ തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. ആറാം റാങ്ക് നേടിയ കോട്ടയം സ്വദേശിനി ഗഹന നവ്യ ജെയിംസാണ് മലയാളികളിൽ ഒന്നാമത്. പാലാ സെന്‍റ് തോമസ് കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഗഹന അധ്യാപക ദമ്പതികളുടെ മകളാണ്. പരിശീലന കേന്ദ്രത്തിന്‍റെ സഹായമില്ലാതെയാണ് ഗഹന റാങ്ക് നേടിയത്.

വിഎം ആര്യ(36-ാം റാങ്ക്), അനൂപ് ദാസ് (38-ാം റാങ്ക്), എസ്‌ ഗൗതം രാജ് (63-ാം റാങ്ക്) എന്നിവരും മലയാളി തിളക്കത്തിന് മാറ്റുകൂട്ടി. പെരിന്തൽമണ്ണ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവീസ്‌ അക്കാദമിയിൽ നിന്ന് തന്നെ പരിശീലനം നേടിയ വയനാട് സ്വദേശിനി ഷെറിൻ ഷഹാന 913-ാം റാങ്കും കരസ്ഥമാക്കിയിരുന്നു. ഗരിമ ലോഹ്യ, ഉമ ഹരത് എൻ, സ്‌മൃതി മിശ്ര എന്നിവരാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ വനിതകൾ.

Also Read:സിവിൽ സർവീസ് പരീക്ഷാഫലം : ഇഷിത കിഷോറിന് ഒന്നാം റാങ്ക്, ആദ്യ നാല് റാങ്കും പെൺകുട്ടികൾക്ക്

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ